എന്റെ അമ്മാമ്മ

കൈതോലപ്പായ നെയ്യുമായിരുന്നൂ.


ആരുമറിയാതെ,

ഉച്ചക്കാനം നേരത്ത്

കൂർക്കംവലികളുടെ താളമളന്ന്,

ഞങ്ങൾ പുറപ്പെടും.


തയ് വളപ്പ് കടന്ന്,

കശുമാങ്ങ ചപ്പിയ 

നരിച്ചീരുകളെ കലമ്പി,

വിളക്കിന്റന്ന് വഴക്കിട്ട 

അലീമയുടെ മുറ്റത്ത്

ആരുമറിയാതെ അരക്കാൽ കുത്തി,

ഞങ്ങൾ തോട്ടുവക്കത്തേക്കിറങ്ങും.


തോട്ടിലേയ്ക്കൂർന്നിറങ്ങാൻ

ഒരു കൈ സഹായം,

ഇറമ്പിലെ കട്ടുറുമ്പിൻകൂടിനെപ്പറ്റി

ഒരു മുന്നറിയിപ്പ്: ഇതെന്റെ പണി.


ഒറ്റമുണ്ടിലൊളിച്ച കൊയ്ത്തരിവാള്

മൂർച്ചയേറിയ ഒരു രഹസ്യം പോലെ

ഒരുഞൊടി മാത്രം വെളിപ്പെടും.


മുള്ളരഞ്ഞാണം അണിഞ്ഞ സുന്ദരികൾക്ക്

ഒരൊറ്റ അരിവാൾ വീശിന്റെ സ്പർശം മതി

ശാപമോക്ഷം കിട്ടാൻ.


വിരലിൽ പാഞ്ഞു കയറുന്ന കൈതമുള്ളിന്‌ 

ഒരൊറ്റ വിലക്ക് മന്ത്രം മതി

വഴിതെറ്റി, പൊഴിഞ്ഞു വീഴാൻ.


കാഴ്ച കാണാൻ വന്ന നീർക്കോലിമക്കൾക്ക്

കത്തുന്ന ഒരൊറ്റ നോട്ടം മതി

ദിക്ക് തെറ്റി, പിടഞ്ഞുവീഴാൻ.


കൂട്ടിക്കെട്ടി, കുരുക്കിട്ട് മുറുക്കി, വലിച്ചിഴച്ചു,

വടക്കേ ചരുമുറിയിലെത്തിക്കുമ്പോഴേക്കും

കാപ്പി പാർന്നുതുടങ്ങിയിട്ടുണ്ടാകും.


ഉടുത്തതിന്റെ അടിഭാഗം ഒലുമ്പി, ചെളികളഞ്ഞ്,

ഒന്നുമറിയാത്തവരെപ്പോലെ, ഉറക്കം നടിച്ച്,

ഞങ്ങൾ അകായിലെത്തും.


എത്ര ഒളിപ്പിച്ചാലും, അടക്കമില്ലാതെ

ഒഴുകി തുളുമ്പുന്ന കൈതപ്പൂമണം 

ഞങ്ങളെ ഒറ്റിക്കൊടുക്കും.


'അമ്മയെന്തിനിങ്ങനെ...'  

ചോദ്യക്കോലുകൾ കാപ്പിക്കുള്ളിൽ കലക്കി

ചക്കരപോലെ ചിരിക്കും, അമ്മാമ്മ.


മുള്ളു കോതുമ്പോൾ രാമായണം,

വെയിലത്ത് വാട്ടുമ്പോൾ കുമ്മിപ്പാട്ട്,

നീട്ടിയുഴിയുമ്പോൾ ചൂണ്ടാണിവിരൽ മുറിവ്

ഇതൊക്കെയെന്റെ സ്വകാര്യ അഹങ്കാരം...


അനിയനെ എണ്ണ തേച്ചുകിടത്താൻ

അരികില്ലാത്ത തടുക്കുപായ,

പടിഞ്ഞാപുറത്ത് ഉച്ചയുറക്കത്തിന്

കണ്ണോട്ടയില്ലാത്ത കുഞ്ഞിപ്പായ,

പാറക്കളം കൊയ്ത നെല്ലുണക്കാൻ

വലിപ്പത്തിലൊരു ചിക്കുപായ..

എല്ലാം പതിവു തെറ്റാതെ, 

അനുസരണയോടെ

പിറന്നുവീണു, 

കൊല്ലം തോറും.


അമ്മാമ്മ പോയിട്ട്

ഇരുപതാണ്ട്...

'നിന്റെ കൊച്ചിനുള്ളത്' എന്ന് ആശിപ്പിച്ച

കുഞ്ഞിപ്പായ, ചിതലു തിന്നു പോയി.


ഓർത്തൊന്ന് കണ്ണടച്ചാൽ

പ്രപഞ്ചം മുഴുവൻ ഒഴുകിപ്പരക്കുന്ന

കൈതപ്പൂമണം മാത്രം

ബാക്കി.