ammudeepa

ശലഭപ്പേടി

ഒരിക്കലൊരു സ്വപ്നം കണ്ടു.
ചാരനിറത്തിലുള്ള
വലിയ നിശാശലഭങ്ങൾ
എന്റെ മുറിയുടെ ചുമരുകൾനിറയെ
ചിറകു നീർ‍ത്തിപ്പിടിച്ച്
പറ്റിയിരിക്കുന്നു.
മഞ്ഞയിൽകറുത്ത വട്ടങ്ങളുള്ള
കപട നേത്രങ്ങൾ
എന്റെ പേടികളിലേക്ക്
ഏകാഗ്രമാക്കിക്കൊണ്ട്.
ഫോബിയ എന്ന മഹാവ്യാധിയിൽ
എനിക്കാകെ തിണർ‍ത്തുപൊന്തി.
വിയർ‍ത്തു.
നാക്ക് ഉൾവലിഞ്ഞു.
തൊണ്ടയിൽജലം വറ്റി.
ഭയക്കുന്നതിനോട്
അടുക്കുവാനുള്ള
അജ്ഞാത പ്രേരണയാൽ
മെല്ലെ മെല്ലെ
ഞാനവയുടെ അടുത്തുവന്നു.
നിശാശലഭങ്ങളായിരുന്നില്ല.
ഭർ‍ത്താവിന്റെ
പുത്തൻ അടിവസ്ത്രങ്ങളായിരുന്നു
അവ.