അച്ഛൻ പറഞ്ഞുതന്നൊരു ഓർമ്മയുണ്ട്. 

വളരെ മുൻപ്, ഗായത്രി എന്ന അഴകൊഴുകുംപേരുള്ള ഞ‍ങ്ങളുടെ പുഴയുടെ ഒാരത്തു കണ്ടൊരു ഒാർമ. 

മഹാകവി പി. കുഞ്ഞിരാമൻ നായർ അക്കാലത്ത് ഞങ്ങളുടെ നാട്ടിലായിരുന്നു താമസം. കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു കവി. 

ഇപ്പോഴത്തെ പോലെയല്ല. പുഴയിൽ മണലുണ്ടായിരുന്ന കാലം. വൈകുന്നേരങ്ങളിൽ അച്ഛനും കൂട്ടുകാരും ആ മണൽതിട്ടയിൽ പോയിരിക്കാറുണ്ട് . ചില നേരത്ത്, കവിയും ആ പുഴത്തിട്ടിൽ ഉണ്ടാവും. ഒറ്റയ്ക്കിരുന്ന്, ചായുന്ന സൂര്യനെ നോക്കി അദ്ദേഹം കവിത എഴുതുകയാവും. 

ഒരു കവിക്കു മാത്രം കാണാൻ പറ്റുന്ന, ചായാൻ പറ്റുന്ന, നോവാൻ പറ്റുന്ന, സന്ധ്യയിലിരുന്ന് സ്വസ്ഥനായി കവിതയെഴുതുന്ന മഹാകവി അച്ഛന്റെ ചങ്ങാതിക്കൂട്ടത്തിന്റെ ഇഷ്ടകാഴ്ചയായിരുന്നു . സ്വാഭാവികം! 

പക്ഷേ, ആ കാഴ്ചയിൽ അതു മാത്രമായിരുന്നില്ലല്ലോ.. 

എഴുതിക്കൊണ്ടിരിക്കുന്ന കവിയിൽനിന്ന് കവിത കവരാൻ പുഴക്കാറ്റ് കാത്തിരിക്കുമായിരുന്നു. എന്നിട്ടോ? എഴുതിത്തീർന്ന കവിതത്താള് കാറ്റിൽ പറന്നുപോവുന്നതു വെറുതെയൊന്നു നോക്കി, അതു തിരിച്ചുപിടിക്കാൻ നോക്കാതെ, അടുത്ത കടലാസെടുത്ത് എഴുതിത്തുടങ്ങുമായിരുന്നു വത്രേ, പി. 

അപ്പുറത്ത് കവിതാക്കമ്പക്കാരൻ കാറ്റ് പിന്നെയും കാത്തുനിൽക്കുകയും കവി എഴുതുകയും കവിത പറന്നുപോവുകയും ഇതിനിടയിലെപ്പോഴോ മൂവന്തിയാവുകയും … 


എന്തൊരു പാഠമാണ് അച്ഛന്റെ ആ കണ്ടോർമ എനിക്കു തന്നത്! 

എഴുതിത്തീർന്ന കവിത എന്റേതല്ലെന്നും  

അതാർക്കു വേണ്ടിയാണെന്ന് അറിയുകപോലും വേണ്ടെന്നും 

എഴുതുന്ന നേരമാണ് യഥാർഥ കവിതയെന്നും  

കവിതയെഴുതുമ്പോൾ വായനക്കാരനെയോ കാവ്യോൽസവങ്ങളെയോ പുരസ്കാരങ്ങളെയോ ഒന്നുമല്ല, അപാരതയെയാണ് മുന്നിൽകാണേണ്ടതെന്നും .. 

അങ്ങനെയെന്തൊക്കെയോ കാവ്യപാഠങ്ങൾ. 


എഴുതുന്നതല്ല കവിത, അഥവാ എഴുതുന്നതു മാത്രമല്ല കവിത എന്നും പിന്നീട് എനിക്കു തോന്നി. അതൊരു ജീവിതരീതിയാണ്. 

ശ്വസിക്കുന്നതിലും പാടുന്നതിലും പ്രണയിക്കുന്നതിലും ചുമ്മാ ഇരിക്കുന്നതിലും മരിക്കുന്നതിൽപോലും കൊണ്ടുവരാവുന്നൊരു ജീവിതവീക്ഷണം! 

മുന്നിൽ അപാരതയെക്കൂടി സങ്കൽപ്പിക്കാനാവുമെങ്കിൽ , നിങ്ങൾ എത്ര സുന്ദരകവിത ! 


ഈ കവിതാദിനം ഇങ്ങനെ പോകട്ടെ.