ഉറക്കത്തിനു തൊട്ടുമുമ്പുള്ള
ചില നിമിഷങ്ങളിൽ
കമിഴ്ന്നു കിടന്ന്
കണ്ണടച്ചു പിടിക്കുമ്പോൾ
പ്രപഞ്ചോല്പത്തി കാണാം.
കറുപ്പാണ് പശ്ചാത്തലം.
ഭയങ്കര കറുപ്പ്
അന്നേരം ചില മിനുക്കങ്ങൾവന്ന്
കൂട്ടിമുട്ടി വെളിച്ചങ്ങളുണ്ടാകുന്നു.
ഹായ്! മഞ്ഞത്തരികൾ
നീല ഉരുളിച്ചകൾ
തവിട്ടു പരപ്പുകൾ
വയലറ്റും പച്ചയും നിറത്തിലുള്ള
അരൂപികളായ പൊടിക്കൂട്ടങ്ങൾ
കറുത്ത അനന്തതകൾ
വെളുത്ത അപാരതകൾ
കീഴ്മേൽമറിയുകയാണെല്ലാം
ഏതാണാദി?
ഏതാണന്തി?
തെക്കേത്?
വടക്കേത്?
അച്ചുതണ്ട് പൊട്ടിപ്പോയ ഞാന്‍
ഴ ഴ ഴ എന്നു കഴയുകയാണ്
ഴ ഴ ഴ ഴ
ഴ ഴ ഴ ഴ
ഴ ഴ ഴ ഴ
ഴ. . .
അപ്പോൾഅമ്മ വന്ന്
ലൈറ്റോഫാക്കുന്നു.