നാമിരുവർക്കും മറവി രോഗം വന്നാൽ
ഏറെ പ്രിയമുള്ളതാകാം
ഞാൻ ആദ്യം മറക്കുക
അത് നിന്നെ തന്നെയാവാം
തിരക്കുകൾ ഒഴിഞ്ഞ വിജനമാം
നിൻ ഓർമ വീഥിയിൽ
ഞാനോ പൂത്തു നിന്നേക്കാമന്ന്
പണ്ടത്തേതിലും തീക്ഷ്ണമായ്.
നിന്നെ മറന്ന ഞാനും
എന്നെ മറക്കാത്ത നീയും
എന്നത്തേയും പോലെ അന്നും
പ്രണയത്തിന്റെ പേരിൽ വഴക്കിടും.
എനിക്ക് നിന്റെയോർമ്മ ഒരു വെളുത്ത മന്ദാരമാകും
ഞാനതിൻ ദളങ്ങളെ താലോലിക്കുന്നത്
നിന്നെ അസ്വസ്ഥനാക്കും.
മറവിക്കെന്തു സദാചാരം
എല്ലാം നഗ്നത പോൽ വെളിപ്പെടും നേരം
നീയെന്റെ പേര് ചൊല്ലി വിളിക്കും
എല്ലാരും അമ്പരക്കും
നിനക്ക് തീരെ ഓർമയില്ലാതായെന്നു
അവർ സ്ഥിരീകരിക്കും.
ഞാൻ മന്ദാരത്തെ വെടിഞ്ഞു
മുക്കുറ്റിയിലേക്കും മുല്ലയിലേക്കും
മൂളിപ്പറക്കുമ്പോൾ
നിന്റെ ക്ഷമ നശിക്കും
നിനക്കെന്നെ അടിച്ചു കൊല്ലാൻ തോന്നും.
അടിക്കേണ്ടത് എങ്ങിനെയെന്ന് മറന്ന നീ
വെറുതെ കയ്യോങ്ങി നിൽക്കും.
ഞാൻ പാവം... തീരെ ഓർമ്മയില്ലെന്ന്
നിന്നെ നോക്കി നെടുവീർപ്പിടും.
നമ്മൾ കണ്ടുമുട്ടിയ ഓരോ നിമിഷവും
നീ ഓർക്കും.
എന്റെ നീല സാരി ഓർക്കുന്നുവോ?
എന്ന് ഞാൻ ചോദിച്ചതും
നിങ്ങൾക്ക് ഒന്നും ഓർമയില്ലെന്ന്
പരിഭവിച്ചതും
ജന്മദിനങ്ങൾ പ്രണയദിനങ്ങൾ
ആദ്യമായ് കണ്ടത്, ചുംബിച്ചത്
അങ്ങിനെ ഞാൻ മാത്രം ഓർത്തുവെക്കാറുള്ളവ
എല്ലാമോർത്തു നീ വീർപ്പുമുട്ടും.
എനിക്കെല്ലാം ഓർമ്മയുണ്ട്
എന്ന് നീ വിളിച്ചു കൂവും.
ഞാനപ്പോഴേക്കും
നമ്മുടെ ലോകം പാടെ മറന്നിരിക്കും
തിരിഞ്ഞു നോക്കി നിന്നോട്
പിന്നെ കാണാമെന്നു മന്ദഹസിക്കും.
ഓരോ പൂവിൽ നിന്നും
അടർത്തിയെടുത്ത സുഗന്ധം ഞാൻ
കൈയിൽ ഒതുക്കി പിടിച്ചിട്ടുണ്ടാവും
ഈ ഭൂമിയിൽ ഇനിയൊന്നും
ഓർക്കേണ്ടതായി ഇല്ലെന്നു
എനിക്ക് തോന്നും.
നീ എന്നോട് പോകല്ലേ പോകല്ലേ
ഒന്നോർത്തു നോക്കൂ എന്ന്
ഓരോരോ ഓർമകളും
കുടഞ്ഞു പുറത്തിട്ടു കാണിക്കും.
എനിക്ക് യാതൊരു ഭാവമാറ്റവും
ഇല്ലെന്നു കണ്ട് അലറി വിളിക്കും
തലതല്ലി കരയും.
ഒടുവിൽ എന്നെ ഒന്ന് മറന്നു കിട്ടാൻ
ദൈവത്തോട് അപേക്ഷിക്കും.
നിന്റെ ഓർമ്മകൾ അവൾക്കും
അവളുടെ ഓർമകൾ നിനക്കും തരാൻ
അവളും പ്രാർത്ഥിച്ചിരുന്നു എന്ന്
ദൈവമപ്പോൾ നിന്നോട് പറയും.