വരാന്തയിൽ നിന്ന് നോക്കുമ്പോൾ

തെങ്ങോലകൾക്കിടയിൽ കാണുന്നു നീലാകാശം,

അതിലൊരൊറ്റ വെളുത്ത വലിയ മേഘം.

നോക്കിനോക്കി നിൽക്കുമ്പോൾ തോന്നുന്നു

നല്ല കരുണയുള്ള മേഘം.

അറിവുവഴികളിൽ ചിലർ പറഞ്ഞു

കാണുന്നതും കാണുന്നയാളും

ഒന്നുതന്നെ.

ഇപ്പോൾ, തെങ്ങോലയിൽ

ഒരു കൊറ്റി വന്നിരിക്കുന്നു.

ഓലപ്പച്ചയിൽ വെയിലിളക്കം

കൊറ്റിയിൽ വെൺതിളക്കം.

കൊറ്റി നീളൻ കഴുത്ത്

വശങ്ങളിലേക്ക് തിരിച്ചുകളിക്കുന്നു.

പൊടുന്നനെ പറന്നുപോകുന്നു.

കൊറ്റികളുടെ പറക്കൽ കണ്ടു

ബോധം മറഞ്ഞയാളെയോർത്തു.*

ഇപ്പോൾ, തെങ്ങോലകൾക്കിടയിൽ

ആ മേഘമില്ല.

പകരം, ചിതറിയ കുഞ്ഞു മേഘങ്ങൾ.

അവ പതിയെ ഒഴുകുന്നു.

_____________________________

*രാമകൃഷ്ണ പരമഹംസ