ഓരോന്നിങ്ങനെ ചിന്തിക്കയാണ്. ഒരു ആവശ്യമില്ലെങ്കില്‍ കൂടി തന്നെ വെറുതെയിങ്ങനെ കിടക്കുമ്പോള്‍ മനസ്സില്‍ കടന്നു വരുന്നു ചില ചിതറിയ ചിത്രങ്ങള്‍. ഞാനാലോചിക്കുന്നത് ഇങ്ങനെ എഴുതുന്നത്

എന്തിനുവേണ്ടിയെന്നതിനെ കുറിച്ചാണ്. എന്തെങ്കിലും കാര്യമുണ്ടോ ഒരു കാര്യവുമില്ല. പിന്നെ ഒരു കാര്യവുമില്ലാതെ എന്തിനിങ്ങനെ എഴുതുന്നു എന്ന ചോദ്യത്തിന് വ്യക്തമായി ഒരുത്തരവുമില്ല എന്‍റെ പക്കല്‍. ചില ചിന്തകള്‍ പകര്‍ത്തുമ്പോള്‍ മനസ്സിനൊരു ആശ്വാസം ലഭിക്കുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. എഴുതിയില്ലെങ്കില്‍ ഹൃദയത്തില്‍ വലിയ ഭാരം കയറ്റിവച്ചതുപോലെ. ഒരു ചുഴലി കാറ്റ് വട്ടമിട്ടു പറക്കുന്നതുപോലെ. എഴുതി കഴിഞ്ഞാല്‍ ഒരു ശാന്തത തോന്നുന്നുണ്ട് . മനസ്സിനകത്തു വല്ലാത്തൊരു ആശ്വാസവുമുണ്ട്.

അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ മുതല്‍ കഥകളൊക്കെ വായിക്കാന്‍ തുടങ്ങിയത് ആരും കാണാതെയായിരുന്നു .പഠിക്കാനുള്ളത് വായിച്ചു നോക്കാതെ കഥയും കളിയുമായി നടക്കുമ്പോള്‍ വീട്ടിലുള്ളവരുടെ വഴക്കും ചീത്തയും ചിലപ്പോഴൊക്കെ തുടയില്‍ പുളിവാറലുകൊണ്ടുള്ള അടിയും കിട്ടി.

അവരെ കുറ്റം പറയുവാന്‍ പറ്റുമോ?

എഴുതുന്നതും കുത്തികുറിക്കുന്നതും പഠനകാര്യങ്ങളല്ലേയെന്നറിയാന്‍ മുറിയില്‍ ഇടയ്ക്കിടെ വന്നും പോയും എത്തിനോക്കിയും ശ്രദ്ധയോടെയിരിക്കുകയാണ് വീട്ടിലുള്ളവര്‍ .

വീട്ടിലുള്ളവരൊക്കെ വളരെയധികം വായിക്കുന്നവരായിരുന്നു .പക്ഷേ കുട്ടികള്‍ പഠനകാര്യത്തില്‍ ശ്രദ്ധയില്ലാതെ കഥാപുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ പരീക്ഷയില്‍ തോറ്റുപോകുമെന്നുള്ള ഭയമായിരിക്കാം ഇവയൊന്നും പ്രോത്സാഹിപ്പിക്കാതിരുന്നെന്ന് ഇന്നെനിക്ക് ബോധ്യമാവുന്നുമുണ്ട് .


രാത്രി മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ വെട്ടത്തില്‍ പഠിക്കുകയാണെന്ന നാട്യത്തില്‍ വായിച്ചത് വായനശാലയില്‍ നിന്നും വീട്ടില്‍ കൊണ്ടുവച്ച കഥകളും നോവലുകളുമായിരുന്നു. ആരും കാണാതെയാണ് വായന. പിടിക്കപ്പെട്ടാല്‍ ശാസനയ്ക്കപ്പുറമുള്ള ശിക്ഷകളെ ഭയന്ന് പുസ്തകം ഇരുന്നഭാഗത്തു ഒരനക്കംപോലുമില്ലാതെ തിരികെകൊണ്ടുവയ്ക്കും . പലതും മുഴുവന്‍ വായിക്കും മുന്‍പേ അടുത്ത ദിവസം വായിക്കാമെന്നോര്‍ത്തിരിക്കുമ്പോള്‍ അത് അപ്രത്യക്ഷമായി മറ്റൊന്ന് എത്തിയിട്ടുണ്ടാകും .പലകഥകളും അതുകൊണ്ട് സസ്പെന്‍സില്‍ കലാശിച്ചു.

വീട്ടില്‍ മുതിര്‍ന്നവരുടെ വായനകഴിഞ്ഞുകാണും .അതുകൊണ്ടാണ് മറ്റൊന്ന് പ്രത്യക്ഷമാകുന്നത് . ഹൈസ്ക്കൂളിലെത്തിയപ്പോഴേയ്ക്കും വായന വര്‍ദ്ധിച്ചതേയുള്ളു . മധ്യവേനലവധിയില്‍ വായനാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല . അതുകൊണ്ട് ഒരു സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു .ധൈര്യപൂര്‍വ്വം പറയാം വായിച്ചുകഴിഞ്ഞ് നാളെ കൊടുത്താല്‍ പോരെ എന്‍റെ വായന കഴിഞ്ഞിട്ടില്ലാ എന്നൊക്കെ .

ഒ .ചന്തുമേനോനും , സി,വി, കുഞ്ഞുരാമനും, സി വി രാമന്‍പിള്ളയും , കാരൂര്‍ നീലകണ്ഠപിള്ള , എം .പി .ഭട്ടതിരിപ്പാട് , നാലപ്പാട്ട് നാരായണമേനോന്‍, ഈ .വി.കൃഷ്ണപ്പിള്ള, നന്തനാര്‍, തകഴി, എസ് .കെ .പൊറ്റെക്കാട്, ഉണ്ണികൃഷ്ണന്‍ പുതൂര്‍, എം.ടി , മാധവിക്കുട്ടി , ബഷീര്‍ , തകഴി, പി,കേശവദേവ്, ഒ.വി .വിജയന്‍ , കോവിലന്‍ ,വി .കെ .എന്‍ , വിലാസിനി , ഉറൂബ് ,മുകുന്ദന്‍ ,സി .രാധാകൃഷ്ണന്‍ ,പുനത്തില്‍ കുഞ്ഞബ്ദുള്ള , ടി .പത്മനാഭന്‍ , പി.കെ .ബാലകൃഷ്ണന്‍, പി .നരേന്ദ്രനാഥ് , ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി , രാജലക്ഷ്മി, ലളിതാംബികാന്തര്‍ജ്ജനം , കെ.ബി .ശ്രീദേവി , എസ് .കെ .മാരാര്‍ , സാറാതോമാസ്, കാക്കനാടന്‍ , ഏകലവ്യന്‍ , പാറപ്പുറത്ത് , ചെറുകാട്, വി,.എ.എ.അസീസ്, കാനം , മുട്ടത്തുവര്‍ക്കി ,വേളൂര്‍ കൃഷ്ണന്‍ കുട്ടി, കോട്ടയം പുഷ്പനാഥ് , തോമാസ് .ടി .അമ്പാട്ട് മോപ്പസാങ്ങ് , പ്രേംചന്ദ് , ഡി .ജയകാന്തന്‍ , ദുര്‍ഖപ്രസാദ് ഖത്രി , താരാശങ്കര്‍ ബാനര്‍ജി ,

ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, ഇടപ്പള്ളി ,അക്കിത്തം ,പാലാനാരായണന്‍ നായര്‍ എന്നീ സാഹിത്യ പ്രതിഭകള്‍ എന്നില്‍ വായനയുടെ വസന്തമാണ് തീര്‍ത്തത് . തോപ്പില്‍ഭാസി , എസ് .എല്‍ .പുരം സദാനന്ദന്‍ ,

സി.എല്‍ .ജോസ്, എന്‍ .ഗോവിന്ദന്‍കുട്ടി , തീക്കോടിയന്‍ , കെ.ടി .മുഹമ്മദ് , എന്‍ .എന്‍.പിള്ള , വാസുപ്രദീപ് തുടങ്ങിയ നാടകകൃത്തുക്കളുടെ നാടകങ്ങളും വായിക്കാനായി .

പതിനാറാം വയസ്സില്‍ തന്നെ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനാവാന്‍ കഴിഞ്ഞപ്പോള്‍ പുസ്തകങ്ങള്‍ വായിക്കാനൊരു എളുപ്പമാര്‍ഗ്ഗവും തെളിയുകയായിരുന്നു .

വായനശാല വൈകുന്നേരമേ തുറക്കേണ്ടതുള്ളു അഞ്ചരമുതല്‍ ആറരവരെ . പത്താം ക്ളാസിനുശേഷം കോളേജില്‍ ചേര്‍ത്താന്‍ വീട്ടില്‍ പണമുണ്ടായിരുന്നില്ല .അതുകൊണ്ട് ടൈപ്പ്റൈറ്റിംഗും ഷോര്‍ട്ട് ഹാന്‍റും പഠിക്കാനാണ് വിട്ടത് .എന്‍റെ നിര്‍ബന്ധം സഹികെട്ട് അമ്മ താലിമാല പണയം വച്ച് പിറ്റേകൊല്ലം കോളേജില്‍ ചേര്‍ത്തു . ഷിഫ്റ്റ് സമ്പ്രദായം കാരണം ഉച്ചവരെയെ കോളേജില്‍ ക്ളാസ്സുള്ളു .വരും വഴി ടൈപ്പ്റൈറ്റിംഗും ചുരുക്കെഴുത്തും പഠിക്കും .കുറച്ചു കുട്ടികള്‍ റ്റ്യൂഷന് വന്നിരുന്നു. നാലുമണിമുതല്‍ അഞ്ചര വരെ വീട്ടില്‍ അവര്‍ക്ക് റ്റ്യൂഷന്‍ .മുടക്കദിവസങ്ങളില്‍ റ്റ്യൂഷന് സമയദൈര്‍ഘ്യം കൂട്ടും .അങ്ങിനെയിരിക്കുമ്പോളൊന്നും ഒരു കഥയും മനസ്സിലില്ലായിരുന്നു .

കോളേജ് പഠന കാലത്ത് മാഗസിനിലേയ്ക്ക് ഒരു കഥ വേണമെന്ന് മാഗസിന്‍ എഡിറ്റര്‍ ജോഷി പറഞ്ഞപ്പോള്‍ എന്നോട് കഥവേണമെന്ന് പറയാന്‍ തോന്നിച്ചത് എന്നെ അമ്പരപ്പിച്ചു കളഞ്ഞു .

ഒരു കഥ പോലും ഇത്രയും വായിച്ചിട്ടും ഞാനെഴുതാന്‍ തുടങ്ങിയിരുന്നില്ല .ഞാന്‍ ഒഴിഞ്ഞു മാറിയെങ്കിലും നിര്‍ബന്ധിച്ച് അദ്ദേഹം ഒരുകഥയെഴുതി വാങ്ങിച്ചു .ഒരുപാടു സമയമെടുത്താണ് അന്നതു എഴുതിയതുതന്നെ.അതും ആരും കാണാതെ .ആരെങ്കിലും മുറിയിലെത്തിയാല്‍ ഉടനെ എഴുതിയത് മറച്ചുവയ്ക്കും .ആ കഥ മാഗസിനില്‍ അച്ചടിച്ചു വന്നപ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണുണ്ടായത്. അത് ക്ളാസില്‍ ഒന്നുരണ്ടു വിദ്യാര്‍ത്ഥികളെ കാണിച്ചു അത്രതന്നെ .മിക്സഡുകോളേജായതുകൊണ്ട് പെണ്‍ക്കുട്ടികളെ അഭിമുഖീകരിക്കാന്‍ പ്രയാസമായതുകൊണ്ട് പെണ്‍ക്കുട്ടികളുമായി അകലം പാലിച്ചു. കഥയൊന്നും അവരെ കാണിച്ചുമില്ല. കുറെകാലം സൂക്ഷിച്ചു വച്ച ആ മാഗസിന്‍ ഒടുവില്‍ ചിതലുകള്‍ തിന്നുതീര്‍ത്തൂ .


ദാരിദ്ര്യത്തിന്‍റെ കനല്‍ ചുട്ടുപൊള്ളുമ്പോള്‍ വായനശാലയും റ്റ്യൂഷനും ഒന്നുമാകില്ലെന്നറിഞ്ഞപ്പോള്‍ ഒരു ജൗളികടയില്‍ മാസം 150 രൂപയ്ക്കു കണക്കെഴുത്തുകാരനായി ചെന്നു നിന്നു .രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുമണി വരെ പണിയുണ്ട് .

അതു കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങും മുന്‍പേ നീണ്ടനേരം വായനയ്ക്കു മണ്ണെണ്ണ വിളക്കിനു മുന്നിലിരിക്കുമ്പോഴാണ് വീണ്ടും പൊടിതട്ടികുടഞ്ഞ് കഥ മനസ്സില്‍ വിരിഞ്ഞത് .നാലഞ്ചു ദിവസം കൊണ്ടത് പൂര്‍ത്തിയാക്കി .

കഥ വാരികയിലേയ്ക്ക് അയയ്ക്കുകയെന്ന് പറഞ്ഞത് ആരാണെന്നോര്‍ക്കുന്നില്ല .എന്നാല്‍ കഥ വാരികയില്‍ അച്ചടിച്ചു വന്നത് അറിയുന്നത് വാരിക മുടക്കംവരുത്താതെ വായിച്ചിരുന്ന കടയിലെ ആന്‍റണിച്ചേട്ടന്‍ പറഞ്ഞപ്പോഴാണ് .മാതൃഭൂമിയും മനോരാജ്യം ,കലാകൗമുദി,കേരളശബ്ദം, മനോരമ ,മംഗളം ,സഖി മുതല്‍ എല്ലാ പ്രസിദ്ധീകരണവും വായിച്ചിരുന്ന ആന്‍റണിച്ചേട്ടന്‍

നല്ലൊരു വായനക്കാരനായിരുന്നു .

''എടോ തന്‍റെ കഥയുണ്ടല്ലോ ഇതില്‍ ...നന്നായിട്ടുണ്ട് .ട്ടോ ...''

ഞാനമ്പരന്നു .എന്‍റെ കഥയും അച്ചടി മഷി പുരണ്ടുവെന്നോ .ആന്‍റണിച്ചേട്ടനന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ അക്കഥ വാരികയില്‍ വന്നത് ഞാനൊരിക്കലും അറിയില്ലായിരുന്നു.

ആന്‍റണിച്ചേട്ടന്‍റെ അന്നത്തെ അഭിപ്രായത്തിന്‍റെ വില അവാര്‍ഡിനേക്കാള്‍ വലുതുമായിരുന്നു.

വായിക്കാന്‍ പുസ്തകം വല്ലതുമുണ്ടോ എന്ന് ചോദിച്ച് വീട്ടില്‍ വരുമായിരുന്ന അയല്‍പക്കത്തെ മുഖശ്രീയുള്ള പെണ്‍ക്കുട്ടി ഒരു മഴക്കാലത്ത് കുടയില്‍നിന്നെറിഞ്ഞ മഴത്തുള്ളി എന്നില്‍ കുളിരു കൊള്ളിച്ചതും പുസ്തകം വാങ്ങി എന്‍റെ കഥയും വായിച്ച് മടങ്ങാന്‍ നേരം ''കഥ നന്നായിട്ടുണ്ടെന്നു ''പറഞ്ഞ വാക്കുകളേക്കാള്‍ മീതെ വരില്ല ഒന്നും . കാരണം അത്രയേറെ പുസ്തകങ്ങള്‍ അവളും വായിച്ചുകൂട്ടിയിരുന്നു അന്ന് .

ഒരു ദിവസം പുസ്തകം മടക്കിതരുമ്പോള്‍ അവള്‍ ചുരുട്ടിയ കവറിനുള്ളില്‍ നിന്നും ഒന്നുരണ്ടു കടലാസ്സെനിക്കു നേരെ നീട്ടി . ''ഇതൊന്നു വായിച്ചു നോക്കുമോ ...നന്നായിട്ടൊന്നുമില്ലാട്ടോ ...ഒരു ഭ്രാന്ത് ....,, അവളതെന്നെ ഏല്‍പ്പിച്ചു പോകുമ്പോള്‍ ഞാനതു തുറന്നു നോക്കി

നാലുപായ പേപ്പറുണ്ട് .നീലമഷിയില്‍ മനോഹരമായ കൈപടയില്‍ എഴുതിയിരിക്കുന്നു .

ഒരു ചെറുകഥ

''ലില്ലിപൂക്കള്‍ കൊഴിയുമ്പോള്‍ '' ...

അക്കഥ വായിച്ചുകഴിഞ്ഞപ്പോള്‍ എന്‍റെ പ്രസിദ്ധീകരിച്ച കഥ ഒന്നുമല്ല. അവളുടെ പ്രസിദ്ധീകരിക്കാത്ത കഥയുടെ ഏഴയല്‍പക്കത്ത് എത്തില്ല ഞാനെഴുതിയ കഥ.

അത്രയും മനോഹരമായിട്ടാണ് അവളതെഴുതിയിരിക്കുന്നത് .


എനിക്കെന്‍റെ കഥയെഴുത്തിലേയ്ക്ക് ഇനിയും എത്രയോ ദൂരം സഞ്ചരിക്കാനുണ്ടെന്ന് എന്നെ ഓര്‍മ്മിപ്പിക്കാനായിരിക്കുമോ അവളതെനിക്കു നല്‍കിയതെന്നു എനിക്കു തോന്നിപോയി .

അവളുടെ കഥ നന്നായിട്ടുണ്ടെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ''വെറുതെ നുണയൊന്നും പറയേണ്ടാട്ടോ....കൊള്ളില്ലാല്ലേ '' എന്നു പറഞ്ഞ് അവളതു കീറികളയാന്‍ ഭാവിച്ചു. ''ഏയ് .അത് കീറല്ലേ ....നന്നായി എഴുതീട്ടുണ്ടല്ലോ ...''എന്നു ഞാന്‍ പറഞ്ഞതും .അവള്‍ പറയുകയാണ് .

''ഞാനിത്.....നിങ്ങള്‍ക്കേ...കാണിച്ചിട്ടുള്ളൂ....പിന്നേ...ഇനി....ആരും..വായിക്കണമെന്നില്ല....ഞാന്‍ വേറെയാര്‍ക്കും ...കാണിച്ചു കൊടുക്കാറുമില്ല...''


ഏതെങ്കിലും മാസികയിലേയ്ക്കയയ്ക്കാന്‍ ഞാന്‍ ഒരുപാടു തവണ നിര്‍ബന്ധിച്ചെങ്കിലും അതവള്‍ അനുസരിച്ചുമില്ല . ആ കഥ പിന്നെ എന്തുചെയ്തെന്നറിയുക പോലുമില്ല.

ആ കഥയും കഥാകാരിയും ഇപ്പോള്‍ മനസ്സിലിങ്ങനെ വരാനെന്താണു കാര്യമെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍ .

കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാടാളുകളെ കണ്ട് അവസാനം തൃശ്ശൂര്‍ ഒരു പ്രൈവറ്റ് ജോലി താല്‍ക്കാലികമായി കിട്ടി. ഒരു വൈകുന്നേരം ജോലികഴിഞ്ഞു വീട്ടിലെത്തുമ്പോഴാണ് ആ വാര്‍ത്തകേട്ടത്. വേദനകളുടെ സൂചി ഇത്രയും ആഴത്തിലേയ്ക്കിറങ്ങുമെന്ന് എല്ലാവരേയും മനസ്സിലാക്കികൊടുക്കാന്‍ അവള്‍ ഈ ലോകം വിട്ടുപോയിരിക്കുന്നു....

വര്‍ഷം ഇരുപത്തിയൊമ്പതോ മുപ്പതോ കഴിഞ്ഞിരിക്കുന്നു അവള്‍ മണ്‍മറഞ്ഞിട്ട് .

പെയ്തിറങ്ങിയ കണ്ണുനീരില്‍ കവിത അന്നു തന്നെ കുറിക്കേണ്ടി വന്നു .ഹൃദയവേദന കുറയ്ക്കാനുള്ള ഒരു വഴി അതുമാത്രം .

''ആ തിരി കെട്ടു

അണഞ്ഞുപോയതാണാ കാറ്റില്‍

എണ്ണ വറ്റിയിട്ടല്ല ....''

തെളിഞ്ഞു കത്തിയതാണാ-

തിരിയിത്രനാളുമീ -

മണ്‍ചെരാതിലെന്തൊളിയോടെ !

...........

കവിത ഉണ്ടാക്കുന്നില്ല

കവിത തനിയെ പിറന്നതാണ് ... കഥയുടെയും കവിതയുടേയും ഉറവിടം അന്വേഷിക്കുമ്പോള്‍ ബോദ്ധ്യമാകുന്നതും ജീവിതത്തിലെ ഇത്തരം ചില നിമിഷങ്ങളെയാണ് .....

ഈ കവിത കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മാസികയില്‍ അച്ചടിച്ചു വന്നപ്പോള്‍ സന്തോഷത്തോടൊപ്പം ഹൃദയത്തില്‍ വേദനയും തോന്നിയെന്നതാണ് സത്യം ....