കുട്ടിക്കാലത്ത് കേട്ട,

ഒരു കിളിയുടെ 

ശബ്ദം

വർഷങ്ങൾക്കു ശേഷം

ഞാനിന്ന്

വീണ്ടും കേട്ടു...!


അന്നു കേട്ട 

അതേ പോലെ

ആ ശബ്ദം

എന്നെ കേൾപ്പിക്കാൻ

പ്രകൃതി 

നിശ്ചലമായി

നിൽക്കുന്നതായി 

എനിക്കു തോന്നി...!!!


എനിക്കെന്റെ

മരിച്ചു പോയ 

അമ്മയെ

പെട്ടന്ന്

എന്നത്തേക്കാൾ

ഓർമ വന്നു...!


അമ്മയുടെ 

ഒക്കത്തിരുന്ന്

ഹോമിയോ 

ഡോക്ടറുടെയടുത്ത് പോയത്...

വയ്യാത്ത അമ്മ

എന്റെ ഭാരത്താൽ കിതച്ചത്...!


അമ്മ 

വെളു വെളുത്ത

ഗുളികകൾ

വായിൽ വെച്ചു തരുന്നത്...

ഞാൻ 

ഇനിയുമിനിയും

വേണമെന്നു പറഞ്ഞു

വാശി പിടിക്കുന്നത്...


വഴിയരികിൽ

വിൽക്കാൻ വെച്ച

പാവക്ക് കരഞ്ഞത്...


അമ്മ പഞ്ഞിൽ 

വറുത്ത് തരുന്നത്...


ഒരു ശബ്ദം കൊണ്ട്

ആ കിളി 

എന്തെല്ലാം ഓർമിപ്പിക്കുന്നു...!?


കാറ്റും മിന്നലും 

മഴയും വരുമ്പോൾ

ജനലിൽ കർട്ടനാക്കുന്ന

നീലയിൽ

വെള്ളപ്പുള്ളിയുള്ള 

അമ്മയുടെ സാരി...

തണുത്ത രാത്രികൾ...!


ഉച്ചക്ക്,

പാവാടക്ക് മുകളിൽ

തോർത്ത് മുണ്ടുടുത്ത്

അമ്മ തിരുമ്പുന്നത്

ഓർമ്മ വരുന്നു...

അമ്മ

കല്ലിൽ

അടിച്ചു തിരുമ്പുന്നതിന്റെ

ശബ്ദം...

അതിന്റെ

പ്രതിദ്ധ്വനി...!


അമ്മ 

മാന്തൾ 

മുളകിട്ടു വെക്കുന്ന കറിച്ചട്ടി...


ചെമ്മീനും

കത്തിച്ചൂടയും

മുരിച്ചു വറുത്തു തരുന്ന

ചീഞ്ചട്ടി...

ഞങ്ങൾ

അവസാനം

ചോറിട്ടു കുഴക്കുന്ന

അതിന്റെ മണം...!


പാത്രം കഴുകുന്ന 

വെണ്ണീർ ചാക്ക്...


ചുറ്റിലും മുളച്ച 

മുളക്,തക്കാളി,

പയർ പൊടിപ്പുകൾ...


എന്നോ വീണ

ഒരോല മടലിന്റെ ശബ്ദം...!


അലക്കുമ്പോളും

ഇടിക്കുമ്പോളും ഉണ്ടാക്കുന്ന 

ശ്...ശ്...ശ്...ശബ്ദം...!


കിളികൾ പറക്കുന്നത്

ആകാശത്തിലൂടെയല്ല...

കാലങ്ങളിലൂടെയാണ്...!


ഇനി എന്ന് വരും

ഓർമകളെ

ഉണർത്താൻ

ഞാൻ കാണാത്ത 

പേരറിയാത്ത കിളി...?!