കേവലമൊരു ജൻമവാതിലല്ലിത്,

കാലമാകുമാവനഹൃത്തിൽ

പൂവായി വിടർന്നതിൽ

പൊടിയും വിത്തിൽ നിന്നു-

മിതളായ് വീണ്ടും വീണ്ടും

വിടർന്നു കൊഴിയുന്ന

പുഷ്പസഞ്ചയാരൂഢം.


മന്നിനെ,സ്വർഗ്ഗത്തിനെ,

പാതാളത്തിനെയെല്ലാ-

മൊന്നായി നിവർത്തുമാ

ബ്രഹ്മാണ്ഡതമോഗർത്തം

തന്നിൽനിന്നുയിർക്കുന്ന

ജീവാജീവങ്ങൾക്കെല്ലാ-

മുണ്മയാകുമാ മഹാ

പുഷ്പത്തിൻ പ്രതിരൂപം.


കണ്ടു വിസ്മയംപൂണ്ടു

നിൽക്കയാണനുക്ഷണം

നിർന്നിമേഷനായ് ഞാനീ

വിശ്വത്തിൻ നടയിങ്കൽ.