എനിക്ക് ആറു വയസ്സായ കാലത്ത് അമ്മമ്മയുടെ വീട്ടിലെ ഒഴിവുകാലങ്ങളിൽ ‍മേമ ഗോവണിപ്പടികൾ‍കയറുന്ന ശബ്ദങ്ങൾ ഏതോ ഗന്ധർ‍വരാജ്യത്തിലേക്കുള്ള കവാടങ്ങൾ തുറക്കുന്നതിന്റെ മന്ദ്രമധുരമായ നാദമായി എനിക്ക് അനുഭവപ്പെട്ടു. മേമയുടെ മുറിയിൽ ‍വീട്ടിയിൽതീർ‍ത്ത അലമാരയുള്ള ഒരു മേശ, മേശയിൽ കറുപ്പിൽ ‍വെളുത്ത ചെത്തുകളുള്ള കുപ്പിവളകൾ, വലിയ കറുത്ത പൊട്ടുകൾ, ചുവന്ന നെയിൽപോളിഷ് കുപ്പി, രാമചന്ദ്രൻ കണ്മഷി. ചുവപ്പും നീലയും ചട്ടകളുള്ള ഈഗിളിന്റെ തീരെച്ചെറിയ രണ്ടു നോട്ടുപുസ്തകങ്ങളിൽ ‍റേഡിയോയിൽനിന്നും പകർ‍ത്തിയെഴുതിയ സിനിമാപ്പാട്ടുകൾ വയലറ്റു മഷിയിൽ ‍വാസനിച്ചു. നിറക്കൂട്ടിലെ മമ്മൂട്ടിയെ പതിച്ചുവച്ച ഒരു കണ്ണാടി എപ്പോഴും മേമയെ നോക്കി. രാത്രിയായാൽ ‍മമ്മൂട്ടി പോലീസ് വേഷമണിഞ്ഞ് മേമയെ പ്രേമിക്കും. കെട്ടിപ്പിടിക്കുകയും ഉമ്മ വെയ്ക്കുകയും മീശ പിരിക്കുകയുമൊക്കെ ചെയ്യുന്നതിന്റെ ശബ്ദങ്ങൾ ‍ഗോവണിച്ചുവട്ടിൽനിന്ന് ഞാൻ
സ്ഥിരമായി കേട്ടുപോന്നു. മുകളിലേക്ക് കയറിപ്പോവാൻ എന്റെ വീട്ടിലൊരു മരക്കോവണിയില്ല. എനിക്ക് വീടില്ല.