ammudeepa

സംഭവിച്ചതാണ്

സ്വപ്നത്തിൽ
അവൻ വന്നു പറഞ്ഞു.
എനിക്കു വീടില്ലാ
അതോണ്ടൊരു സുഖവുമില്ലാ.
ഓ സാരമില്ല, നമുക്കു ശരിയാക്കാം.
ഞാൻ എന്റെ വീടിന്റെ
ഏതാനും ചില ചുമരുകൾ
മുറിച്ചെടുക്കാൻ തുടങ്ങി.
നിലങ്ങൾചതുരത്തിൽതന്നെ
വെട്ടിയെടുത്തു.
രണ്ടു ജനാലകളും ഒരു വാതിലും
ശ്രദ്ധയോടെ പുഴക്കിയെടുത്തു.
അവൻ ഗുഡ്സ് വിളിച്ചുവന്നു.
മുറിച്ചെടുത്ത ചുമരിന്മേൽ
ഒരു വേട്ടാളൻ ചാതിയുടെ
കൂടുണ്ടായിരുന്നു.
അതിന്റെ ചില ബന്ധുവീടുകൾ
എന്റെ വീട്ടിലും പരിസരത്തുമായി
സ്ഥാപിക്കപ്പെട്ടിരുന്നു.
ചുമർ‍ക്കഷ്ണം വണ്ടിയിൽകയറ്റുമ്പോൾ
സംഭ്രമിച്ച വേട്ടാളൻ ചാതി
പുറത്തേക്കു ചാടി.
അതിന്റെ കുത്തേറ്റാണ്
എന്റെ
ഇന്നത്തെ പ്രഭാതം
ഇങ്ങനെ
ചുവന്ന്
കല്ലിച്ചു പോയത്.