sindhum

രണ്ടു ലെസ്ബിയന്‍ മുലകള്‍

ഒരു ചെറിയ ഈരഴ തോർത്ത്
ചക്കമുലകൾക്ക് കുറുകെയിട്ട്
ഞാനൊന്നുമറിഞ്ഞില്ലേ  രാമനാരായണ
എന്ന ഭാവത്തിൽ നടക്കുന്ന
ആച്ചേടത്തിയെ ഓർമ്മവരും
മുലചരിത്രം  പറയുമ്പോൾ

പെണ്ണുങ്ങൾക്ക് മാറുമറയ്ക്കാമെന്ന
നിയമം വന്നതൊന്നും അറിയാത്ത പോലെ
മക്കളെ സ്വതന്ത്രമായി മുറ്റത്തു
തുള്ളിക്കളിക്കാൻ വിട്ട്
കൗതുകത്തോടെ നോക്കിയിരിക്കുന്ന
അമ്മയെ പോലെ

കനമുള്ള ആ മുലകൾ
പുരുഷസ്പര്‍ശമേല്ക്കാത്ത സുന്ദരിമാര്‍
അടക്കിചിരിക്കുന്നത്
ഉരുമ്മി ഇക്കിളികൂട്ടുന്നത്
പരസ്പരം  ഉമ്മ വെക്കുന്നത്
ഇണചേരുന്നത്  ഒക്കെ കാണാം
ഈരഴതോർത്തിന്റെ വിടവിലൂടെ

തന്റെ പ്രായത്തിലുള്ള മറ്റു പെണ്ണുങ്ങളൊക്കെ
മുലക്കച്ചയും പുള്ളിക്കുപ്പായങ്ങളുംകൊണ്ട്
മാറു മറച്ചപ്പോളും
ഒഴുകിപ്പരന്നാ സ്വാതന്ത്ര്യം മുറുക്കികെട്ടാൻ
ആച്ചേടത്തി  തയ്യാറായില്ല
കാറ്റിനും വെളിച്ചത്തിനും ആവോളം
ഉമ്മവെക്കാൻ കൊടുത്ത് അവയെ പോറ്റി
യഥേഷ്ടം മേയാൻ വിട്ടു

ആൺനോട്ടങ്ങളെ കൂസാത്ത
രണ്ട്‌ തെറിച്ച പെണ്ണുങ്ങളെപ്പോലെ
ആ മുലകൾ ദിനംപ്രതി വളർന്ന്
കുളത്തിലും  പറമ്പിലും ആച്ചേടത്തിക്കൊപ്പം
തുള്ളി തുളുമ്പി നിറഞ്ഞു

നീലയും മഞ്ഞയും പുള്ളി ബ്ലൗസുകളിടുന്നത്
മറ്റു മുലകളെ പോലെ ആണിന്റെ കരവിരുതിൽ
പൂവായി വിടരുന്നത് ഒക്കെ മനോരാജ്യമണിഞ്ഞ് 
ലജ്ജയോടെ ചുണ്ട് കൂർപ്പിച്ചു

ആച്ചേടത്തി ആകട്ടെ അതൊന്നും
കണ്ട ഭാവം നടിച്ചില്ല

തിരുവാതിരകളേറെ നോറ്റിട്ടും
മാസക്കുളിയേറെ കുളിച്ചിട്ടും
മണ്ണിടിയാത്ത രണ്ട്‌ കുന്നുകളെപ്പോലെ
അവ ആ നെഞ്ചിന്റെ ഓരം പറ്റി നിന്നു

അവസാനം ആച്ചേടത്തി മരിച്ചു കിടക്കുമ്പോൾ
വെള്ള തുണികൊണ്ടാരോ അവയെ മൂടി
അവയാകട്ടെ മണ്ണിന്നടിയിൽ നിന്ന്
വീണ്ടും മുളയ്ക്കുന്നതു സ്വപ്നം കണ്ടു 
കള്ളയുറക്കം നടിച്ചു കിടന്നു