സ്വന്തം ഉടലിലേയ്ക്കു നോക്കാതെയാണ്

നൃത്തം പഠിച്ചിട്ടില്ലാത്ത ഒരുവൾ

സ്വയം മറന്ന്

നൃത്തം ചെയ്യാൻ തുടങ്ങിയത്.


അപകർഷതയുടെ മൗനമുറഞ്ഞ

തടാകങ്ങളിൽ നിന്ന്

അരൂപികൾ ഉയർന്നുവന്നു പാടിക്കൊണ്ടേയിരുന്നു.


നൃത്തം മുറുകിയപ്പോൾ

ഒരേ ചലനങ്ങൾ

കണ്ണാടിയിലെന്നപോലെ

പരസ്പരം നോക്കിച്ചിരിക്കുകയും

കാലിലെ ഞരമ്പുകളിൽ അടയാളപ്പെടുകയും

ചെയ്തു കൊണ്ടിരുന്നു.


ചുറ്റിപ്പിടിക്കുന്നേതോ കൈകൾ.

തൂവൽ പോലെ മിനുമിനുത്ത കവിളുകൾ .

ചുരുങ്ങി വിടരുന്നു കണ്ണുകൾ.

ചുണ്ടുകൾ നീളുന്നു,വക്രിക്കുന്നു.


തമ്മിൽ പിണയാനാകാതെ നിഴലുകൾ മരങ്ങൾക്കിടയിൽ നിന്ന്

പിന്മാറുന്നതു കണ്ടാകണം,

എഴാം കടലിന്റെയിരമ്പം

 ഓടി വന്നു കാതിലൊട്ടിയത്.


പ്രാണൻ പ്രത്യക്ഷമാകുന്നു.

കൂമ്പിയ അടരുകൾ വിടരുന്നു

ശാന്തസമുദ്രത്തിലെ ഉപ്പുലായനി

അടിച്ചുകയറുന്നു.


അപകടം പിടിച്ച ഒരു ദ്വീപിലേയ്ക്ക് അവരൊന്നിച്ചു നീന്തിയെത്തുമ്പോൾ

അരുമകളായ 

രണ്ടു പറവകൾ ഇരുട്ടിന്റെ പഴുതിലൂടെ 

രാക്ഷസന്റെ പ്രദേശത്തുനിന്ന് പറന്നുവന്ന്

ചേക്കേറാൻ 

തിടുക്കം കൂട്ടി.


അവർ കരിയിലകൾ പെറുക്കിയെടുത്തു.

കൂടൊരുങ്ങി.