കുന്നിൻ ചെരുവിലൊരു
ചെറ്റക്കുടിൽ
കണ്ണുകൾ കുഴിഞ്ഞ്
വാ പൊളിച്ചിരുന്നു
അതിനു വല്ലാതെ വിശക്കുന്നുണ്ടായിരുന്നു
വെയിലും
കാറ്റും
മഴയും
അതിന്റെ വായിലേക്ക്
അലിവോടെ ചെരിഞ്ഞു പെയ്തു കൊടുത്തു
സന്ധ്യ അവളുടെ തുടുത്ത ഓറഞ്ച് അല്ലികൾ
തൊലിയുരിച്ചു കൊടുത്തു
നീല ബ്ലൗസിന്റെ ഹുക്കഴിച്ച്
നിലാവ് പാലു കൊടുത്തു
അന്തിയ്ക്ക് അകത്താരോ
റാന്തല് കത്തിച്ചപ്പോൾ
തിന്ന വെളിച്ചങ്ങളും പാലും
ഓറഞ്ച് അല്ലികളും
കണ്ണു തുറിച്ചുകൊണ്ട്
അത് പുറത്തേക്ക് ഛർദ്ദിച്ചു.
പാതിരാവിലെപ്പോഴോ
വായടച്ച്
ചിറി തുടച്ച്
പാവം അതിരുന്നുറക്കമായി