പിരിഞ്ഞു പോകാൻ നേരം

മറന്നുപോയ വഴി

അതിനടുത്തെവിടെയോ

കളഞ്ഞുപോയ വീട്

വീട്ടിൽ,

തോരാമഴപോലൊരമ്മ


മറവിയിൽ മഴമുറിച്ചുകടക്കുന്ന ചേമ്പില

വയലിൽ വെയിൽ നനഞ്ഞ്

കറുത്ത കാമുകി

നിനക്കയയ്ക്കാതിപ്പോഴും മനസ്സിൽ

തുപ്പലൊട്ടിച്ചു സൂക്ഷിച്ച കനലുകൾ

കവിതയായ് പൂത്തുലയാത്ത നോവുകൾ

കണ്ടുമുട്ടാതിരിക്കണെയെന്നു നാം

കണ്ടിടങ്ങളിലൊക്കെ കരുതിയോർ


കെട്ടു പോകാത്തൊരൊറ്റ നക്ഷത്രമായ്

കണ്ണിറുക്കി കളിക്കുന്നു ജീവനിൽ

വീടുവിട്ടോടിക്കളഞ്ഞ കാലങ്ങളിൽ

പതിവു തെറ്റാതെ അമ്മിഞ്ഞ പാലുപോൽ

പിൻതുടർനെന്നെ പൊള്ളിച്ച വാക്കുകൾ

വഴിമുടക്കി കിടക്കുന്നു വീട്ടിലെക്കിനിയുമെത്താത്ത

ഏകാന്ത യാത്രകൾ

ഇടയിലെപ്പോഴോ ഒരു മുളംകാടിൻ

മധുര ഗീതമായ് നീ വിളിക്കുന്നു

വരികയില്ല ഞാൻ തിരികെ സ്നേഹിതേ

വഴി മറന്നൊരാൾ മറവിയാകുന്നു.