"നാരി ഭരച്ചിടം നാരകം നട്ടിടം"

പഴ മൊഴിയിലെ പ്രാസം നന്ന്


ആശയങ്ങൾ വിശ്വാസങ്ങളായി

കൂട്ടിയിണക്കുന്ന തന്ത്രം

പരിണാമത്തിൽ

ദുരന്തമാകാറുണ്ട്


പുരയ്ക്കു മേലേക്കരുത്

രണ്ടിന്റെയും വളർച്ച


പലകുറി മുള്ളുകൊണ്ട്

കുപ്പായം കീറിയതും

തലമുടി കൊളുത്തി

വേദനിച്ചതും

വെട്ടുകത്തി മൂർച്ചയിൽ

തിളങ്ങി...


ഓങ്ങിയടുത്തപ്പോൾ

നിറയെ തളിരിട്ട

പച്ചപ്പിൽ വെളുത്ത പൂക്കൾ!


മുറ്റത്തുന്നൊന്നു നോക്കി

ചുറ്റിലും വളർന്ന

ഇരു നില വീടുകൾ ഫ്ലാറ്റുകൾ


ഇത്തിരി ജീവശ്വാസം

തരുമീ ചെടിക്കിനി

പുരയോളം വളരാനാവില്ല


നാരിയുടെ കാര്യമാണ് കഷ്ടം.