പുൽക്കൂട്ടത്തിൽ 

ഉപേക്ഷിക്കപ്പെട്ട 

ആ ഇരുമ്പ് തുണ്ട്

പോകെപ്പോകെ 

അതിന്മേലാകെ തുരുമ്പായി 

  

എന്നും പുൽക്കൂട്ടം 

രാത്രിയെ രാകി രാകി 

വെളുപ്പിക്കുന്ന ഒച്ചയാൽ 

ഉറക്കം നഷ്ടപ്പെട്ട ഇരുമ്പ് 

തന്നെയൊന്ന് വെളുപ്പിക്കാൻ

സ്വയം രാകി നോക്കി 

 

അത് പുല്ലിലുരസി

അത് മണ്ണിലുരസി

അത് കടന്നു പോയ കാറ്റിലും

പെയ്ത് നിറഞ്ഞ മഴയിലും

തിളച്ച് വീണ വേനലിലും

തന്നെത്തന്നെ രാകി നോക്കി

 

രാകി രാകി രാകി രാകി 

രാകി രാകി രാകി രാകി 

രാകി രാകി രാകി രാകി 

രാകി രാകി രാകി രാകി 

രാകി രാകി രാകി രാകി 

രാകി രാകി രാകി രാകി 

 

ഒരു നാൾ അത് തുരുമ്പിൽ നിന്ന് 

വേർപെട്ട്

സ്വയം വെളിപ്പെട്ടു.

 

ആഹ്ലാദചിത്തനായ ഇരുമ്പ്

തനിക്ക് ചുറ്റുമുള്ള പുൽച്ചെടികൾക്കിടയിൽ

നൃത്തം വയ്ക്കാൻ തുടങ്ങി

ഇരുമ്പിന്റെ മൂർച്ചയാൽ

പുൽനാമ്പുകൾ നിലവിളിയോടെ

മുറിഞ്ഞു വീണു

 

ഇരുമ്പിനിപ്പോൾ 

ഒരു നാരങ്ങയെ മുറിയ്ക്കാനാകും 

ഒരു മാട്ടിൻകുട്ടിയെ ബലികൊടുക്കാനാവും 

ഒരു സഹോദരനെ കൊല്ലാനാവും 

ഒരു മരത്തിന്റെ ജീവനെടുക്കാനാവും

ഒരു കൂട്ടം മനുഷ്യരുടെ ചോര വീഴ്ത്താനാകും

 

ഒരുപാട് കാലം 

പലതും ചെയ്‌ത്‌ ചെയ്ത്

ചെയ്തതിനെല്ലാം പഴികേട്ട്

മടുത്ത് മടുത്ത്

ഒരു ദിവസം അത് ഇങ്ങനെ ചിന്തിച്ചു 

 

ഒരു പണിയും ചെയ്യാതെ 

തുരുമ്പാവുന്നതായിരുന്നു 

വെളിപ്പെടുന്നതിനേക്കാൾ സുഖകരം. 

 

തുരുമ്പായിരുന്നെങ്കിൽ

മണ്ണിൽ ലയിച്ചേനെ 

ആ മണ്ണിൽ പുൽനാമ്പുകൾ കുരുത്തേനെ 

അത് രാത്രിയെ രാകി വെളുപ്പിച്ചേനെ

അത് പലയാളിന്റെ ഉറക്കം കളഞ്ഞേനേ

 

സ്വയം വെളിപ്പെടുന്നതിനേക്കാൾ 

എത്ര അനായാസം  

മറ്റൊരാളെ വെളിപ്പെടുത്തൽ