കുട്ടിയുടെ കണ്ണുകളില്‍
തിടുക്കത്തില്‍ തത്തിക്കളിക്കുന്ന ഉറക്കം
എവിടെനിന്നാണു വരുന്നതെന്ന് ആര്‍ക്കെങ്കിലുമറിയുമോ....?

ശരിയാണ്;
മിന്നാമിനുങ്ങികളുടെ വെളിച്ചം മാത്രം 
എപ്പോഴെങ്കിലും മുനിഞ്ഞെത്തുന്ന
കൊടുംകാടിന്‍റെ നിഴലിലുള്ള ഒരു മായാഗ്രാമത്തില്‍
പേരറിയാത്ത ആ ചെടിയില്‍ തൂങ്ങിയാടുന്ന
അത്യാനന്ദത്തിന്‍റെ രണ്ടു നാണംകുണുങ്ങിപ്പൂമൊട്ടുകളില്‍
അതിന് അതിന്‍റെ കുടിപാര്‍പ്പുണ്ടെന്ന്
ഒരു കേട്ടുകേഴ്വിയുണ്ട്.
അവിടെനിന്നാണത്രെ ഉറക്കം
കുട്ടിയുടെ കണ്ണുകളില്‍ ഉമ്മവെക്കാന്‍ വരുന്നത്.

ഉറങ്ങുമ്പോള്‍
കുട്ടിയുടെ ചുണ്ടുകളില്‍ ചഞ്ചലിക്കുന്ന ആ പുഞ്ചിരി
എവിടെയാണുണ്ടായതെന്ന് ആര്‍ക്കെങ്കിലുമറിയുമോ.....?

അസ്തമിക്കാറായ ഒരു ചന്ദ്രക്കലയുടെ വിളറിയ രശ്മി,
മാഞ്ഞുപോവുന്ന 
ഒരു ശരത്ക്കാലമേഘത്തിന്‍റെ തുഞ്ചത്ത് തൊട്ടപ്പോള്‍
മഞ്ഞില്‍ മുഖം കഴുകിയ ഉഷഃസന്ധ്യയുടെ 
പുലര്‍കിനാക്കളിലെപ്പോഴോ ആണ്
അത് ആദ്യമായി പിറന്നതെന്ന് ഒരു ഊഹാപോഹമുണ്ട്,
കുട്ടിയുടെ ചുണ്ടുകളില്‍ ചഞ്ചലിക്കുന്ന ആ പുഞ്ചിരി.

കുട്ടിയുടെ മൃദുമേനിയുടെ സുഗന്ധിയായ ഈ നവമ
ഇത്രകാലം എവിടെയായിരുന്നുവെന്ന് ആര്‍ക്കെങ്കിലുമറിയാമോ.....?

അമ്മയുടെ കൗമാരത്തില്‍, അത്
മൃദുലവും നിശ്ശബ്ദവുമായ ഒരു പ്രണയമൊട്ടായി
അവളുടെ ഹൃദയത്തില്‍ വസിക്കയായിരുന്നു.
എന്നിട്ടാണത്രെ
കുട്ടിയുടെ അവയവങ്ങളില്‍ മൃദുഗന്ധമായി പൂത്തുലയുന്നതിന്
ആരുമറിയാതെ അത് വളര്‍ന്നു വിരിഞ്ഞു വന്നത്;
കുട്ടിയുടെ മൃദുമേനിയുടെ സുഗന്ധിയായ ഈ നവമ.