എനിക്കെന്തൊരു സുഖാണ്...

ഉമ്മ പെറ്റു

ഒത്താച്ചി മുടികളഞ്ഞു

വല്ലിമ്മ തീറ്റി

ടീച്ചര്‍മാരും മാഷമ്മാരുംകൂടി

മാറിമാറി പഠിപ്പിച്ചു

ബാപ്പ കെട്ടിച്ചു

കെട്ട്യോന്‍ പുലര്‍ത്തി


എനിക്കെന്തൊരു സുഖാണ്...


പത്തിരി പൊറോട്ട കല്‍ത്തപ്പം

തേങ്ങാച്ചോറ് നെയ്‌ച്ചോറ് ബിരിയാണി

കല്യാണം സല്‍ക്കാരം പള്ളകാണല്‍

കുഞ്ഞോളേ ഖല്‍ബേ ഉമ്മച്ച്യേ


എനിക്കെന്തൊരു സുഖാണ്...


ഊരാന്‍ മറന്ന മൈലാഞ്ചി

ചുവന്നുചുവന്നു കറുത്തപ്പോഴാണറിഞ്ഞത്

തണല്‍കൊണ്ട് വിയര്‍ത്തുപോയെന്ന്

ഇരുന്നും കിടന്നും കാല്‍ കടഞ്ഞെന്ന്

തിന്നുതടിച്ച് ഉള്ളുമെലിഞ്ഞെന്ന്

തണുത്തുതണുത്ത് വാക്കിലെ കനല്‍

കെട്ടുപോയെന്ന്


അതിനാലിവിടെ വന്നു

ഇത്തിരിനേരം

വെയില്‍കൊള്ളാമെന്നുവച്ചു

കനല്‍ നിറച്ചു മടങ്ങാമെന്നും


എനിക്കെന്തൊരു സുഖാണ്...

ഭയങ്കര സുഖം!

..

Find more from this author in our archive >>>