എന്‍റെ കുട്ടി,
നാം ഒരേ ലോകത്തിന്‍റെ ഒഴുക്കില്‍
ഒരുമിച്ചു നീങ്ങുന്നവരാണെന്നതിനാല്‍
എന്തെങ്കിലും നിനക്കുതരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
നമ്മുടെ ജീവിതങ്ങള്‍ വേര്‍പിരിയും,
നമ്മുടെ സ്നേഹം വിസ്മരിക്കപ്പെടും.
എന്നിരിക്കിലും
നിന്‍റെ ഹൃദയം, ഞാന്‍ കൈമാറുന്ന സമ്മാനംകൊണ്ട് 
വിലക്കെടുക്കാമെന്നു കരുതാന്‍ മാത്രം ഞാന്‍ മണ്ടനല്ല.

നിന്‍റെ ആയുസ്സിന് ചെറുപ്പമാണ്,
നിന്‍റെ പാത ഇനിയും നീളമേറിയതാണ്.

ഒരു വരള്‍ച്ചയില്‍,
ഞങ്ങള്‍ നിനക്കായി കരുതി നല്‍കിയ സ്നേഹം
അപ്പടി പാനം ചെയ്തുകൊണ്ട്
നീ ഞങ്ങളില്‍ നിന്നു വേര്‍തിരിഞ്ഞ് ഓടിപ്പോയി.
നിനക്ക് നിന്‍റേതായ കളികളുണ്ട്; കൂട്ടുകാരുണ്ട്
ഞങ്ങളോടൊപ്പമായിരിക്കാനും
ഞങ്ങളെപ്പറ്റി ചിന്തിക്കാനും
നിനക്കു സമയമില്ല എന്നതില്‍ എന്തുകുറ്റമാണുള്ളത്?

പിന്നിട്ട നാളുകളെ എണ്ണിയോര്‍ക്കാനും
ഞങ്ങളുടെ കൈകള്‍ക്ക്
എന്നെന്നേക്കുമായി എന്താണു നഷ്ടപ്പെട്ടതെന്ന്
ഹൃദയത്തില്‍ മധുരസ്മരണചെയ്യാനും
പ്രായം കൂടിയ ആയുസ്സില്‍, തീര്‍ച്ചയായും 
ഞങ്ങള്‍ക്ക് ഇടവേളകളുണ്ട്.

എല്ലാ തടസ്സങ്ങളേയും തകര്‍ത്തുകൊണ്ട്
നദി
ഒരു ഗാനമാലപിച്ച് ഒഴുകിപ്പോവുന്നു.
പക്ഷേ, പര്‍വ്വതം
ഇളകാതെ നിന്ന് എല്ലാം സ്മരിക്കുകയും
തന്‍റെ സ്നേഹവുമായി അവളെ അനുഗമിക്കുകയും ചെയ്യുന്നു.