ആദ്യം പത്രം.

വായിക്കാതെയും ജീവിക്കാമല്ലോ

പിന്നെ പാൽക്കാരൻ.

കുടിക്കാതെയും ജീവിക്കാമല്ലോ

എല്ലാത്തിനും സമാധാനമുണ്ട്

നമ്മൾ വീടിനുള്ളിൽ സുരക്ഷിതരാണല്ലോ.

 

ഒരു മാസത്തേക്കുള്ളത് വാങ്ങിക്കൂട്ടി

അത് മൂന്നുമാസമായിട്ടും തീരുന്നില്ല .

ശരീരം ദണ്ഡിക്കരുത്

ദണ്ഡിച്ചിടത്താണ് രോഗം വരുന്നത്

കിടത്തം രണ്ടു മുറിയിലായി .

കാണാതെയും ജീവിക്കാമല്ലോ

ചേർത്ത് പിടിക്കാതെയും ഉറങ്ങാമല്ലോ

എല്ലാത്തിനും സമാധാനമുണ്ട്

 

തിളയ്ക്കുമ്പോൾ കയ്ക്കുന്നതെല്ലാം

ചേർത്തുണ്ടാക്കിയ വെള്ളം കുടിക്കാൻ,

ഉച്ചയ്ക്കും വൈകിട്ടും

പുളിയുള്ളതെല്ലാം ചേർത്ത് ഭക്ഷിക്കാൻ,

അതിനു മാത്രം ഞങ്ങൾ കണ്ടു മുട്ടി.

 

രണ്ടു ജനാലകളിൽ കൂടി

ലോകം കണ്ടു

രണ്ടു വാതിലുകളിൽ കൂടി

പുറത്തിറങ്ങി.

ജനാലയ്ക്കപ്പുറം

മരങ്ങൾ ചേർന്ന് വളരുന്നു

കാറ്റ്

ഇലകളെ ചേർത്ത് പിടിക്കുന്നു.

പക്ഷികൾ

അവയിൽ ഒച്ചപ്പെടുന്നു.

ഇതെല്ലം നേരത്തെ കണ്ടിട്ടുണ്ടല്ലോ

 

തിരികെ വീടിനുള്ളിൽ

ഒളിവു ജീവിതം നയിക്കുന്ന

രണ്ടു സായുധ വിപ്ലവകാരികളാണ്

തങ്ങളെന്ന് പരസ്പരം ഭാവിക്കും

 

അപ്പോൾ വാർത്ത കാണാതെ

മനുഷ്യർക്ക് ജീവിക്കാനാവില്ല എന്ന് ഉറപ്പിക്കും

സമാധാനം നഷ്ടപ്പെട്ട മനുഷ്യർ

വീടുകളിലേക്ക് നടക്കുന്നു.

അതുവരെ തങ്ങൾക്കുള്ളിൽ

ഒളിവു ജീവിതം ഉപേക്ഷിച്ചിരുന്ന

അവരിൽ ചിലർ വീണു പോകുന്നു.

എന്തിനാണ് മനുഷ്യർ വീടുകളിലേക്ക് പോവുന്നത്.

വീടില്ലാതെയും ജീവിക്കാമല്ലോ.

ഒന്നോ രണ്ടോ മാസത്തെ ഭക്ഷണം

കരുതി വച്ചിരുന്നെങ്കിൽ

വിശന്നു മരിക്കേണ്ടി വരില്ലായിരുന്നല്ലോ.

എല്ലാത്തിനും സമാധാനമുണ്ട്.

 

കൂട്ടത്തിലാവുമ്പോഴാവണം മനുഷ്യർക്ക്

വീടുകളിലേക്ക് പോവണമെന്ന് തോന്നുന്നത്.

ഒറ്റയ്ക്കായ മനുഷ്യർ

ഒളിവു ജീവിതത്തിനിടയ്ക്ക്

നിശ്ശബ്ദരായി വിപ്ലവകാരികളെ പോലെ

മരിച്ചു വീഴും .

വീട് അവരെ ഒരു ഭരണി

ഉപ്പിലിട്ടതിനെ എന്ന കാര്യണ്യത്തോടെ

തന്നിലേക്ക് ചേർത്ത് പിടിക്കും

വീട് ഫോർമാലിനിൽ വച്ച ജഡമെന്ന കണക്ക്

മനുഷ്യർ ബാക്കിയാവുന്ന ഇടമാകും