കണ്ണീര് കടലിരമ്പം തീർത്ത്

കുഴഞ്ഞു വീഴുന്ന വരാന്തകളിലേക്ക്

നിലയില്ലാതെ വീശുന്ന ഒരു-

ചുടു നിശ്വാസമുണ്ട്.

ജീവിതത്തിനും മരണത്തിനുമിടയ്ക്ക്

ശങ്കിച്ച്, പൊങ്ങിയും താണുമങ്ങിനെ..

പകൽമധ്യേ ക്രൂരമായ് തൊലിയുരിഞ്ഞൊ-

ഒരു പെണ്ണുടൽ.

നൈരാശ്യത്തിന്റെ കയറിൽ

കുരുങ്ങിപ്പോയൊരു കഴുത്ത്.

അനാഥമായൊരു ഹെൽമെറ്റിനെക്കാത്ത്

ചിതറിത്തെറിച്ചൊരു തല.

ഭ്രാന്തു പിടിച്ച പ്രണയം

ആസിഡൊഴുക്കിയ ഒരു-

മുഖവും മൂക്കും.

ഓക്സിജൻ തീർന്ന്

കിതച്ചോടി വന്ന

ഒരു രാജ്യം.

തെളിവ് കിട്ടാതെ

തുറുങ്കിൽ കിടന്ന്

അവശനിലയിലായ

നീതിയും ന്യായവും .

വെള്ളത്തുണി മുഖത്തേക്കിട്ട്

വെന്റിലേറ്റർ ഖബറോളമിടുങ്ങുമ്പോൾ

വരാന്തകൾ മൂകമാകും

സൈറണുകൾ നിലയ്ക്കും

അന്നേരം ,

ഒരോർമപ്പെടുത്തൽ പോലെ

സെക്കന്റു സൂചി മാത്രം

ചിലച്ചു കൊണ്ടിരിക്കും.