ഈയിടെയായി,
ചില്ലു ജാലകത്തിനു പുറത്ത്
ഒരു പിറാവ്,
ഉള്ളിലേക്ക് നോക്കിയിരിക്കാറുണ്ട്.
കണ്ണാടിയിൽ,
ഞാൻ എന്നോടെന്നപോലെയാ,
പതിവുനേരത്തെയതിഥി
ചിലതൊക്കെ മിണ്ടിയും പറഞ്ഞും
മുന്നിലുണ്ടാവും.
ഒടുക്കം, കുറുകലിനു
ചെവിയോർക്കാതെ തിരിയുന്ന
എന്നെയോർത്തു
ചുരുങ്ങിയ പക്ഷങ്ങൾ മെല്ലെ വീശി
താഴോട്ടു മറയും.
പിന്നെയൊരിക്കൽ
ഒട്ടുമേ തിരക്കില്ലാത്ത വെയിലിലൂടെ
ഗതി അറിഞ്ഞു
കരുതി നീങ്ങാനായുമ്പോൾ,
എന്റെ അശ്രദ്ധയുടെ
ചക്രം തിരിഞ്ഞു, പൊട്ടിയ ശബ്ദമായി
ചൂടിൽ കമിഴ്ന്നതും
കണ്ണും കാലും നിറവുമൊത്ത
മറ്റൊരു പറവ.
മോഹമോരോന്നിനും
മുന്നിൽ, ഭ്രമമരുതെന്നു നിത്യം
മുറ്റത്തിരുന്നു
കൊക്കു കൊണ്ടു വട്ടമിട്ട ഒരു കിളി ആയിരുന്നു അത്.
മടുത്ത ശ്രമങ്ങളെ
മടങ്ങുന്ന ചിറകുകൾ കൊണ്ടും,
മറികടന്ന വരകളെ
പുതപ്പിക്കുന്ന കരുതലറ്റു പടർന്ന
രക്തപടത്താലും
ഒരു ജീവിതം, ഉപസംഹരിക്കുമ്പോൾ
ഒരാളെയുള്ളൂവതിൽ,
പക്ഷി രൂപത്തിലും ഞാനായും.
അവനവൻ.