നമ്മുടെ വീട്ടിലെ

ഇഷ്ടികയും, വെട്ടുകല്ലും

നിവർന്നു നില്ക്കുന്നത്

എത്രാമത്തെ ഗുണന പട്ടികയിലാണ്

കല്ലുകളുടെ, ചുവപ്പിനെ

ചാന്തു തേച്ച് മറച്ചു പിടിച്ചത്

അതിനുള്ളിലെ, അക്കങ്ങളെ

കൊല്ലാനായിരുന്നോ?


അക്കങ്ങൾക്കപ്പുറത്ത്

തന്നിഷ്ടം പോലെ, സഞ്ചരിച്ച പൂജ്യങ്ങളെ

അനന്തതയിലേക്കിറക്കി കിടത്തി

കണക്കിൽ തോറ്റവരുടെ

മേൽവിലാസം മറന്നു പോകുമ്പോൾ

സിമന്റിനുളളിൽ, ശ്വാസം മുട്ടിയ

അടിത്തറയുടെ കരിങ്കല്ലുകൾ

ഉയരത്തേ കീഴടക്കുന്നത്

എത്ര ആഴത്തിലാണു്.


നമ്മുടെ വീട്ടിലെ ഓരോ ക്രമനമ്പരും

സ്വരചേർച്ചയില്ലാത്ത മുഖങ്ങളാകുന്നു.

ശേഷിച്ച ഭാഗ പത്രത്തിലെ

നനവുള്ള ഓർമ്മപ്പെടുത്തലിൽ

മണ്ണിലാഴ്ന്ന കാല്പ്പാദങ്ങൾ

ഉറപ്പിച്ചെടുത്ത്

നമ്മൾ, നാലു വഴികളാകുമ്പോൾ

നമ്മുടെ വീടുകൾ

ദുർബലമായ കണ്ണികളാകുന്നത്

സമ്പന്നതയുടെ നടുവിലോടുന്ന

വാഹനത്തിലാണ്.


പെരുപ്പിച്ച ഭിന്ന സംഖ്യയിൽ

ഗണിത ശാസ്ത്രത്തിലൊരിക്കലും -

കൂട്ടിമുട്ടാത്ത സമാന്തരങ്ങളിൽ

അക്കങ്ങളില്ലാത്ത, ഇണകളായി

പതിനെട്ടാമത്തെ വാടക വീടിന്

നമ്മളിന്നു് കാവലിരിക്കുന്നു.