ദേശദ്രോഹിക്കൊരുണ്ണിപിറന്നു
മാനവ പ്രണവമന്ത്രമാം
ളകാരമുണര്ന്നു
ള്ളേ... ള്ളേ... ള്ളേ....
അവന്റെ
ചെഞ്ചുണ്ടുകള്ക്കിടയിലേക്ക്
ഭൂമി ചുരന്നു.
പൗരന്... പൗരന്... എന്നവനെ
പേരുവിളിച്ചു.
മൂന്നാം വയസ്സില്‍
അപ്പനവന്റെ നാവില്‍
ആദ്യാക്ഷരം കുറിച്ചു
ഭ...ര....ണ.... ഘ...ട...ന...
ആറാം വയസ്സില്‍
ലോക്കപ്പ് അപ്പന്റെ സ്മാരകമായി.
അബ്ദുവിനും തോമസ്സിനും
ആബിദയ്ക്കുമൊപ്പം
പൗരന് പള്ളിക്കൂടത്തില്‍ പോയി.
കലഹപാഠങ്ങളില്
അപ്പന് നാവില്‍ തിളച്ചു.
ഉത്തരപ്പേപ്പറില്‍ മാഷമ്മാരും
ഉച്ചക്കളികളിൽ കൂട്ടുകാരും
അവനെ ഒറ്റപ്പെടുത്തി.
കൂട്ടമണിയടിച്ചിട്ടും
വീട്ടിലേക്ക് പോകാതെ
ഒഴിഞ്ഞ ക്ലാസ്സ്മുറിയില്‍ ഇരുന്ന്
ബ്ലാക്ക് ബോര്‍ഡില്‍
വെളുത്ത ചോക്കുകൊണ്ട്
അവനാദ്യ കവിതയെഴുതി
'അനീതി'.
പിറ്റേന്ന് തല്ലുകിട്ടി.
പള്ളിക്കൂടം വിധിയെഴുതി
'താന്തോന്നി'.
പ്രേമിച്ചു കെട്ടിയതിന്റന്ന്
വീടു കത്തി.
നാടുകടത്തി.
ജീവിക്കാന്‍വേണ്ടി
ഉണ്ട തിന്നുവീര്‍ത്ത
വന്‍ തോക്കുകളുടെ
കഥപറഞ്ഞതിന്
ജയിലിലുമായി.
ജയിലില്‍ വെച്ചാണ്
അവനാദ്യമായി
ഇന്ത്യകണ്ടത്,
ഇന്ത്യക്കാരെ കണ്ടത്.
പലരും തന്നെപ്പോലെതന്നെ
അപ്പന് നാവിലെഴുതിയ
അക്ഷരപ്പിഴയില്
നശിച്ചുപോയവരായിരുന്നു.
അതില്‍ പലരുടേയും
ആദ്യ കവിതയുടെ പേര്
'അനീതി' എന്നായിരുന്നു!
അവര്‍ പരസ്പരം ആശ്ലേഷിച്ചു.
അവന് ആദ്യമായി
നല്ല സന്തോഷം തോന്നി.
തടവറയെ
പൗരന് പ്രണയിച്ചുതുടങ്ങി.
ഈ കവിത club house-ൽ ചൊല്ലിക്കേട്ടപ്പോൾ ശ്രദ്ധിച്ചു ... പൗരൻ തടവറയ പ്രണയിക്കുമെന്ന സാധ്യത പരീക്ഷണത്തിലൂടെ തെളിയിക്കുന്നു. അപ്പൻ്റെ സ്മാരകം ലോക്കപ്പ്...! ഗംഭീര വരികൾ.