കല്ലെറിഞ്ഞോടിച്ചാലും

പിറകെ വാലാട്ടുവാ-

നല്ലാതെ പ്രണയത്തിൻ

ചാവാലിനായ്ക്കെന്താവും?


നിൻവ്രണം നക്കിത്തോർത്തി

നിൻമുറിവിന്മേൽ മുത്തി

നിന്റെ വീടിനുചുറ്റും

കാലുവെന്തുവെന്തോടി


നീ തുടലഴിച്ചിട്ടും

ഓടാമ്പലടച്ചിട്ടും

നിന്റെയുമ്മറത്തതു

പാറാവു തുടരുന്നൂ


തന്മുതുകത്തു നിന്റെ

തല്ലെത്ര പതിഞ്ഞാലും

ജന്മവാസനയുടെ

വാൽ വീണ്ടും വളയുന്നൂ


നിന്റെ കൈ തലോടുവാൻ

ചെല്ലുമെന്നോർത്തോർത്ത് അതിൻ-

കണ്ണുകൾ ദയനീയം

കലങ്ങി നിറയുന്നൂ


തന്നുടൽത്തിരസ്ക്കാരം

താങ്ങാതാത്തലച്ചോറിൽ

കന്നിമാസങ്ങൾ വന്ന്

കാവടിയെടുക്കുന്നൂ


കോപവും നിരാശയും

കലർന്ന കുരയ്ക്കുള്ളിൽ

പേപിടിപ്പിയ്ക്കും

വിഷമെന്നു നീ വിധിയ്ക്കുമ്പോൾ,


വാഴ്ത്തുപാട്ടുകൾ പാടി

നിന്നെയുത്തേജിപ്പിയ്ക്കും

കൂട്ടുകാരുടെ കൈകൊ-

ണ്ടാ പ്രാണനൊടുങ്ങുമ്പോൾ,


നിന്ദ തൻകനൽകൊണ്ട്-

പൊള്ളിയ തുടൽപ്പാടിൽ

നന്ദികെട്ടവളെന്ന്

നിന്റെ പേർ തെളിയുന്നൂ..