ഓരോ യുദ്ധം തുടങ്ങുമ്പോഴും

വീടിൻറെ എല്ലാ വാതിലുകളും ഞാൻ തുറന്നിടും

ഏറ്റവും നിർജ്ജീവമായ മുഖവുമായി 

കാലം അവയിലൂടെ കടന്ന് വരും. 

 

പിറ്റേന്ന് ഞാൻ പത്രകാരനോട് പറയും 

നമ്മളിനി യുദ്ധം കഴിഞ്ഞിട്ടേ കാണുന്നുള്ളൂ 

പുറത്ത് നിന്നുള്ള വാർത്തകൾ 

അപരിചിതങ്ങളായ വാക്കുകളുടെ പര്യായ പദങ്ങൾ

മരണ ശേഷം അണിയിക്കേണ്ട 

വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും പരസ്യങ്ങൾ

ഇനി അതൊന്നും വേണ്ട.

പകുതിയിൽ നിന്നുപോയ ഒരു മഴ ബാക്കി വച്ച മണം 

നിറഞ്ഞിരിക്കും ഇനി എൻറെ വീട് മുഴുവനും.

കാലം ആ ഗന്ധത്തിനുള്ളിലൂടെ 

വരികയും പോകുകയും ചെയ്യുന്നത് എനിക്ക് കണ്ടേ തീരൂ.


ഇന്നലെ മുഴുവൻ യുദ്ധങ്ങളെ കുറിച്ച് 

മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ.

അതിന് ശേഷം ആ കാണുന്ന വാതിലിലൂടെ 

യുദ്ധങ്ങൾക്ക് ഇരകളായവരുടെ വരവായിരുന്നു.

ഈ വീട്ടിൽ അവരോടൊപ്പം ഞാനും ജീവിക്കുന്നു.


അതൊരു യോദ്ധാവ് 

ദിവസങ്ങളായി താൻ യുദ്ധം ചെയ്യുകയായിരുന്നു എന്നും 

അതിനിടയിൽ താൻ ഉറങ്ങിയിട്ടേയില്ല 

എന്ന് മാത്രമാണ് അയാൾ പറഞ്ഞത്. 

മറ്റെന്തോ കൂടി പറയാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ 

അയാൾ ഉറങ്ങി പോയി.

ഞാനയാളെ എൻറെ കട്ടിലിൽ കിടത്തിയിരിക്കുന്നു.

അയാളുടെ കയ്യിൽ ഒരു വീടിൻറെ മുന്നിൽ 

നിൽക്കുന്ന ഒരു സ്ത്രീയുടേയും മൂന്ന് കുട്ടിയുടേയും

അവർക്കരുകിൽ നിൽക്കുന്ന 

അനേകം താറാവുകളുടേയും ചിത്രമിരിക്കുന്നു.

അതയാൾ ബലമായി പിടിച്ചിരിക്കുന്നു.


അതൊരു ടാക്സി ഡ്രൈവർ

തൻറെ കാർ മുഴുവനും കത്തി തീർന്നത്

എത്ര വേഗതയിൽ ആയിരുന്നു എന്ന് പറയാൻ ശ്രമിക്കുന്നതിനിടക്ക് 

അയാൾ കരയാൻ തുടങ്ങിയതാണ്, ഇപ്പോഴും നിർത്തിയിട്ടില്ല.

ഞാനയാളെ എൻറെ കസ്സേരയിൽ ഇരുത്തിയിരിക്കുന്നു.


അതൊരു ചിത്രകാരി

തൻറെ സ്റ്റുഡിയയോടൊപ്പം താൻ ഭൂമിയിൽ വീണ് 

എത്ര ചീളുകളും കഷ്ണങ്ങളുമായെന്ന്   

പറയുന്നതിനിടക്ക് അവൾ ആ ജനാല കണ്ടു. 

ദാലിയുടെ ‘ആ’ ചിത്രത്തെക്കാളും ഏകാന്തതയിൽ

അവൾ ആ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നു; 

കണ്ണുകൾ തുടച്ചു കൊണ്ട്.


അതൊരു അവിവാഹിതനായ ബാർബർ 

തൻറെ സലൂണിന് എന്ത് പറ്റിയെന്ന് ഇപ്പോഴും അയാൾക്ക് അറിയില്ല 

അത് ഓർമ്മിക്കാൻ അയാൾ നിരന്തരം ശ്രമിക്കുന്നു.

ഞാനയാളോട് അയാളുടെ രക്തം പുരണ്ട ഷിർട്ടിന് പകരം 

അലക്ഷ്യ ബോധങ്ങളായ സമയക്രമങ്ങൾക്ക് വിധേയമായ 

ചുളിവുകൾ ഇല്ലാത്ത, ജീവിച്ചതിൻറെ യാതൊരു പാടുകളും ഇല്ലാത്ത  

എൻറെ ഷർട്ട് ധരിക്കാൻ നിർബന്ധിച്ച് കൊണ്ടേയിരിക്കുന്നു.