മുറ്റത്തു നില്‍ക്കുന്ന കൂറ്റന്‍ പിലാവിന്റെ
കറ്റത്തണലിലുലാത്തിടുമ്പോള്‍
വീണുകിടക്കുന്ന സൗവര്‍ണ്ണശില്പക-
ശ്രേണി പെറുക്കിക്കളിയ്ക്കല്‍ നിര്‍ത്തി
ഓമന ചോദിച്ചാ,"ളെന്തിത്ര കൊച്ചാവാ-
നീ മരത്തിന്റെയിലകളച്ഛാ?"

മുറ്റത്ത് ഒരു കൂറ്റന്‍ പിലാവ്. അതിന്റെ തണലില്‍ ഉലാത്തുകയാണ് കവി. കൊച്ചു മകള്‍ പഴുക്കപ്പിലാവില പെറുക്കി കളിക്കുന്നു. ആ കളിക്കിടയ്ക്ക് അവള്‍ അച്ഛനോട് ഈ വലിയ മരത്തിന്റെ ഇലകള്‍ ഇത്ര ചെറുതാവാന്‍ കാരണമെന്താണെന്ന് ചോദിക്കുന്നു. ഈ ചോദ്യം ഒരു മുള്ളായി കവിഹൃദയത്തില്‍ തറഞ്ഞുകേറി. ശാന്തിയുടെ ഇലകള്‍ക്കിടയില്‍ ഒളിഞ്ഞിരുന്ന അശാന്തിയുടെ ഒരു മുള്ളാണ് അത്. വലിയ വൃക്ഷത്തിന് ചെറിയ ഇല. വലിയ ആനയ്ക്ക് ചെറിയ കണ്ണ് എന്ന പോലെ. പ്രകൃതിയുടെ വൈചിത്ര്യത്തിനു നേരെ കണ്ണുമിഴിച്ച ഒരു കുഞ്ഞിന്റെ ജിജ്ഞാസയാണ് അത്. എന്നാല്‍ വലിയ ഉത്തരങ്ങളെ അസ്ഥിരപ്പെടുത്തുന്ന ചെറിയ ചോദ്യം.

കുഞ്ഞി*പ്പിലാവിലയ്ക്കോമല്‍ പടിക്കലെ
കുഞ്ഞിപ്പിലാവിന്‍ ചുവട്ടിലോളം
ഓടുമ്പോളെന്നുമിച്ചോദ്യത്തിന്‍ മുള്‍മുന
ചാടിക്കടക്കാറുണ്ടായിരിക്കാം.
അച്ഛന്‍ പറഞ്ഞുകൊടുത്തു സകൗതുകം
"അങ്ങനെയാകും വയസ്സാകുമ്പോള്‍."

(*ഇത് 'കഞ്ഞി'പ്പിലാവില എന്നായിരിക്കുമോ? എന്റെ കൈവശമുള്ള പുസ്തകങ്ങളിലെല്ലാം 'കുഞ്ഞി' എന്നുതന്നെ. എന്നാലും ഒരൗചിത്യശ്ശങ്ക)

കഞ്ഞികുടിക്കാന്‍ പച്ചപ്ലാവില വേണം. മുറ്റത്തെ മുത്തന്‍പ്ലാവില്‍നിന്ന് കൊഴിയുന്ന പഴുക്കപ്ലാവില പോര. പടിയ്ക്കലുള്ള കുഞ്ഞിപ്ലാവിന്റെ ശാഖയില്‍നിന്ന് പ്ലാവില പൊട്ടിക്കാന്‍ ഓടുന്നതിനിടയിലാകും അവള്‍ക്കുള്ളില്‍ ഈ ചോദ്യം തലപൊക്കിയത്. പക്ഷെ അപ്പോഴൊക്കെ വഴിയില്‍ കിടക്കുന്ന മുള്ളിനെ ചാടിക്കടന്നു പോകുന്നതുപോലെ അവള്‍ ആ ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറിപ്പോയി. കഞ്ഞികുടിക്കാന്‍ വിശന്നോടുന്ന കുഞ്ഞിന് ആത്മാവിന്റെ വിശപ്പല്ലല്ലോ പ്രധാനം. അത് അച്ഛന്‍ പറയട്ടെ എന്ന് അവള്‍ ആ മുള്ള് അച്ഛനു നേരെ തൊടുത്തതാവാം. "അങ്ങനെയാകും വയസ്സാകുമ്പോള്‍" എന്നൊരൊഴുക്കന്‍ ഉത്തരം പറഞ്ഞ് കവിയും തത്കാലത്തേക്ക് ഒഴിഞ്ഞുമാറുകയാണ്. പക്ഷെ ആ ചോദ്യമുള്ള് കവിയുടെ ഉള്ളു നോവിപ്പിച്ചുകൊണ്ടിരുന്നു

തെറ്റോ ശരിയോ പറഞ്ഞ,തെന്തിന്നു ഞാന്‍
കുട്ടിയോടങ്ങനെ തീര്‍ത്തുരച്ചൂ?
സംതൃപ്തിയേലാതെഴുത്തുമുറിയില്‍ ഞാന്‍
അന്തിക്കിരിക്കുകയായിരുന്നു
മാമല പോലെ മഹാസമുദ്രം പോലെ
മാഹാത്മ്യമുറ്റൊരു സൃഷ്ടി ചെയ്യാന്‍
മോഹിച്ചിട്ടെന്തേ കുറച്ചീരടിക,ളെന്‍
മോഘശ്രമങ്ങള്‍, കിടന്നു മുന്നില്‍!

താന്‍ കൊടുത്ത ഉത്തരം ശരിയോ തെറ്റോ? പ്ലാവിന് വയസ്സേറിയതുകൊണ്ടാണോ ഇല ചെറുതായത്? തനിക്കുതന്നെ ഉറപ്പില്ലാത്ത ഒരു കാര്യം കുഞ്ഞിനോട് തീര്‍ത്തുരച്ചതില്‍ കവിക്ക് ആത്മനിന്ദ തോന്നി. തേടേണ്ട കുഞ്ഞുങ്ങളെ തീര്‍പ്പുകൊണ്ട് മുതിര്‍ന്നവര്‍ വഴിതടയുന്നതും ശരിയല്ലല്ലോ. തന്റെ തീര്‍പ്പിനേക്കാള്‍ അവര്‍ തേടിക്കണ്ടുപിടിക്കയല്ലേ വേണ്ടത്? നീയെന്തായ് തീരണം, ആ മുകുളം നിന്നിലേനിന്നു വിടര്‍ന്നിടട്ടെ എന്ന് ആശംസിച്ച കവിയല്ലേ? തന്റെ മറുപടി കുഞ്ഞിനെ തൃപ്തിപ്പെടുത്തിയോ? ഏതായാലും തന്നെ തൃപ്തിപ്പെടുത്തിയില്ല. അസംതൃപ്തമനസ്സോടെയാണ് കവി എഴുത്തുമുറിയില്‍ കവിത കുറിക്കാനിരിക്കുന്നത്. വലിയ സൃഷ്ടികള്‍ വിരചിക്കണമെന്നുണ്ട്. പക്ഷെ സാധിക്കുന്നില്ല. എഴുതിയത് കുറച്ച് ഈരടികള്‍ മാത്രം. അതും വിഫലശ്രമങ്ങള്‍. പ്രായം കൊണ്ട് താന്‍ ഷഷ്ഠിപൂര്‍ത്തി പിന്നിട്ടിരിക്കുന്നു. വലിയ കവിയെന്നു പേരുണ്ട്. പക്ഷെ എഴുതുന്നത് ചെറിയ ഈരടികള്‍. 'അങ്ങനെയാകും വസസ്സാകുമ്പോള്‍' എന്നത് തന്നെക്കുറിച്ചുതന്നെ പറഞ്ഞതാവുമോ? പഴുക്കില പൊഴിക്കുന്ന ഒരു തന്തപ്ലാവായിത്തീര്‍ന്നുവോ താന്‍? പുതിയ തലമുറയുടെ വിശപ്പിന് കോരിക്കുടിക്കാന്‍ പാകത്തില്‍ തന്റെ കവിത ഉപകരണപ്പെടാതെ പോകുന്നുണ്ടോ?
നാദപ്രപഞ്ചത്തില്‍നിന്നു താളാത്മക-
സ്രോതസ്സൊഴുകിയിരുന്ന ചിത്തം
വേനലിന്നുഗ്രത കൊണ്ടാവാമിന്നൊരു
കാനല്‍നീര്‍ തത്തും മണല്‍പ്പരപ്പായ്

മനസ്സു വറ്റിപ്പോയോ? ഉറവകള്‍ ഒടുങ്ങുകയാണോ? തന്റെ ഈരടികള്‍ വേനല്‍പ്പുഴയിലെ കാനല്‍നീര്‍ പോലെ കൃശമായിത്തീര്‍ന്നുവോ? പ്ലാവിന്റെ കാതലില്‍നിന്ന് സ്വന്തം അസ്തിത്വത്തിന്റെ കാതലിലേക്ക് ചിന്ത പടര്‍ന്നുകയറുകയാണ്. നാദപ്രപഞ്ചത്തില്‍നിന്നുത്ഭവിക്കുന്ന താളാത്മകസ്രോതസ്സാണ് കവിതയെന്ന് നിര്‍വചിക്കുമ്പോള്‍ ഇപ്പോഴത്തെ താളം തെറ്റലിനെക്കുറിച്ച് ഉത്കണ്ഠ വര്‍ദ്ധിക്കുന്നു. എഴുത്തുതടസ്സം (writers block) നേരിടുന്ന ഒരു കവിയുടെ നിസ്സഹായത ഈ വരികളിലുണ്ട്.

എന്നിട്ടുമോമന നൈമുല്ലപ്പൂമണ-
മെന്ന കണക്കങ്ങണഞ്ഞ നേരം
ഞാനൊരപരാധിയാണെന്ന പോലവേ
ആ നോട്ടുപുസ്തകം മാറ്റിവെച്ചു.
എന്തിത്ര കൊച്ചായതച്ഛന്റെ കാവ്യമെ-
ന്നെങ്ങാനാ വായാടി ചോദിച്ചാലോ!

ഇങ്ങനെ വിചാരപ്പെട്ടിരിക്കുമ്പോഴാണ് കൊച്ചുമകള്‍ കവിയുടെ എഴുത്തുമുറിയിലേക്ക് ഓര്‍ക്കാപ്പുറത്ത് എത്തുന്നത്. കൊച്ചുമകളോടാണെങ്കിലും തനിക്കു ബോധിക്കാത്തത് പറഞ്ഞതിലുള്ള കുറ്റബോധം അയാളെ ഒന്നു ഞെട്ടിച്ചിരിക്കണം. മാത്രമല്ല, ഊഷരമായിക്കൊണ്ടിരിക്കുന്ന തന്റെ സര്‍ഗ്ഗശേഷിയെ മറച്ചുവെക്കാനായി കവി എഴുതിക്കൊണ്ടിരുന്ന നോട്ടുപുസ്തകം മാറ്റിവെച്ചു. വലിയവരില്‍നിന്ന് വലിയതുമാത്രം പ്രതീക്ഷിക്കുന്ന പുതുതലമുറയുടെ പരിഹാസത്തിനു പാത്രമായാലോ? അച്ഛന്റെ കാവ്യം ഇത്ര കൊച്ചായതെന്ത് എന്ന് ആ വായാടിക്കുഞ്ഞ് ചോദിച്ചാലോ?

കാലപരിണാമത്തെക്കുറിച്ചുള്ള അവബോധവും കാലഹരണപ്പെടുന്നതിനെച്ചൊല്ലിയുള്ള ഉത്കണ്ഠയും ഈ കവിത ഉള്‍ക്കൊള്ളുന്നുണ്ട്. വൃക്ഷശിഖരങ്ങളുടെ ശിരസ്സു തലോടി പിന്‍വലിയുന്ന അസ്തമയകിരണങ്ങളുടെ ശോഭ പോലെ ഒന്ന് ഈ കവിതക്ക് ഒരു വിഷാദപരിവേഷവും നല്‍കുന്നു. ഇളമുറക്കാരുടെ അന്തിത്തിരിയിലേക്ക് ആവാഹിക്കപ്പെടാന്‍ പാകപ്പെടുകയായിരിക്കണം അന്ത്യകാല ഇടശ്ശേരി.