kedarnathsingh

1947നെ ഓര്‍ക്കുമ്പോള്‍

മൊഴിമാറ്റം: പി പി രാമചന്ദ്രന്‍

നൂര്‍മിയാനെ ഓര്‍ക്കുന്നുണ്ടോ കേദാര്‍നാഥ് സിങ്
കോതമ്പുനിറമുള്ള നൂര്‍മിയാനെ
കുള്ളനെപ്പോലെ തോന്നിച്ചിരുന്ന നൂര്‍മിയാനെ
രാംബാഗ് ചന്തയില്‍ കണ്‍മഷി വില്പന കഴിഞ്ഞ്
ഏറ്റവും ഒടുവില്‍ മടങ്ങിയെത്താറുള്ള നൂര്‍മിയാനെ

നിനക്ക് എന്തെങ്കിലും ഓര്‍മ്മയുണ്ടോ
കേദാര്‍നാഥ് സിങ്

ആ മദ്രസയും
പുളിമരവും
ഇമാം ഭവനവും
നീ ഓര്‍ക്കുന്നുണ്ടാവും

പത്തൊമ്പതിന്റെ ഗുണനപ്പട്ടിക
തുടക്കം മുതല്‍ ഒടുക്കം വരെ
ഓര്‍ക്കുന്നുണ്ടാവും

എന്നാല്‍ എന്തുകൊണ്ടാണ് നൂര്‍മിയാന്‍
പെട്ടെന്നൊരു ദിവസം
ബസ്തി വിട്ടുപോയതെന്ന്
മറന്നുപോയ നിന്റെ ആ പഴയ സ്ലേറ്റില്‍
കൂട്ടിയും കിഴിച്ചും
കണ്ടുപിടിക്കാനാവുമോ നിനക്ക്

നിനക്കറിയുമോ
അവനിപ്പോള്‍
എവിടെയാണെന്ന്
ധാക്കയിലോ മുള്‍ട്ടാനിലോ

പാകിസ്ഥാനില്‍ ഓരോ വര്‍ഷവും
എത്ര ഇലകളാണ് കൊഴിയുന്നതെന്ന്
പറയാമോ നിനക്ക്

എന്താ മിണ്ടാത്തത് കേദാര്‍നാഥ് സിങ്
കണക്കില്‍ നീ അത്ര മോശമാണോ