ആമുഖം

ബിംബമോ 
പ്രതീകമോ
കമ്പിത്തപാലോ
ശിപ്പായിയോേ അല്ല
ഞാന്‍തന്നെ പറയും

കാരണം എനിക്കേ
എനിക്കുമാത്രമേ അറിയൂ
എന്റെ മുതുകത്ത്
എന്റെ കാലത്തിന്റ കൈപ്പത്തിക്ക്
ഉന്നമെത്രയ്ക്കുണ്ടെന്ന്

എന്റെ കാലത്തിന്റെ കൈപ്പത്തികള്‍
എത്രയ്ക്കഭിന്നമാണ്
എന്റെ നഖത്തിളക്കത്തില്‍നിന്നെന്ന്

ആത്മാവിലെ ആ സന്തോഷം
ശരിക്കും അതുതന്നെയാണ്
എന്റെ മുട്ടുവേദനയെന്ന്

കാല്പടത്തിന്റെ ആ നീറ്റല്‍
മസ്തിഷ്കത്തില്‍
വിചാരങ്ങളുടെ അതേ പൊട്ടിത്തെറി

ഇപ്പോള്‍ എന്റെ നാവിന്‍തുമ്പത്തുള്ള
അതേ പെരുംനുണ
അതുതന്നെയാണ്
അതുതന്നെയാണ്
ഇന്നത്തെ ഏറ്റവും വലിയ സത്യം

ഇതാ എടുത്തോളൂ എന്റെ കൈ
ഇതു നിങ്ങള്‍ക്കു തന്നിരിക്കുന്നു
എനിക്കായ് എടുത്തുവച്ചേക്കട്ടെ
സ്വന്തം ചുണ്ടുകളുടെ വിറയല്‍...

ഒരു കവിക്ക്
മറ്റെന്താണ് വേണ്ടത്.
*
രണ്ട്
*
ഇന്നു കാലത്ത് പത്രത്തില്‍
ചെറിയൊരു വാര്‍ത്ത
തലേരാത്രി ഉറങ്ങിയിരുന്നൂ
നഗരത്തില്‍ പുലി

കണ്ടവരാരുമില്ല
ആരും കേട്ടിട്ടുമില്ല
ഇരുളിലതിന്റെ നടത്തം
വീണിട്ടുമില്ല നിരത്തുകളിലൊന്നില്‍പ്പോലും
ചോരയുടെ ചെറുകണം

എങ്കിലുമെല്ലാര്‍ക്കും വിശ്വാസം
കാലത്തു പത്രത്തിലടിച്ചുവരുന്നത്
തെറ്റാകാന്‍ വഴിയില്ല
ഉറപ്പായുമുറപ്പിക്കാം
തലേരാത്രി നഗരത്തില്‍
ഇറങ്ങിയിരുന്നൂ പുലി

ശരിക്കും നമുക്കു സംശയമൊന്നുമില്ല
പുലി വന്നെന്നതില്‍
കാലമങ്ങനെയാണ്
ഇമ്മട്ടടിക്കും കാറ്റത്ത്
വന്നെത്താമെങ്ങുമെപ്പോഴും
വ്യാഘ്രം.

പ്രശ്നമിതാണ്
ഒടുവില്‍ ഇത്രനാളുകള്‍ക്കിപ്പുറം
ഈ പെരുംപട്ടണത്തില്‍
എന്തിനെത്തീ വ്യാഘ്രം?

വിശന്നിട്ടോ?
രോഗത്താലോ?
അതോ നഗരത്തെപ്പറ്റിയുള്ളതായോ
അതിന്റെ വിചാരം?

അത്ര വിചിത്രം
അതു വന്നു
മുഴുവന്‍ നഗരത്തെയും
ആഴത്തില്‍ തിരസ്കരിച്ച്
ജുഗുപ്സയോടെ നോക്കി

അങ്ങിങ്ങുള്ള ദ്രവ്യങ്ങള്‍
അവിടവിടെത്തന്നെ വെടിഞ്ഞ്
നിശ്ശബ്ദവിരക്തന്‍
പുറത്തേക്കു പോയി

പ്രഭാതവെയിലില്‍
അവരവരുടെ കട്ടിളപ്പടിയില്‍
ഏവരും മൌനം
എങ്കിലും കേള്‍പ്പൂ ഞാന്‍
ഏവരും മൊഴിയുന്നതായി

ചെരിപ്പു ചോദിക്കുന്നൂ കാലുകളോട്
തലമുടി കഴുത്തിനോട്
തോളുകള്‍ നഖങ്ങളോട്
ചര്‍മ്മം ചോദിക്കുന്നൂ മുഖത്തോട്
എപ്പോള്‍ വരും
വീണ്ടുമെപ്പോള്‍ വരും വ്യാഘ്രം?
*
മൂന്ന്
*
കഥകള്‍ നിറഞ്ഞൊരിന്നാട്ടില്‍
ഞാനുമൊരു കഥയാകുന്നു
ഒരു കഥയാകുന്നൂ വ്യാഘ്രവും
അതിനാല്‍ പലപ്പോഴും
വേണ്ടുമ്പോലൊരിടം
അതിനൊളിക്കാനില്ലാതാകുമ്പോള്‍
മെല്ലെ എണീക്കുന്നു
പോയി ഇരിപ്പുറപ്പിക്കുന്നൂ
ഏതെങ്കിലും കഥയുടെ മറവില്‍

പിന്നെ എത്രവേണേലും പരതിക്കോളൂ
അരിച്ചുപെറുക്കിക്കോളൂ
കാട്ടിലെ ഓരോ ഇലയും.
അതിനെ കിട്ടുകയേയില്ല
പാവം പോത്ത്.
സായംസന്ധ്യമുതല്‍ പ്രഭാതം വരെ
കെട്ടിക്കിടക്കുന്നൂ മിണ്ടാതെ
ജലത്തിന്റെ നനുത്ത കയറുകൊണ്ട്.
എന്നാല്‍ പുലി
അതിനു ദാഹിക്കുന്നേയില്ല
അതു വരുന്നേയില്ല
പലനാളുകളോളം
വെള്ളത്തില്‍ വിട്ടുപോയ
നീണ്ട പ്രൌഢമായ
സ്വന്തം നിഴല്‍ കാണാന്‍.

രാജാവെത്തുമ്പോള്‍
കാട്ടില്‍ വേട്ടക്കാരുടെ
ഹുങ്കാരം മുഴങ്ങുമ്പോള്‍
തോക്കെല്ലാം അങ്ങോട്ടേക്ക്
പുലിയുണ്ടാകാവുന്നിടത്തേക്ക്
വലിഞ്ഞുമുറുകുമ്പോള്‍
അപ്പോള്‍
വാസ്തവമിതാണ്
പുലി ഇവിടെയുണ്ടാകുന്നില്ല അവിടെയും
അത് ശിക്കാരിയുടെ രക്തം
കടിച്ചുകഴിഞ്ഞതിനു ശേഷം
സ്വസ്ഥമായി ഇരിക്കുന്നുണ്ട്
ഏതോ കഥയുടെ മറവത്ത്.
*
നാല്
*
വിശാലമീദേശത്ത്
വടക്കേ അറ്റത്ത്
കുറച്ചവശിഷ്ടങ്ങള്‍
ഏതോ പ്രാചീന നഗരത്തിന്റേത്.

സമൃദ്ധിയുയെ നാളുകളില്‍
എപ്പോഴൊക്കെയോ
അവിടെ വന്നിരുന്നൂ ബുദ്ധന്‍
എപ്പോഴൊക്കെയോ വന്നിരുന്നൂ
വ്യാഘ്രവും.

ഇരുവരും വന്നത് വെവ്വേറെ
ബുദ്ധന്‍ കിഴക്കുന്നെങ്കില്‍
പുലിയോ
ചിലപ്പോള്‍ പടിഞ്ഞാറുനിന്ന്
മറ്റുചിലപ്പോള്‍ പേരറിയാത്ത ദിക്കീന്ന്
ആര്‍ക്കും അതിന്റെ മണംപോലുമടിക്കില്ല.

എന്നാല്‍ ചിലപ്പോള്‍
ഇരുവരും നേര്‍ക്കുനേര്‍
പുലി കണ്ണുരുട്ടുമായിരുന്നു
ബുദ്ധനെ.
ബുദ്ധനോ
തലകുനിച്ച്
നീങ്ങുമായിരുന്നു മുന്നോട്ടുതന്നെ.

ഇങ്ങനെയൊക്കെ കടന്നുപോയി
ആ ചെറുനഗരത്തിലെ മഹത്തായ ജീവിതം.
ബുദ്ധന്റെ കാരുണ്യം
പുലിയുടെ ക്രൌര്യം
ഒന്നു മറ്റൊന്നിനെ നിര്‍വീര്യമാക്കിക്കൊണ്ടിരുന്നു
ഇരട്ടനിഴലുകളായി.
ആളുകള്‍ക്കറിയാം
ബുദ്ധനു മനസ്സിലാകും
പുലിയുടെ ഭാഷ
പാവം പുലിക്കോ
ബുദ്ധന്റെ പാലി
പുല്ലുപോലെ സുന്ദരം
തിന്നാന്‍ പറ്റാത്തതും.

അങ്ങനെ ഇരുവര്‍ക്കുമിടയില്‍
വിസ്മയിപ്പിക്കുന്ന സംബന്ധം
ഒരുവശത്ത് വിശപ്പോടുവിശപ്പ്
മറുവശത്ത് കരുണയോടു കരുണ
ഇടയില്‍ പാലമൊന്നും ഇല്ലതാനും.

എന്നാല്‍ ചിലപ്പോള്‍ രാത്രിയില്‍
ഹിമവാന്റെ തുഞ്ചത്ത്
മഞ്ഞു വീണപ്പോള്‍
നഗരത്തില്‍ ശീതക്കാറ്റു വീശിയപ്പോള്‍
നഗരവാസികള്‍ നിനച്ചു
കാറ്റിങ്ങനെ ആഞ്ഞടിക്കുമ്പോള്‍
എങ്ങോ വിറയ്ക്കുന്നുണ്ടാവാം ബുദ്ധന്‍
ഇതേ കാറ്റത്ത്
എങ്ങോ വിറയ്ക്കുന്നുണ്ടാവാം
വ്യാഘ്രവും.
*
അഞ്ച്
*
വയലില്‍ നില്‍ക്കുകയാണ്
മനോഹരമായ വലിയൊരു ട്രാക്റ്റര്‍
പകലന്തിയോളം പണിത്
നന്നായി തളര്‍ന്നിരുന്നു അത്
തനിരൂപത്തില്‍ ഒട്ടും കുറയുകയോ
കൂടുകയോ ചെയ്യാത്ത
ഒത്ത വടിവില്‍ അതവിടെ നിന്നു
തനിച്ച്.

മുങ്ങുന്ന സൂര്യന്റെ ചെഞ്ചോരക്കിരണങ്ങള്‍
ഒരു നീണ്ട ബബൂല്‍മരത്തിന്റെ മുള്ളുകളരിച്ച്
നേരേ പതിക്കുന്നുണ്ടായിരുന്നു
അതിന്റെ എഞ്ചിനില്‍ത്തന്നെ.
പുലിക്ക് പിന്നെ
എവിടേയുമുണ്ടാകാവുന്നതുകൊണ്ട്
അപ്പോള്‍ അത് കരിമ്പിന്‍തോപ്പിലായിരുന്നു
എല്ലാം കണ്ടുകൊണ്ട്.

നിയന്ത്രണം വിട്ട് പുലി
തെല്ലുറക്കെയായിപ്പോയി,
'ബലേ! ഗംഭീരം!
അതിശയംതന്നെ.'

അതിന് ട്രാക്റ്റര്‍
പടുകൂറ്റന്‍ ധാന്യമണി പോലെ.
ഉഴവുചാലില്‍ കിടക്കുന്ന
തിളങ്ങുന്ന ചെമന്ന ഉറപ്പുള്ള ധാന്യമണി.
അതു വിചാരിച്ചു
ഇനിയല്ലേ രസം
ഇനി പതിവുപോലെ ഒരു കിഴവി വരും
ധാന്യമണി പെറുക്കി
സഞ്ചിയില്‍ വക്കും
വീട്ടില്‍ കൊണ്ടുപോകും
ഇട്ടുവെക്കും
ഇരുട്ടു തുളുമ്പുന്ന തന്റെ ചെമ്പില്‍.

അവന്‍ അമര്‍ത്തിവെച്ച ഈര്‍ഷ്യയോടെ
അടിമുതല്‍ മുടിവരെ നോക്കി ട്രാക്റ്ററിനെ
പിന്നെ തന്നത്താന്‍തന്നെ
ഒരു കിഴവിയുടെ ചെമ്പില്‍
പുഴുങ്ങിയെടുക്കാനാശിച്ച്
ചുകന്നുതുടുത്തു.
*
ആറ്
*
'ഈ മനുഷ്യര്‍
ഈയിടെയായി എന്തിത്ര മൂകര്‍?'
ഒരുനാള്‍ പുലി ചോദിച്ചൂ കുറുക്കനോട്
കുറുക്കനൊന്നും പിടികിട്ടിയില്ല.
തലയാട്ടി പിന്താങ്ങുകയും ചെയ്തു.
പുലിയുടെ താടിയെല്ലില്‍ത്തന്നെ
മിഴിച്ചുനോക്കിക്കൊണ്ട്.
അതില്‍നിന്നുയരുന്നുണ്ട്
അപ്പോഴും പച്ചച്ചോരമണം.
പിന്നെ ഒന്നാലോചിച്ചുകൊണ്ട്
അങ്ങു പറഞ്ഞുകളഞ്ഞു
'അവര്‍ക്കു കാണും എന്തെങ്കിലും ദുഃഖം.'

'എന്തു ദുഃഖം?'
വിറളിപിടിച്ചൂ വ്യാഘ്രം.

'എനിക്കറിയാന്‍ മേലേ.
പക്ഷെ ദുഃഖം
അതിനെന്താ
അതെങ്ങനെയെങ്കിലും അങ്ങുണ്ടാകുമെന്നേ.'
കുറുക്കന്‍ പ്രതിവചിച്ചു.

'ശരി അങ്ങനെയാവട്ടെ
ഇനി വല്ല മുള്ളോ മറ്റോ തറച്ചോ ആവോ.'
പുലി ചോദിച്ചു.
'അങ്ങനെയുമാകാം.
ഇനി മര്‍ത്യന്‍ തന്നെ
തറഞ്ഞുവോ മുള്ളില്‍?'
കുറുക്കന്‍ അമര്‍ത്തിപ്പറഞ്ഞു.

ഇത്തവണ ഒന്നും മനസ്സിലായില്ല
പുലിക്ക്.
പക്ഷെ കുലുങ്ങീ തല
അതേ സമ്മതഭാവത്തില്‍.
പിന്നെ മെല്ലെ ആരാഞ്ഞു
'മനുഷ്യര്‍ വെള്ളം കുടിക്കാറില്ലേ?'

'കുടിക്കാറുണ്ട്.' കുറുക്കന്‍ പറഞ്ഞു.
'എന്നാലവര്‍
നമ്മെപ്പോലെ
കാലത്തും വൈകീട്ടും മാത്രമല്ല കുടിക്കുക
എത്രവേണമോ അത്രയും പ്രാവശ്യം.'

'ഇത്രക്കു വെള്ളം
എന്തിനിങ്ങനെ കുടിക്കുന്നുവോ ഇവര്‍'
പുലി ആശ്ചര്യപ്പെട്ടു.
'അതാണീ ദുഃഖം
ഞാമ്പറഞ്ഞില്ലേ, അത്!'
കുറുക്കനുത്തരം നല്‍കി.

ഇത്തവണയും പുലിക്ക്
ഒന്നും പിടികിട്ടിയതേയില്ല
തല കുനിച്ച് ഏറെനേരം
അതു വിചാരത്തിലാഴ്ന്നുപോയി.

ഈ 'ദുഃഖ'മെന്നത്
അമ്മട്ടൊരു പദം.
അതിനു മുമ്പില്‍
പുലിയുടെ തന്ത്രം പിഴച്ചു.
*
ഏഴ്
*
കത്തുന്നോരുച്ചക്ക്
പുലി കണ്ടോരത്ഭുതദൃശ്യം
വലിയൊരു വടവൃക്ഷച്ചോട്ടില്‍
ഒരു പക്ഷി തന്റെ ചിറകുകള്‍
ഒരു മനുഷ്യന്‍ തന്റെ മഴുവും
അടുത്തടുത്തു ചേര്‍ത്തുവെച്ച്
വിശ്രമത്തിലാണ്
ഭയലേശമില്ലാതെ

പുലി ആദ്യമൊന്നു മുരണ്ടു
പിന്നെയില്ല മിണ്ടാട്ടം
കാരണം, അതു കേട്ടു
ആ വലിയ വടവൃക്ഷം
മനുഷ്യന്റെ ചെവിയോളം ചാഞ്ഞ്
മെല്ലെ പാടുകയായിരുന്നു
വളരെപ്പഴയൊരു ഗീതം
ഏതോ രാജാവിനെക്കുറിച്ചുള്ളത്
അയാളുടെ റാണിയെ
കാട്ടില്‍ കാണാതായിരുന്നു.

പിന്നെ പുലി ഇളകിയില്ല
മുരണ്ടില്ല
മുഖം അങ്ങോട്ടുതന്നെ പിടിച്ച്
ഒറ്റ നില്‍പ്പ്
വിമോഹിതന്‍
സ്തബ്ധന്‍.
*
എട്ട്
*
എനിക്കൊരു സ്ത്രീയെ അറിയാം
ചെറുനഗരത്തില്‍ പാര്‍പ്പവള്‍
കൊട്ടക്കണക്കിന് കഥകളുള്ളവള്‍
പുലികളെക്കുറിച്ച്
നദികളെക്കുറിച്ച്
പുസ്തകങ്ങളിലില്ലാത്ത
അത്രയധികം പട്ടണങ്ങളെക്കുറിച്ച്

അവള്‍ വിശ്വസിച്ചു
പുലി എന്നാല്‍ ഇന്ദ്രജാലം
അത്രയ്ക്ക് അവലക്ഷണം
ഇരുളില്‍ പേരുരച്ചെന്നാല്‍
കണ്‍വെട്ടത്തെത്തുമക്ഷണം.

അവള്‍ നിനച്ചു
ഈ പ്രേമമെന്നത്
നമുക്ക് ഒരാള്‍ക്ക്
മറ്റൊരാളോടു തോന്നുന്നത്
പിന്നെ തോന്നാതാക്കുന്നതുമായ
ആ ഒരിത്
അതും ഒരു പുലിയാണ്
അത്രയും സമീപസ്ഥം
ശ്രദ്ധിച്ചുകേട്ടോളൂ
നിങ്ങള്‍ക്കു നിങ്ങളുടെ നെഞ്ചിന്‍കൂട്ടില്‍ കേള്‍ക്കാം
അതിന്റെ ഭാരിച്ച നടത്തച്ചുവടുകള്‍.

അതിനാല്‍ ഇരുളില്‍
അവളധികവും മൌനം
മിക്കപ്പോഴും വിറച്ചുവിറച്ച്
എന്തെങ്കിലും മിണ്ടേണ്ടിവന്നാല്‍
വിറപൂണ്ട ചുണ്ട്
പതിയെമാത്രം
വളരെക്കുറച്ചു വാക്കുകള്‍
അവയ്ക്കര്‍ത്ഥമെന്തുമാകാം
ഒന്നുമില്ലെന്നും വരാം.
*
ഒമ്പത്
*
പുലി എഴുത്തു പഠിച്ചെടുക്കുകയായിരുന്നു
അന്നാളുകളില്‍.
എവിടെ ഏതു പാഠശാലയില്‍?
പറയാന്‍ വളരെ ഞെരുക്കം
അതിന്റെ മുന്നില്‍ വെച്ചിരുന്നു
മരത്തിന്റെ വലിയ ബ്ലാക്ക് ബോര്‍ഡ്
കുറുക്കന്‍ പറഞ്ഞു:
എഴുതൂ 'ഈശ്വരന്‍'

പുലി അല്പം ആലോചിച്ചു
പിന്നെ മെല്ലെ എഴുതിത്തുടങ്ങി
നിലവിളിപോലെ നീണ്ടുനീണ്ടത്
വളഞ്ഞുപുളഞ്ഞതുമായ
ഒരു മുഴുവന്‍ 'ഈ'

കുറുക്കന്‍ പറഞ്ഞു: ശരി
ഇനിയെഴുതൂ 'ശ്വ'
പുലി പെട്ടുപോയി
അതിന്റെ അണപ്പല്ലിനു കീഴെ
എങ്ങോ അമര്‍ന്നിരുന്നു ശ്വ
അതു പുറത്തേക്കു വരുന്നതേയില്ല.

കുറുക്കന്‍ ബഹളംവെച്ചു
എഴുതൂ എഴുതൂ

പുലി അങ്ങനെ നിന്നേപോയി
ബോര്‍ഡിന്റെ മൂലക്ക്
മിണ്ടാതെ കുനിഞ്ഞ്
പുലി അങ്ങനെ നിന്നേപോയി
കുറുക്കന്‍ ശബ്ദമുയര്‍ത്തി
“ശ്വ" പറഞ്ഞതു കേട്ടില്ലേ?
എഴുതൂ 'ശ്വ'

ഇത്തവണ പുലി ഒന്നു ശ്രമിച്ചുനോക്കി
മുരടനക്കി
ഉരുളയ്ക്കുപ്പേരിപോലെ
എഴുതിക്കളഞ്ഞു 'ശ'

കുറുക്കന്‍ നേരെയാക്കി
'മുഴുവന്‍ വേണ്ടാ, പാതി
പാതിമാത്രമെഴുതൂ 'ശ'
പുലി തെല്ലിട മായ്ച്ചുകൊണ്ടിരുന്നു
എഴുതിക്കൊണ്ടുമിരുന്നു

വെട്ടി
തിരുത്തി
പിന്നെ തോല്‍വി ഏറ്റുപറഞ്ഞു
'ഇല്ല, എന്നെക്കൊണ്ടാവില്ല'
ഏറെനേരം
ഏങ്ങിയേങ്ങിക്കരഞ്ഞൂ പുലി

അതിന്റെ മിഴികളില്‍
പൊരുതിപ്പൊരുതി
കടിഞ്ഞൂല്‍ത്തോല്‍വി രുചിച്ചതിന്റെ
വിചിത്രമായ
പീഡ നിറഞ്ഞ
തിളക്കം
*
പത്ത്
*
രാത്രി തീരുംവരെ നീളെ
കരഞ്ഞു അദ്ദിനം പുലി
ഏറ്റവും ആദ്യമെത്തീ കുറുക്കന്‍
ചോദിച്ചൂ കരയാന്‍ കാര്യം

പിന്നെ മുയല്‍ വന്നു
കരടി
പാമ്പ്
പൂമ്പാറ്റ
ഏവരും വന്നു
എല്ലാരുമാരാഞ്ഞു
കരച്ചിലിന്‍ കാരിയം
പക്ഷെ പുലിക്കില്ല ആട്ടമനക്കം
കരച്ചിലോടു കരച്ചില്‍
രാത്രി മുഴുവന്‍

ദാഹിച്ചു
അതു കരച്ചില്‍തന്നെ
വിശന്നു
അപ്പോഴും കരച്ചില്‍
തിങ്കളുദിച്ചു
അപ്പൊഴും കരച്ചില്‍
താരകങ്ങളണഞ്ഞുപോയി
അപ്പൊഴും കരച്ചില്‍
കാക്ക കരഞ്ഞു
അപ്പൊഴും കരച്ചില്‍
ദൂരെയെങ്ങോ അമ്പലത്തില്‍
മണി മുഴങ്ങിത്തുടങ്ങി
അപ്പൊഴും അതേ കരച്ചില്‍
*
പതിനൊന്ന്
*
ഇതേ മട്ടില്‍
ഇതേ മട്ടില്‍
നിരന്തരമിതേ മട്ടില്‍
ജീവിച്ചുജീവിച്ച് പുലി വല്ലാതെ
മുഷിഞ്ഞുപോയി
പതുക്കെ മുയലിനെ
അടുത്തേക്കു വിളിച്ചു
അതു വല്ലാതെ
വിറവിറയ്ക്കുന്നതായി കണ്ടെത്തി
അതിന്റെ ചെറുമേനിയില്‍
എഴുന്നുനില്‍ക്കുന്ന
മൃദുലമായ വെളുത്ത രോമങ്ങളില്‍
പുലി ഒന്നു തൊട്ടു
ഉള്ളിലെവിടെയോ അതിനു തോന്നി
വല്ലാത്ത സന്തോഷം

ഇതുനല്ല പുതുമ
ഇതേ മട്ടില്‍
പുതുമ
പടര്‍ന്നൊലിക്കുന്നുണ്ട്
ചുറ്റും നാലുപാടും
ഇവിടെ ഇതുവരെ
ദിനരാത്രങ്ങള്‍
ഉരുളുന്നതിനും
മുരളുന്നതിനുമപ്പുറം
ഒന്നുമില്ലായിരുന്നു
പോകാവുന്നതേയുള്ളു ഇതിനുമപ്പുറം
കാണാവുന്നതേയുള്ളു
സൂര്യാസ്തമയവും
സൂര്യോദയത്തിന്റെ അക്കരയുമിക്കരയും

പര്‍വ്വതത്തിന്റെ മസ്തകം പിളര്‍ന്ന്
നദിയെ മുഴുവനുമായെടുത്ത്
കൃത്യം സ്വന്തം താടിയെല്ലുകളുടെ
ദാഹത്തിന്റെ തൊട്ടടുത്ത്
കൊണ്ടുവരാവുന്നതേയുള്ളു
പിന്നെ തെല്ലിട നിന്ന ശേഷം
അതു കാതു കൂര്‍പ്പിച്ചു
കാറ്റിലുയരുന്ന
ആ നേര്‍ത്ത നിലവിളി
പിടിച്ചെടുക്കാന്‍
പ്രയാസപ്പെടുംപോലെ

പിന്നെ അതേമട്ടില്‍
ആ മയമുള്ള രോമങ്ങളില്‍
സ്വന്തം നഖങ്ങളെ
ഉലാത്തിക്കൊണ്ടിരുന്നു
ആ മൃദുലമേനിയെ
ഇങ്ങനെ താലോലിച്ചുകൊണ്ടിരുന്നു
നാക്കുകൊണ്ട്
ആ വിചിത്രമൃദുലതയെ
വടിച്ചെടുക്കുമ്പോലെ
*
പന്ത്രണ്ട്
*
കൊച്ചുവെളുപ്പാന്‍കാലം.
കുട്ടി ഒരേ കരച്ചില്‍.
താഴെവീണ്
ഒറ്റപ്പൊട്ടല്‍
പാവത്തിന്റെ കൈയ്യിലിരുന്ന
മണ്‍പുലി
ഒരുചെറു ചുള്ളന്‍ പുലി.
അതു നക്ഷത്രങ്ങളോടിടഞ്ഞിരുന്നു
അതിടഞ്ഞിരുന്നു
സൂര്യചന്ദ്രന്മാരോടും
കടല്‍ക്കൊള്ളക്കാരോടും.
സ്വന്തം കൈയ്യില്‍നിന്ന്
കണ്‍മുമ്പില്‍ വീണ്
ഠപ്പെന്നു പൊട്ടിപ്പോയി

ഇനിയിപ്പോള്‍
ഒരേ കരച്ചില്‍
കാരണം അങ്കലാപ്പുതന്നെ
ലോകത്തിലെ ഏറ്റവും ശക്തമായ സാധനം
അത്ര അനായാസമാണ്
വീണതും പൊട്ടിയതും

പൊന്‍വെയിലില്‍
അവന്റെ നിറമിഴികള്‍
അപ്പോഴും പതിഞ്ഞിരുന്നു
വീണുകിടക്കുന്ന സ്വന്തം പുലിയില്‍.
പൊടുന്നനെ അവനു തോന്നി,
പുലി ചെറുതായൊന്നിളകി
സ്വന്തം കഷണങ്ങളില്‍നിന്നും
കണ്ണഞ്ചിപ്പിച്ചെഴുന്നേറ്റു
കാണെക്കാണെ
ജനാലയിലൂടെ
ഒറ്റക്കുതിപ്പിനു പുറത്തേക്ക്

ഇനിയെന്തു  ചെയ്യും?
ഞാനൊരേ വിചാരത്തില്‍
അപ്പോള്‍ നിരത്തിലുണ്ട്
നമ്മുടെ കവി ത്രിലോചന്‍
ഞാന്‍ പറഞ്ഞു
'ശാസ്ത്രിജി, കൊച്ചൊരേ കരച്ചില്‍
എന്തെങ്കിലും ചെയ്തേ പറ്റൂ'
'വരൂ, നമുക്കു വാങ്ങിവരാം
മറ്റൊരു പുലിയെ'
ഞാന്‍ പറഞ്ഞു 'പറ്റില്ല
ഒരേ വാശി
അവനു വേണം
അതുമാത്രം.
ഉടയുംമുമ്പുള്ള
അതേ പുലിയെ മാത്രം.'

ഒന്നുലഞ്ഞു
പിന്നെ
അദ്ദേഹത്തിന്റെ കണ്ണില്‍ ഇളക്കം
വിചിത്രമായ ഒരു തിളക്കം
പറഞ്ഞു, 'വാ, അതുതന്നെ വാങ്ങിവരാം'

ഞാന്‍ ചോദിച്ചു 
'അത്! അതെവിടെക്കിട്ടാനാ?'
'കിട്ടും' അദ്ദേഹം മന്ത്രിച്ചു
എവിടെയെങ്കിലും
ഏതെങ്കിലും കുശവന്റെ
കണ്ണുകളില്‍
തീര്‍ച്ചയായും ഉണ്ടാവും
അത് അതേപടി

ശങ്കിച്ചതേയില്ല
വച്ചടിച്ചു
അദ്ദേഹത്തിനൊപ്പം

ശേഷമെത്ര പിന്നിട്ടൂ കാലം
ഞങ്ങളിപ്പോഴും നടത്തത്തിലാണ്
മുന്നില്‍ കവി ത്രിലോചന്‍
പിന്നില്‍ ഞാനും
നിലത്തുവീണുടയുംമുമ്പ്
അതെന്തായിരുന്നോ
അതേ പുലിയെത്തിരഞ്ഞ്
*
പതിമൂന്ന്
*
അവര്‍ പോവുകയായിരുന്നു
ശീലംകൊണ്ടും ഉറക്കംകൊണ്ടും
കാളവണ്ടികള്‍ കനംതൂങ്ങി
പുലി അവയെ നോക്കുന്നുമുണ്ടായിരുന്നു
ഏതോ കവിയുടെ കവിതയില്‍
ഞാന്‍ എപ്പൊഴോ കണ്ട
ആ പുലിയായിരുന്നില്ല അത്
ജീവനും തുടിപ്പുമുള്ള പുലിയായിരുന്നു
നിശ്ശബ്ദനായി നിന്ന്
നോക്കുകയാണത്
അകന്നുപോകുന്ന കാളവണ്ടിയെ
മുമ്പും അതു കണ്ടിട്ടുണ്ട് പലവട്ടം
എന്നും ഇങ്ങനെയാണവ ഓടിയിരുന്നത്
ചേരികളില്‍നിന്നും നഗരത്തിലേക്ക്
എന്തെങ്കിലും ചിലതു ചുമന്ന്
എപ്പോഴുമെപ്പോഴും
സ്വന്തം പങ്കു ഭൂമിയെ
ഉഴുതുംകൊണ്ട് കാളവണ്ടികള്‍

ഇപ്രാവശ്യം അകന്നുപോകുന്ന
കാളവണ്ടികളോട്
അവനു പ്രേമം തോന്നി
രസം തോന്നി
ഉരുണ്ടുരുണ്ടു കറങ്ങുന്നു ചക്രങ്ങള്‍
ശ്വാസംപോലെ തോന്നി
ചക്രങ്ങളില്‍നിന്ന് ഒലിച്ചിറങ്ങുന്ന
ആ വലിഞ്ഞുനേര്‍ത്ത ഗീതം
അവന്‍ നിന്ന നില്‍പ്പില്‍
നോക്കിക്കൊണ്ടിരുന്നു
അകലുന്ന കാളവണ്ടികളെ
ഞാനെന്തെങ്കിലും ചെയ്തേ പറ്റൂ
എന്തെങ്കിലും ചെയ്യണം
അവന്‍ വിചാരിച്ചുകൊണ്ടിരുന്നു
വീണ്ടും വീണ്ടും
പക്ഷെ
കാണെക്കാണെ
അനന്തമായൊരു ചെരിവില്‍
കിടന്നുരുണ്ട്
നിരങ്ങിനിരങ്ങി അകലുകയായിരുന്നു
കാളവണ്ടികള്‍

അവര്‍ നീങ്ങിക്കൊണ്ടേയിരുന്നു
മരപ്പൊത്തുകളില്‍
നദികളുടെ മര്‍മ്മരത്തില്‍
തിളങ്ങുന്ന വെള്ളത്തിലൂടെ
കാറ്റില്‍ കടുകുപാടത്തിന്‍ കിലുകിലുക്കത്തിലൂടെ
അകന്നു പൊയ്ക്കൊണ്ടിരുന്നു അവര്‍
*
പതിനാല്
*
പുകയുയരുന്നതേയില്ല
കിഴക്കുപടിഞ്ഞാറുകളിലെവിടെനിന്നും
വൈകുന്നേരമായിക്കഴിഞ്ഞു
അമ്പരന്നു വെപ്രാളപ്പെട്ടു പുലി
എന്തുപറ്റീ എന്തു പറ്റീ
പുക ഉയരുന്നതേയില്ല
അതിനറിയാമായിരുന്നു
എവിടന്നുമുയരാം പുക
അവിടെ ഗ്രാമം
അമറുന്നൂ കന്നുകാലി
ചൂടുള്ള വീടുകള്‍
അവിടുന്നെത്തുന്നൂ മനുഷ്യഗന്ധം

ഇതാദ്യമായി പുലി ശങ്കിച്ചുപോയി
പുകയേ ഇല്ലാത്തതിനാല്‍
ഗ്രാമംതന്നെ ഇല്ലെന്ന്.
എമ്മെട്ടെമ്മട്ടെന്നറിയില്ല
പുലിക്കു തോന്നുകയായി
വെറുതെയിരിക്കാന്‍ വയ്യ
കുതികുതിക്കാന്‍ ഉന്മേഷവുമില്ല

എല്ലാമുണ്ടായിരുന്നു
മരങ്ങളിലിലകള്‍
നദികളില്‍ ജലം
മാനുകളില്‍ ഇറച്ചി
എല്ലാമുണ്ടായിരുന്നു
പുകമാത്രം ഉയരുന്നില്ലായിരുന്നു
*
പതിനഞ്ച്
*
ഒരു രാത്രി
ശിതം ഭയാനകം
പുലി കണ്ടു
കത്തുന്നുണ്ടെങ്ങോ തീ

കത്തിയിരുന്നത് ഒരു വീട്ടിനുള്ളില്‍
കുറ്റിക്കാടു മൂടിയ വീടൊരു ബംഗ്ലാവ്
അവിടുന്നാണ് വരുന്നത്
പരിചിതമായ ഏതോ
മരം കത്തും മണം

സ്വന്തം പരമ്പരയില്‍പ്പെട്ട ഒന്നായി
ആ മണത്തെ പുലി അറിഞ്ഞു

വാതില്‍പ്പഴുതിലൂടെ
ആദ്യം കണ്ടതു കുട്ടികളെ
പാതിയുറക്കത്തില്‍
പാതിയുണര്‍ന്ന്
ആണിരിപ്പ് ഏതോ മറയത്ത്
എന്നാല്‍ തെളിഞ്ഞു കാണാം
പെണ്ണിന്റെ മുഖം
തീക്കു മുന്നില്‍
അവളുടെ മുഖം
ശരിക്കും ഒരു പെണ്ണിന്റേത്
തീക്കു ചുറ്റുമായി അവരുടെ ഇരിപ്പ്
വീടിനുള്ളിലെ ആ മുഴുവന്‍ കാഴ്ചയും
പുലിക്കു വിസ്മയം
തീജ്ജ്വാലകളില്‍നിന്നും
അരിച്ചിറങ്ങുന്നു
ഒളിച്ചുവെക്കപ്പെട്ടവയെന്നോണം
പതിഞ്ഞ ഒച്ചകള്‍
തന്റെ ശരീരത്തില്‍നിന്നുയരുന്ന
ദുര്‍ഗ്ഗന്ധത്തെ
പുലി അന്നാദ്യമായി പേടിച്ചു

'എന്നെ കൊല്ലും, കൊല്ലും' - അതിനൊരേ ചിന്ത

പക്ഷെ അഗ്നിയുടെ ഇന്ദ്രജാലം
അതിനുള്ളിലെ ഭയത്തെ
അഭയമാക്കി മാറ്റി
പൊടുന്നനെ അതു കണ്ടു
ചത്തൊരു പുലിയുടെ നീണ്ട ഉടല്‍
അവിടെ ചുമരില്‍ തൂങ്ങിയിരുന്നു

നിലവിളിക്കാന്‍ കൊതിച്ചു ആദ്യം
എന്നാല്‍ നിലവിളിക്കാനറിയില്ലായിരുന്നു
എങ്കിലും ഉള്ളിലെവിടെയോ
ഇങ്ങനെ നിലവിളിക്കുകയായിരുന്നു
അതു നോക്കൂ... അതു നോക്കൂ...
അവിടെ ചുമരില്‍ തൂങ്ങുന്നത്
അത് എന്റെ... അതെ, അതെ
അത് എന്റെ ഉടലാണ്
*
പതിനാറ്
*
കാറ്റിന്റെ
സുഗന്ധം നിറഞ്ഞ കൊടും തള്ളല്‍.
പുലി എങ്ങോ കൂട്ടില്‍ പെട്ട കാലം.
ചെറുതായൊന്നു വിറച്ചുപോയി.
മാമ്പഴം പഴുക്കുന്നുണ്ടാവണം
അങ്ങു കാട്ടില്‍, അത് ഓര്‍ത്തുപോയി

പിന്നെ മുഖം തെല്ലയച്ചു
മൂക്കു വിടര്‍ത്തി
ഭൂമിയോളം നീണ്ട
ഒറ്റ ദീര്‍ഘശ്വാസമെടുത്തു
കെട്ടു
ബോധം
*
പതിനേഴ്
*
പൊതുവേ ഈ മഹത്വമെന്നത്
പൊള്ളയായ ഒരു വാക്കു മാത്രമാണ്
അവിടെ അത് തൃഷ്ണ
ഭയാനകമായ ഒരു സന്തുലനം
അതിന്റെ ഉടലില്‍നിന്നുമുയരുന്ന
അസഹ്യമായ ദുര്‍ഗ്ഗന്ധം

സ്വന്തം പരിധിക്കകത്ത്
നൂറുകണക്കിനു വട്ടം ചുറ്റിക്കറങ്ങിയശേഷം
തന്റെ അസ്തിത്വത്തിന്റെ വ്യര്‍ത്ഥതയില്‍
തളര്‍ന്നെന്നു തോന്നിപ്പിക്കും മട്ടില്‍
അകപ്പെട്ടുപോയ ലോഹക്കൂടിന്റെ
നേര്‍ത്ത കമ്പിയില്‍ ചാരിക്കിടന്ന്
പരുപരുത്ത നീണ്ട നാവുകൊണ്ട്
സ്വന്തം ഗുഹ്യഭാഗത്തു നക്കി
ഉപ്പു നോക്കുകയായിരുന്നു അത്

ഈ പ്രവൃത്തിയില്‍ അവന്‍
അത്രയും തനിച്ച്
എന്നാലും
അത്രയും ലയിച്ച്
അപ്പോള്‍ അവന്‍
മനുഷ്യനല്ലെന്ന്
എനിക്കു തോന്നിയതേയില്ല
*
പതിനെട്ട്‍
*
അവര്‍ക്കു പേടി
ഒരുനാള്‍
ഒടുങ്ങിപ്പോകും പുലിയായ പുലിയെല്ലാം
ഒരുനാളങ്ങനെ വന്നെത്തും
മറ്റൊരു നാളില്ലാത്ത വിധം
ഭൂമിയിലെ പുലിയായ പുലിയെല്ലാം
ഒതുങ്ങിപ്പോകും
കുട്ടികളുടെ പുസ്തകത്താളുകളില്‍

എനിക്കും പേടിയുണ്ട്
പക്ഷെ എന്റെ യഥാര്‍ത്ഥ ഭയം
പുലിയിലും മിഴിവുള്ള പേടി അതല്ല
കൈകള്‍ എവിടെയാകും ഉണ്ടാവുക
കണ്ണുകള്‍ എങ്ങുണ്ടാകും
പുസ്തകം വായിക്കാന്‍
അവ അച്ചടിക്കാന്‍ പ്രസ്സുകള്‍
ടൈപ്പു ചെയ്യാന്‍ നഗരങ്ങള്‍
'ക' ക്കു ശേഷം
'ല' യോ 'ശ' യോ
എവിടുന്നോ ഓടിച്ചാടിയെത്തുന്ന
താളുകള്‍ എങ്ങാണുണ്ടാവുക
കാറ്റ് അതുകേട്ട്
സ്വന്തം സ്മൃതിയില്‍ പതിപ്പിക്കുന്നു
ഒരു മുഴുവന്‍ വാക്കായി
ഇലകള്‍ അതാവര്‍ത്തിക്കുന്നു
പിന്നെ ഭൂമിയിലെ ഏതെല്ലാമോ
അദൃശ്യനക്ഷത്രങ്ങളിലൂടെ സഞ്ചരിച്ച്
ഏതോ വിദൂരമായ ആശുപത്രിയില്‍
ജനലരികില്‍
മരിച്ചുകൊണ്ടിരിക്കുന്ന
മനുഷ്യന്റെ ചുണ്ടുവരെ ചെന്ന്
നിശ്ശബ്ദം രൂപം കൊള്ളുന്നു
ഒരു ചെറിയ
മധുരമായ
ജീവിതഗാനം

എന്റേത്
അതിരില്ലാത്ത
ഋജുവായ ഭയം
ഈ ഭയം എങ്ങാണുണ്ടാവുക?
*
പത്തൊമ്പത്
*
സൂര്യനസ്തമിക്കുമ്പോള്‍
ഒരു മനുഷ്യന്‍
നഗരത്തിലെ ഏറ്റവും വലിയ
ഗോപുരത്തിനുമീതെയേറി
അലറുകയാണ്
കൂട്ടരേ,
ഈ നൂറ്റാണ്ട് ഒടുങ്ങുകയായി
ഒടുങ്ങുകയായി
മുഴുവന്‍ പര്‍വ്വതങ്ങളും നദികളും
ഹൌറയിലെ പാലം
വിമാനച്ചിറകുകള്‍
നെയ്യുന്ന കരങ്ങള്‍
ചലിക്കുന്ന പാദങ്ങള്‍
എല്ലാം ഒടുങ്ങുന്നു
പക്ഷെ കൂട്ടരേ,
നമുക്കു ജീവിക്കണം
ജീവിക്കണം പുലിക്കൊപ്പം
ജീവിക്കണം പുലിയില്ലാതെയും
വെള്ളം ജീവിക്കുംപോലെ
കല്ലുകള്‍ ജീവിക്കുംപോലെ
ജീവിച്ചേ പറ്റൂ

ജീവിക്കണം
കയറില്‍ തൂങ്ങിയാടി
കഴുമരത്തില്‍നിന്നും തിരിച്ചെത്തി
ജീവിക്കണം

സമയം എത്ര പരിമിതമെങ്കിലുമാവട്ടെ
സ്ഥലം അതിലും പരിമിതവും.
നഗരത്തില്‍
ഒരു സൈക്കിളിലുള്ളത്രയും കുറച്ച്
കാറ്റുമാത്രം ബാക്കിയാവട്ടെ
എന്നാലും ജീവിക്കണം
ജീവിക്കണം ഇവിടെത്തന്നെ
ഇവിടെ
ഈ നഗരത്തില്‍ വേണം
ഇഞ്ചിഞ്ചായി ജീവിക്കാന്‍
ഓരോ മണ്‍തരിയിലും
ഓരോ നിമിഷവും ജീവിക്കണം
എങ്ങനേയുമാവട്ടെ
ഇവിടുന്നവിടം വരെ
മുഴുവനായും ജീവിക്കണം

ആ മനുഷ്യന്‍
ആ നഗരത്തിലെ
ഏറ്റവും ഉയര്‍ന്ന ഗോപുരത്തില്‍
കയറിനിന്നയാള്‍
യഥാര്‍ത്ഥത്തില്‍
എവിടെയും
ഉണ്ടായിരുന്നതേയില്ല
*
ഇരുപത്
*
പിറ്റേന്നു വീണ്ടും വന്നു
പട്ടണത്തില്‍ വ്യാഘ്രം
ഇത്തവണ
തീപോല്‍ ആളിയുമിളകിയും
ഒന്നിനേയും ഭയക്കാതെ
പട്ടാപ്പകല്‍
ഒരു സുന്ദരന്‍ പുലി
ഏവരേയും ബന്ദികളാക്കി
അലഞ്ഞുതിരിയുന്ന ഇന്ദ്രജാലം

അതു നിരന്തരം
നടന്നുകൊണ്ടേയിരുന്നു
നടക്കുകയായിരുന്നതിനാല്‍ സുന്ദരം
സുന്ദരമായിരുന്നതിനാല്‍
ലേശവുമില്ല ഭയം
പ്രാര്‍ത്ഥനകളില്‍ പുലി നിറഞ്ഞു
സ്കൂളില്‍ കുട്ടികള്‍ പുലി പഠിക്കുന്നു
ആളുകള്‍ സ്വസ്ഥമായിരുന്ന്
പുലി തിന്നുന്നു
പുലി കുടിക്കുന്നു
തീപ്പെട്ടിക്കുള്ളില്‍
ചായക്കോപ്പയില്‍
ടി.വി.സ്ക്രീനില്‍
ഇളകിയാടുന്നു പുലി

ചിലര്‍ കണ്ടു
അതിന്റെ കണ്ണുമാത്രം
ചിലര്‍ അതിന്റെ ഉടലിലെ വരകള്‍‌
ചിലര്‍ താടിയെല്ലു മുഴുക്കെ.
ചിലര്‍ കണ്ടു പൃഷ്ഠം
ആരും പുലിയെ
മുഴുക്കെക്കണ്ടില്ല
എല്ലാവരും കൃതജ്ഞര്‍
ആ മഹാസൂര്യനോട്
കാരണം
പട്ടാപ്പകല്‍ എല്ലാരും
അവരുടെ വേല തുടരുമ്പോള്‍
കണ്ടുകിട്ടിയല്ലോ
ഏവര്‍ക്കും
ലേശം ലേശം പുലിയെ
*
ഇരുപത്തിയൊന്ന്
*
പ്രിയരേ,
ഇങ്ങനെ ഋതുചക്രം പൂര്‍ത്തിയാവുന്നു
ചക്രത്തിനൊരൊറ്റ ഗമനം
നിരന്തരചലനം
ചാക്രികതയ്ക്കു വിരുദ്ധം

ഇപ്പോള്‍ ഇതിലേക്ക്
പുലി
വന്നെങ്കില്‍ വന്നു
അതിലെനിക്കൊന്നും ചെയ്യാനില്ല
നിറയൊഴിക്കുകയല്ലാതെ
അതെനിക്കു സമ്മതവുമല്ല

കാരണം
ആ വരവൊരു സൂചന
കാറ്റിപ്പോഴുമുണ്ട്
വെള്ളമിപ്പോഴുമെങ്ങോ
അതേ മട്ടില്‍ ഒഴുകുന്നുമുണ്ട്

പ്രിയരേ,
പുലിതന്നെയല്ലേ
യുഗങ്ങള്‍ക്കു മുമ്പ്
ഒരു വൈകുന്നേരം
വൈയ്യാകരണന്‍ പാണിനിയുടെ
ഭാഷ എന്ന ആശ്രമത്തില്‍
വന്നിരുന്നതായി പറഞ്ഞുകേള്‍പ്പത്
ഏതോ പുതിയ സൂത്രം
പഴയ താളിയോലയുടെ ഗന്ധത്തില്‍
ഉടക്കിയിരിക്കെ
അതിന്റെ കുരുക്ക്
അഴിച്ചുകൊണ്ടിരിപ്പാണു മുനി
അപ്പോഴാണ്
പുറത്തു മുരളിച്ച

വൈയ്യാകരണന്‍ മുനിക്ക്
ഇതു തീര്‍ച്ചയായും
പുത്തന്‍ സമസ്യ
കാരണം
അവിടുത്തെ സ്മൃതിയില്‍
എത്രമാത്രം സൂത്രമുണ്ടോ
അതിലൊന്നും ഈ ശബ്ദം
ഉള്‍പ്പെടുന്നുണ്ടായിരുന്നില്ല

മുനി പുറത്തുവന്നു
വ്യാഘ്രത്തിനുനേരെ വിരലുയര്‍ത്തിപ്പറഞ്ഞു
കാട് കാട്
ഇത്രയ്ക്കു പിഴച്ചുച്ചരിക്കരുത്

അപ്പുറമെന്തുണ്ടായി
കേട്ടുകേള്‍വി ഇവിടെ നിശ്ശബ്ദം
എന്നാല്‍
ഭാഷയുടെ ആശ്രമത്തിലെ
വലിയൊരു പഴുതിലൂടെ
തീക്ഷ്ണമായൊരു മുരള്‍ച്ച
മെല്ലെമെല്ലെ അമര്‍ന്നമര്‍ന്ന്
ഒടുങ്ങിത്തീരുന്നതിന്റെ ശബ്ദം
കാലാകാലമായി കാതില്‍ വീണുകൊണ്ടേയിരിക്കുന്നു

അവസാനമായി പ്രിയരേ
ഇത്രമാത്രം
ഒടുക്കം എന്നത്
സ്വന്തം വിസ്ഫോടനത്തില്‍
ശബ്ദങ്ങളെ ഇല്ലാതാക്കുന്ന
വെറുമൊരു ശൈലി മാത്രം
ഓരോ തവണയും ബാക്കിയാവുന്നുണ്ട്
പച്ചയായ
ആദ്യത്തെ മണ്ണുപോലെ
പുത്തന്‍ തുടക്കം
ഇവിടെനിന്നും
എന്തിനും
വീണ്ടുമൊരു തുടക്കം സാദ്ധ്യമാണ്
വീണ്ടും ചോക്ക്
അ മുതല്‍ ക്ഷ വരെ വീണ്ടും
എണ്ണല്‍സംഖ്യകള്‍
നൂറുമുതല്‍ പൂജ്യത്തിലേക്കു വീണ്ടും
സൂര്യാസ്തമയത്തില്‍നിന്ന്
സൂര്യഘടികാരത്തിലേക്ക്
സമയം വീണ്ടും

ഈ 'വീണ്ടും' തന്നെ
വീണ്ടും വീണ്ടും