ചെറിയൊരടിയേ അടിച്ചുള്ളൂ.

ചെറിയ ഒരൊറ്റ അടി!


നിലത്ത് വീണ് ചത്തുപോയി !


ഞാൻ തോണ്ടി നോക്കി ,

വിളിച്ച് നോക്കി ,

അടിച്ച് നോക്കി ,

പിന്നേം പിന്നേം കൊന്ന് നോക്കി,

പിന്നേം പിന്നേം പിന്നേം

കേറിയിറങ്ങി നോക്കി ....

ഒക്കെ നോക്കി...


ചത്തതാ,

ചത്തത് തന്നെയാ..


അനക്കമില്ല,

മിടിപ്പുമില്ല,

പ്രാണൻ പറിയുമ്പോഴുള്ള ,

ലഹരി പിടിപ്പിച്ചിരുന്ന,

ആ നിലവിളിയുമില്ല !!


പണ്ടൊക്കെ,


എത്ര കാലേ വാരി നിലത്തടിച്ചതാ !

സിഗററ്റ് കുത്തിക്കെടുത്തിയതാ !

ചുമരിൽ തേമ്പിക്കൂട്ടിയതാ !

അന്നാെന്നും ചാകാത്തവള് !

അന്നൊന്നും ചത്തില്ലവള്.

ചാകാൻ മുട്ടി നിന്നതായിരിക്കണം.

അല്ലേൽ

സമയമടുത്തതായിരിക്കണം.


ആശ്വസിക്കാൻ

എല്ലാവർക്കും

ഓരോ കാരണങ്ങൾ !!

അല്ലേ ??