നഗരമാകെയുണരുന്നതേയുളളൂ

വഴിനിറയെ പ്രഭാത നടപ്പുകാർ

തെരുവരികിലെ ചായമക്കാനിയിൽ

തിളതിളച്ചുവരികയാണിപ്പകൽ

പഴയതാമൊരുസൈക്കിളിൽ രണ്ടുപേർ

എഴുപതു കഴിഞ്ഞുള്ളൊരാണും പെണ്ണും

ധൃതിപിടിയ്ക്കാതിറങ്ങി, കടുംചായ-

മധുരമായൂതിയൂതിക്കുടിയ്ക്കുന്നൂ

കടയിലാകെച്ചലച്ചിത്രഗാനമൊ-

ന്നധികശബ്ദമില്ലാതെ പരക്കുന്നു


അവളെയാദ്യമായ് കാണുന്നപോലയാൾ

തുടരെ, കണ്ണടച്ചില്ലൂടെ നോക്കുന്നു

പുറമെയാണെന്ന ലജ്ജയാലാവണം

തല തിരിച്ചവൾ ,കയ്യിലിരിക്കുന്ന

തൊലിപൊളിയ്ക്കാത്തൊരോറഞ്ചിലേക്കു തൻ 

മിഴിയൊതുക്കി ,ചെറുചിരിയേകുന്നു


സുറുമയിട്ട മിഴിയെക്കുറിച്ചുള്ള

പ്രണയഗാനമൊടുവിലേയ്ക്കെത്തവേ

ചെറിയ ചാറ്റലിൽ ,സൈക്കിളോടിച്ചവർ

നഗരപാത മുറിച്ചു കടക്കുന്നൂ


മുതുവളച്ചു ചവിട്ടുന്നയാൾ, പിന്നിൽ

കരുതലോടെ പിടിച്ചിരിക്കുന്നവൾ

ഇടതുകയ്യിലുണ്ടോറഞ്ച്, മണ്ണിലെ -

പ്രണയമൊന്നായുരുട്ടിയെടുത്തപോൽ