എനിക്കു പോകാനുള്ള സമയമായി.

അമ്മേ, ഞാന്‍ പോകുന്നു.

ഏകാന്തമായ പ്രഭാതസന്ധ്യയിലെ അലിഞ്ഞുപോവുന്ന ഇരുട്ടില്‍
കിടക്കയില്‍ അമ്മയെന്നെ പരതുമ്പോള്‍ ഞാന്‍ വിളിച്ചു പറയുംڈ:
"കുട്ടി അവിടെയില്ല..."
അമ്മേ, ഞാന്‍ പോകുന്നു...

ഒരു കുളിര്‍കാറ്റായി വീശിയെത്തി അമ്മയെ തഴുകാന്‍ എനിക്കാവും;
കുളിക്കുമ്പോള്‍, കുഞ്ഞോളങ്ങളായി ഒഴുകി വന്ന്
അമ്മയെ ഉമ്മവെച്ചു കൊണ്ടേയിരിക്കാന്‍ എനിക്കു കഴിയും.

മൂടിക്കെട്ടിയ രാത്രിയില്‍, ചാറ്റല്‍മഴ ഇലകളിലേക്ക് പെയ്യുമ്പോള്‍
കിടക്കയില്‍ എന്‍റെ പിറുപിറുക്കലുകള്‍ അമ്മക്കു കേള്‍ക്കാനാവും.
തുറന്നിട്ട ജനാലയിലൂടെ, എന്‍റെ പൊട്ടിച്ചിരി
ഇടിമിന്നലിനോടൊപ്പം അറയില്‍ തിളങ്ങിയെത്തും.

എന്നെക്കുറിച്ചു ചിന്തിച്ചു ചിന്തിച്ച്
പാതിരാത്രിയിലെപ്പോഴോ അമ്മ ഉണര്‍ന്നെണീക്കുമ്പോള്‍
ഞാന്‍ നക്ഷത്രങ്ങളില്‍ നിന്ന് അമ്മക്ക് താരാട്ടു പാടിത്തരും.
വിറപൂണ്ട ചന്ദ്രരശ്മികളോടൊപ്പം
ഒരു ചോരനെപ്പോലെ കിടക്കയിലെത്തി,
അമ്മ ഉറങ്ങുമ്പോള്‍ 
ഞാന്‍ അമ്മയുടെ മാറിടയില്‍ ചേരും.