കപ്പലിൽ നില്ക്കുന്ന എനിക്ക്
ഹാർബർ
അനങ്ങുന്നതായിട്ടേ തോന്നൂ
ഹാർബറിനോടൊപ്പം
ലോഡിറക്കുന്ന വണ്ടികളും.
ഉള്ളി, ഉരുളക്കിഴങ്ങ്
തക്കാളി പുറുത്തിച്ചക്ക
നിരയായിറക്കി
അട്ടിയായി അടുക്കി വയ്ക്കും.
സി ഐ ടി യു
എ ഐ ടി യു സി
യു ടി യു സി
ഷിഫ്റ്റനുസരിച്ച്
മാറി മാറി വന്ന്
വെസർപ്പൊഴുക്കും.
മോളിലൊരു ആപ്പീസറുണ്ടാകും
ചരക്ക് പൊട്ടിയാൽ
വലിയ വായിൽ
കീറിവിളിച്ചോണ്ട്
ശാസിക്കാൻ.
ചെട്ടെന്ന് ചെട്ടെന്ന്
1തൊളുത് തീരാനുള്ള
തൊരയിൽ
2ഊത്തംവെച്ച ഒടമ്പ്
എലുമ്പാകും.
3മോന്തിച്ച്
വീട്ടിലെത്തി
കൊട്ടാവി4 വിടുമ്പോൾ
മക്കൾ
കരയുന്നതായിട്ടേ തോന്നൂ
അവർ ഉറക്കമാണെങ്കിലും.


1. ജോലി
2. വണ്ണം
3. അന്തിയ്ക്ക്
4. കോട്ടുവാ