എന്നും വൈകുന്നേരം

വീടുവിട്ടിറങ്ങി

ആയൂര്‍ ജംഗ്ഷണി

ലെത്തുമൊരുസന്ധ്യ 

കുളത്തൂപ്പുഴയിലെ 

എണ്ണപ്പനത്തോട്ടങ്ങളിലെ 

ഇരുണ്ട കാറ്റുകളെ 

ദേഹത്തണിഞ്ഞ്

നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ 

നിന്നുകൊണ്ടുവന്ന 

ചോരമണമുള്ളൊരു ചൂരയുടെ

പിന്‍വിളി കേട്ട് , നനഞ്ഞ

കൈവിരലുകളെ നോക്കി

മുന്നോട്ടുഗമിക്കുന്നു

അനന്തപുരിയോ

ഇത്തിക്കരയാറോ 

കൊല്ലമോഎന്ന് 

ടൌണ്‍ സര്‍ക്കിളിലെ

പ്രാദേശികക്കാറ്റ്

കണങ്കാലില്‍ പിടിച്ചു

വലിക്കുമന്നേരം

പതുങ്ങിയകാലത്തില്‍

കൊട്ടാരക്കരയിലേക്ക് 

ഗമിക്കും വേണാട്

അടൂരും പന്തളവും പുനലൂരും 

നെറ്റിയിലൊട്ടിച്ച സൂപ്പര്‍ഫാസ്റ്റ് 

ഒച്ചകളെ വിവര്‍ത്തനം 

ചെയ്തുകൊണ്ടിരിക്കും

ഡീലക്സുകള്‍ കരിപുരണ്ടരേതസ്സൂര്‍ത്ത് 

കടന്നുപൊയ്ക്കൊണ്ടിരിക്കും

കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട എന്ന്

മിടിക്കുന്നു സന്ധ്യാഹൃദയം

ഇനിയും കാണാനിരിക്കുന്ന

വാടിക്കടപ്പുറത്തെ

തിരമാലകളെന്ന പോലെ

സ്റ്റോപ്പിലെ നിഴല്‍ ശരീരങ്ങള്‍ 

അലറുകയും കുറുകുകയും ചെയ്യും

നിശബ്ദരായി നീങ്ങുന്ന

സമയരാശികള്‍ തലയര്‍ത്തും

ആബാലവൃദ്ധംപുരുഷമിഴികളില്‍

അവള്‍ പലവര്‍ണ്ണങ്ങളായി 

പ്രതിഫലിക്കും

അവള്‍ വര്‍ണ്ണങ്ങളെ

ചേര്‍ത്തു നിര്‍ത്തി നാണപ്പെടും

ഒരു കോട്ടയം സൂപ്പര്‍ഫാസ്റ്റ് 

കടന്നുപോകും

പ്രഭാതത്തിന്‍റെ നിറമുള്ള ഒരു കുഞ്ഞ് 

എത്തിനോക്കും

ഉച്ചവെയിലിന്‍റെ ഉടുപ്പണിയിക്കാന്‍  

അവളുടെ കണ്ണുകള്‍ തിടുക്കപ്പെടും

ഒരു മുത്തശ്ശി യാചകിയെപോലെ

വടിയുംകുത്തിബസ്സില്‍ കയറാന്‍നോക്കും

അവരുടെ വസ്ത്രത്തിലെ 

അഴുക്കുജീവിതം കണ്ട് 

പയ്യന്‍മാര്‍ ബാക്ക്ഡോറിലേക്ക്

പിന്‍വലിയും

കൊച്ചുപെങ്കിടാങ്ങള്‍ 

അവരെ തള്ളിമാറ്റി ഉള്ളിലേക്ക് കയറും

പിന്നാലെ പെട്രോള്‍ മണമുള്ളോരു 

ചെറുപ്പക്കാരന്‍ കയറും 

ഒരുകൈയ്യിൽ ഭാവിമനുഷ്യനെയും  

മറുകൈയ്യിൽ ഭൂതകാലചോരപ്പാടുകളും 

പേറി ഒരു യുവതി തൂങ്ങിനില്‍ക്കും

അതുകണ്ട്

കമ്പിക്കും ഡോറിനുമിടയില്‍

എന്നൊരാള്‍ കവിത മെനയും

പുഴയോരത്തെകുറ്റിക്കാട്ടിൽനിന്ന്  

തിരശ്ശീലയിലെ കണ്ണുകള്‍ 

എത്തിനോക്കുമ്പോലെ

ബസ്സിലെ ഇരുട്ടുകള്‍

സ്റ്റോപ്പിലെ വെളിച്ചത്തെ 

എത്തിനോക്കും

ആണും പെണ്ണുമായ ശരീരങള്‍ക്കിടയില്‍ 

സ്വന്തം ലിംഗമേതെന്നറിയാനൊരുവള്‍

സ്റ്റോപ്പിലേക്ക് ശ്വാസം കഴിക്കും   

അന്നേരം പരിസരമെങ്ങും

നെടുവീർപ്പുകള്‍ പ്രവഹിച്ച്

കൊല്ലംവേണാട് വന്നുനില്‍ക്കും

ബസ്സിനകംജനനിബിഡമായിരിക്കും

സന്ധ്യ അരക്കെട്ടിൽ കൈതാങ്ങി നില്‍ക്കും

ഹൃദയം ആറാം കാലത്തിലേക്ക് കുതിക്കും

ഡോർവഴിയിൽ ഒരു കണ്ടക്ടര്‍

കഴുത്തുനീട്ടിനിൽക്കും   

അപ്രതീക്ഷിതമായി മണിമുഴങ്ങും

വാതിൽക്കല്‍

ഉറക്കം തൂങ്ങിനില്‍ക്കുന്നൊരുരാത്രി

റോഡിലേക്ക് തെറിച്ചുവീഴും

സന്ധ്യ നിന്ന നില്‍പ്പില്‍

അപ്രത്യക്ഷമാകും.