ഒരിക്കല്‍,ആകാശം 

നക്ഷത്രങ്ങള്‍ക്ക് പകരം 

മണ്‍തരികളെ പ്രസവിക്കും.


മഴ തടഞ്ഞുകെട്ടി

അവയെ നനയ്ക്കും.


കിളികള്‍ വിത്തുകൊത്തി 

അവിടേയ്ക്ക് പറക്കും.


ഇടിമിന്നലില്‍ 

അവ തളിര്‍ക്കും 

അത്ര പെട്ടെന്നൊന്നും 

മുറിച്ചുമാറ്റാനാവാത്തതിനാല്‍

നക്ഷത്രങ്ങളുടെ ചിരി 

പൂക്കളില്‍ തൊടുവിക്കും.


കാറ്റ് അവിടെത്തന്നെ

ചുറ്റിക്കളിക്കും.


ഇവിടെനിന്നു പൂമ്പാറ്റകള്‍

അത്ര ദൂരം പറക്കുമോയെന്ന് 

സംശയപ്പെടേണ്ട,

വെളുത്ത മേഘരഥങ്ങളില്‍

അവ കയറിപ്പോകുന്നത് 

ഒന്നാന്തരമൊരു കാഴ്ചയായിരിക്കും.


അവ മാത്രമല്ല,

മൃഗങ്ങളും ഇഴജന്തുക്കളും 

വിനോദയാത്ര പോകുന്ന 

സന്തോഷം എടുത്തണിയും.


ഇങ്ങനെ, ആകാശം 

ഒരു കാടാകുമ്പോള്‍ 

ഭൂമിയില്‍ ഒറ്റപ്പെട്ട മനുഷ്യന്‍ 

എന്തുചെയ്യുമെന്ന ചോദ്യം 

ഒരു അസംബന്ധമാകും!