ജേതാവിന്റെ ചിരി

കണ്ണുകളിൽനിന്ന്

കാഴ്ച കുത്തിപ്പൊട്ടിക്കുന്നു

ചെടികളിൽ നിന്ന്

കേൾവി മോഷ്ടിക്കുന്നു.

കോടതിയിലെ നീതി

വേദപുസ്തകങ്ങളിലൊളിപ്പിക്കുന്നു.


ജേതാവിന്റെ ചിരി

മൺകലങ്ങൾ ഓട്ടപ്പെടുത്തുന്നു

അടുക്കളക്കാരിയുടെ

ഗർഭം അലസിപ്പിക്കുന്നു.

ജേതാവിന്റെ ചിരി

നാട്ടരചന്റെ

ധർമാർത്ഥകാമമോക്ഷങ്ങൾക്ക്

കാവൽ നിൽക്കുന്നു.

ചുടുകാറ്റായി വേനലിനും

പേമാരിയായി മഴക്കാലത്തിനും

കട്ടിയുള്ള മഞ്ഞായി ശീതകാലത്തിനും

തുണ പോകുന്നു.


ജേതാവിന്റെ ചിരി

നെൻമണി കൊറിയ്ക്കുന്ന പക്ഷികളേയും

നീരുറവയിലെത്തുന്ന മൃഗങ്ങളേയും

വേട്ടയാടുന്നു.

പൂക്കളിൽ തേനില്ലാതാക്കുന്നു.

വൃക്ഷങ്ങളിൽ ഇലയില്ലാതാക്കുന്നു.


ഒടുവിൽ

ജേതാവിന്റെ ചിരി

ജേതാവിന്റെ ചിരിയെ വിഴുങ്ങുന്നു.