ശാന്തമായ മുഖഭാവത്തോടെ അന്നും

പാൻഗോങ് തടാകം ഉണർന്നെഴുന്നേറ്റു.


പെട്ടെന്നൊരുങ്ങേണ്ടതുണ്ട്;

വസന്തകാലത്തെ സ്വാഗതം ചെയ്യേണ്ടതുണ്ട്.


മേപ്പിൾ മരങ്ങളുടെ

ചുവന്നുതുടുത്ത ഇലകളെ

ശരിയായി പ്രതിഫലിപ്പിക്കേണ്ടതുണ്ട്.


ട്യൂലിപ് പുഷ്പങ്ങളിൽ നിന്നുള്ള ഗന്ധവും പേറി

തൻറെ തുറന്ന വക്ഷസ്സിലേക്ക്

നിരന്തരമായടിക്കുന്ന കാറ്റുകളുടെ ഇടവേളകളിൽ

കൂമ്പി മയങ്ങേണ്ടതുണ്ട്.


മഗ്നോലിയപ്പൂക്കളുടെ തേൻ കുടിച്ചു മത്തരായി

തൻറെയാഴങ്ങളിലേക്ക്

ഊർന്നുവീഴുന്ന വണ്ടുകളെ

ശ്വാസം പിടിച്ച് രക്ഷിക്കേണ്ടതുണ്ട്.


പെട്ടെന്നാണ്,

അവളുടെ മനോരാജ്യത്തിൻറെ ഓളങ്ങളെ മുറിച്ചു കൊണ്ട്

സൂര്യവെളിച്ചത്തെയപ്പാടെ മറച്ചുകൊണ്ട്

ബോംബർ വിമാനങ്ങൾ

പ്രത്യക്ഷപ്പെട്ടത്.


പോർവിളികളാൽ താഴ്വര നടുങ്ങി.

ഇരുൾ മൂടിയ തടാകത്തിൽ

നെടുവീർപ്പുകൾ നിറഞ്ഞു.

ആകാശം പൊട്ടിച്ചിതറി.

അവളുടെ മാറിടങ്ങളോ,

ഉരുകാൻ തുടങ്ങി.


അതെ,

വസന്തം മരിച്ചു വീഴുകയായിരുന്നു..

മരവിച്ചു കേഴുകയായിരുന്നു