രാവിലത്തെ രൂപകം നടന്നുവന്നു

യാത്രയുടെയും നിശ്ചലത്വത്തിന്‍റെയും

വട്ടംകറങ്ങലിന്റെയും അടയിരിപ്പിന്‍റെയും 

ജാഗ്രതയുടെയും ശ്രദ്ധയില്ലായ്മയുടെയും

നിയന്ത്രിക്കലിന്റെയും കീഴടങ്ങലിന്റെയും

പരാതികള്‍ മുറ്റത്ത് ചൊരിഞ്ഞു, പോയി

പ്രഭാതവെയില്‍ എന്ന രൂപകം വന്നു

പറമ്പില്‍ പക്ഷികള്‍ വരാത്തതിനെ

നിഴലുകള്‍ പിണങ്ങിപ്പോകുന്നതിനെ

പൂക്കള്‍ നിറം പ്രസരിപ്പിക്കാത്തതിനെ

ഉച്ചവെയിലിന്നക്ഷമയെ,പിറുപിറുപ്പിനെ

ഉച്ചിയില്‍ കൈവച്ചുശകാരിച്ചിറങ്ങി

നട്ടുച്ച എന്ന രൂപകം രൂക്ഷമായിവന്നു

നിഴലിനെതിരെ കൈവീശി നിന്നു

വീട് കൈക്കുമ്പിളില്‍ കോരിയെടുത്തു.