jayakrishnana

വളഞ്ഞു നിവരുന്ന റോഡിനൊപ്പം

വളഞ്ഞു നിവരുന്ന റോഡിനൊപ്പം
വളഞ്ഞു നിവരുന്ന നിങ്ങളെ
ഭ്രാന്തു പിടിച്ചവരെന്നായിരിക്കും
റോഡ് എഴുതി വാങ്ങുക

ദൂരവും സമയവും
അണുവിടമാറാതെ നിൽക്കുന്നത്
നിങ്ങളുടെ ശ്രദ്ധ ഒന്നു കൊണ്ടു മാത്രമാണ്

വഴികളായ വഴികളൊക്കെ
ചുരുണ്ടു കിടന്നുറങ്ങാത്തത്
നിങ്ങളുടെ കൃത്യനിഷ്ഠയെ പേടിച്ചാണല്ലോ

നിങ്ങളുണ്ടാവുന്നതു കൊണ്ടാണല്ലോ
എല്ലായിടവും ഓടുന്നത് ഒഴിയുന്നത്
നിറയുന്നത്

വഴിക്കിരുവശവുംപന്തലിച്ചുനിൽക്കുന്ന
കോൺക്രീറ്റു മരങ്ങളുണ്ടല്ലോ
അവ ഇലകൾ പോലും പൊഴിക്കാനാവാതെ
ചീറിപായുന്ന നിങ്ങളെയും നോക്കിയിരിപ്പാണ്

നിങ്ങൾ വേഗതയെ പറ്റി
ഒരു ബോധവുമില്ലാത്തവനെ്റ
ബോധം തന്നെ ഇടിച്ചു തെറിപ്പിക്കുന്നു

തെരുവുകളിൽ പോലും ഏകാന്തനാവുന്നവനെ്റ
ചെവിയിൽ അട്ടഹസിച്ച്
ആൾക്കൂട്ടത്തിൽ ലയിപ്പിക്കുന്നു

ചിലപ്പോൾ നട്ടുച്ചയുടെ ദാഹത്തിന്
ഇത്തിരി ചോര ഇറ്റിച്ചു കൊടുക്കുന്നു

നിങ്ങൾ എത്ര പാവങ്ങളാണ്

അവസാന യാത്രക്കാരനും ഇറങ്ങി പോയി
ഡ്രൈവറും കണ്ടക്ടറും ഉപേക്ഷിച്ചു പോയി
രാത്രി സമയവും വേഗവും എല്ലാം മറന്ന്
വേഗത്തിനെ്റ എതിർദിശയിലേക്ക്
പരമാവധി വേഗത്തിലെന്ന പോലെ
പരസ്പരം ഒന്നു തൊടാൻ പോലുമാകാതെ
നിങ്ങൾ ഉറങ്ങി കിടക്കുന്നത്
ഞാൻ കണ്ടിട്ടുണ്ട്

നിങ്ങള്‍ക്ക് ഇടയിലുള്ള സ്ഥലങ്ങളിൽ
തെരുവു നായ്ക്കൾക്ക്
ഇണ ചേരാൻ ഇടം കൊടുക്കുന്നതും