വീട്

ഇന്ന്

ആകെ പൂത്തൊരു

വിദ്യാലയമാണ്.


മുറികളിൽ

നിറയെ കവിതകൾ

ഒരുപിടി കഥകൾ,

വീടിൻ്റെ ഉത്തരത്തിൽ

പെരുക്കപ്പട്ടികകളുടെ കൂട്.


വീടിനു ചുറ്റും

വേഗമളന്ന്

നാലു ചക്രമുള്ള

ഗണിതവണ്ടി കൂകി പായുന്നു.


ചുവന്ന ബക്കറ്റിൽ

മഴക്കോള്,

ഷെൽഫിൽ

ആകാശത്തേക്കുയരാൻ

തയ്യാറായ റോക്കറ്റ്,

പരീക്ഷണത്തിന്റെ

കണ്ണട വെച്ച് ശാസ്ത്രപുസ്തകം.


പേരറിയാ പൂക്കൾ

പാറി വന്ന പാപ്പാത്തികൾ

കൂടണയുന്ന കിളികൾ

കണ്ണുചിമ്മുന്ന കുറുഞ്ഞി പൂച്ച

നിരീക്ഷണപുസ്തകം വളരുന്നു.


പ്ലാവിലതൊപ്പികൾ,

മച്ചിങ്ങ വണ്ടികൾ,

ഓലപ്പമ്പരങ്ങൾ

വീടിനകത്തേക്ക് പ്രകൃതി

വിരുന്നു വരുന്നു.


ചുവരിൽ നിറമുള്ള അക്ഷരമഴ

തറയിൽ കൊഴിഞ്ഞു വീണ

കടലാസുപുക്കൾ .


അച്ഛനിപ്പോൾ

നന്നായി ചിത്രം വരയ്ക്കുന്നു,

അമ്മ നന്നായി

പാട്ടു പാടുന്നു.


ചരിത്രത്തിന്റെ

വിസ്മൃതിയിൽ

ഒരു മാറാപ്പ്

അതിൽ

ഒരു പുള്ളിക്കുട,

ബാഗ്, ചോറ്റുപാത്രം.


ചെമ്പരത്തിക്കോലിൻ്റെ

ചെറുനൊമ്പരമുണ്ടെങ്കിലും

വീടു നിറഞ്ഞു പൂത്ത

വിദ്യാലയമാണിന്ന്.