kedarnathsingh

രണ്ടുമിനുട്ടു മൗനം

മൊഴിമാറ്റം: പി പി രാമചന്ദ്രന്‍

സഹോദരീ സഹോദരന്മാരേ
ഈ ദിവസം ഒടുങ്ങുകയാണ്
മരിക്കുന്ന ഈ ദിനത്തിന്
രണ്ടു മിനുട്ട് മൗനം

ചേക്കേറുന്ന പക്ഷിക്ക്
നിശ്ചലമായ ജലത്തിന്
ഇരുട്ടു വീഴുന്നതിന്
രണ്ടു മിനുട്ട് മൗനം

ഏതൊന്നിനോ അതിന്
ഏതൊന്നല്ലയോ അതിന്
ഏതൊന്നാകുമായിരുന്നോ അതിന്
രണ്ടു മിനുട്ടു മൗനം

വലിച്ചെറിഞ്ഞ തോലിന്
ചവുട്ടിയരച്ച പുല്ലിന്
എല്ലാ ആസൂത്രണങ്ങള്‍ക്കും
എല്ലാ പദ്ധതികള്‍ക്കും
രണ്ടു മിനുട്ട് മൗനം

മഹത്തായ ഈ നൂറ്റാണ്ടിന്
മഹത്തായ ഈ നൂറ്റാണ്ടിലെ
മഹത്തായ ഓരോ ആശയത്തിനും
മഹത്തായ അതിന്റെ വാക്കുകള്‍ക്കും
മഹത്തായ ലക്ഷ്യങ്ങള്‍ക്കും
രണ്ടു മിനുട്ട് മൗനം

സഹോദരീസഹോദരന്മാരേ
മഹത്തായ ഈ നേട്ടങ്ങള്‍ക്ക്
രണ്ടുമിനുട്ട് മൗനം