ഒരു പാത്രം ദേഷ്യം തിളക്കുന്നുണ്ട്

അതു പാകമായി

തണുത്താറുന്നതുവരെ

നീ ഇവിടെ ഇരിക്ക്


വേവുനോക്കണ്ട

നാവു പൊള്ളും

സമയം ഏറെയുണ്ട്

നീയൊന്ന് മയങ്ങൂ

വേണമെങ്കിൽ ഒരു സ്വപ്നവും കാണ്


സ്വപ്നത്തിൽ നിന്ന്

ഞെട്ടിയുണർന്ന ശേഷമേ

അതിലേക്ക് പ്രവേശിക്കാൻ കഴിയൂ


നീയിപ്പോൾ തണുത്താറാൻ

കാത്തിരിക്കുന്ന ഈ നഗരത്തിൽ നിന്ന്

നാം ഏറെ അകലെയാവുമ്പോൾ

ഓർമ്മകളായി നഗരം പുറകിൽ വരും


നോക്ക് , തിരയിളകുന്നതു പോലെ

ഈ പാത്രം തിളയ്ക്കുന്നു

കടലാണോ അതിന്റെ ഓർമ്മകളാണോ

വലുതെന്ന് നമുക്ക് പന്തയം വെക്കാം