മരിക്കുന്നതിന്റെ തലേന്ന്
കാഫ്ക എന്നെ കാണാനെത്തി.
സൃഷ്ടിച്ച കഥാപാത്രത്തെ പോലെ
ഭീകര രൂപം പൂണ്ട
അയാൾ ചുമച്ചുകൊണ്ടിരുന്നു
ചുമ അടങ്ങിയ നിമിഷം
അയാൾ എനിക്കടുത്തിരുന്നു
കാഫ്ക പറഞ്ഞു തുടങ്ങി
നിങ്ങൾ ഉദ്ദേശിക്കുന്ന
ട്രിഗർ സാംസ ഞാനാണ്
ഒറ്റ ട്രിഗറമർത്തൽ
ട്റിംഗ് ഗ് ഗ് ന്ന് തീയറ്റർ വിടും
കലപിലാന്ന് സ്ക്കൂളും വിടും
ട്രിഗർ വിരൽ വിടില്ല
ഒറ്റ ട്രിഗറമർത്തൽ
ആ കാണുന്ന ഷഢ്പദം
താഴെ വീഴും മുന്നേ പിടയും
ഞാനൊരു പക്ഷിയാകും
പറക്കുന്നവയല്ലെന്റെ പക്ഷികൾ
കാഫ് കാഫ് ഒച്ചയില്ല
പറക്കാനാവാത്ത നടത്തത്തിൽ
ഷഢ്പദമെൻ ചുണ്ടിലാകും
നിങ്ങൾ ഉദ്ദേശിക്കുന്ന
ട്രിഗർ സാംസ ഞാനാണ്
പക്ഷികൾക്ക് ചിറക്
മുളപ്പിക്കാൻ ഷഢ്പദങ്ങളെ
ട്രിഗറമർത്തി വീഴ്ത്തുന്നവൻ
അയാൾ ഇടയ്ക്ക് നിർത്തി
എന്തോ ചിന്തിച്ച ശേഷം തുടർന്നു
നിങ്ങൾ ഉദ്ദേശിക്കുന്ന
ആളല്ല ട്രിഗർ സാംസ
അയാൾ ഞാനല്ല
സാംസയുടെ വിരൽത്തുമ്പിലുള്ള
ട്രിഗർ ഞാനാണ്.
നിങ്ങളിലാരാണ്
ഇന്ന് ഷഢ്പദം ?
എന്റെ ചിറകിന്റെ ഉടമ ?
എന്റെ ആകാശത്തിന്റെ
ട്രിഗർ സ്പർശം ?
മുറിയാകെ നിറഞ്ഞു നിന്ന
അയാൾ കാഞ്ചിയിൽ വിരലമർത്തി
പിറ്റേന്ന് രാവിലെ
കണ്ണാടിയിൽ കണ്ടു
എന്നെ കടന്നു പോയ
മുറിവിന്റെ പാട്
നെറ്റിയിൽ അതെ വലിപ്പത്തിൽ
രക്തം കല്ലിച്ച പാട്
കാഫ്കയുടെ കയ്യൊപ്പ്