anoopvs

മേതിൽ കവിതകൾ

മേതിൽ രാധാകൃഷ്ണന്റെ കവിതകളെ ഒരു വിചിത്രദർശിനിയായാണ് മലയാളസാഹിത്യലോകം കണക്കാക്കിപ്പോരുന്നത്. മലയാളിയുടെ ആസ്വാദനക്ഷമതയെ നിരന്തരം വെല്ലുവിളിക്കുകയും ആസ്വാദകന്റെ ഭാവനയെ കാലിഡോസ്കോപ്പിലെന്നവണ്ണം അമൂർത്തവും വർണ്ണസമ്പന്നവുമായ ഒന്നാക്കിത്തീർക്കുകയുമാണ് അദ്ദേഹം ചെയ്‍തത്. ആധുനികത മലയാളിയെ രൂപപ്പെടുത്തിയ കാലത്ത് അതിന് പ്രതികൂലമോ അനുകൂലമോ ആയ നിലപാടെടുക്കാതെ സമാന്തരമായ ഒറ്റയടിപ്പാതയാണ് മേതിൽക്കവിതകൾ നിർമിച്ചത്. അതോടൊപ്പം വായനക്കാരുമായി സൗഹൃദത്തിലാവുകയെന്ന പൊതുകവിധർമ്മം പാലിക്കാതിരിക്കുകയും ചെയ്തു. ആത്യന്തികമായി മേതിലിനെ വായിക്കുകയെന്നത് മലയാളിയെ സംബന്ധിച്ച് ഒട്ടും ലളിതമല്ലാത്ത കർമമായിത്തീർന്നു. വിജു വി നായരങ്ങാടി 'ഭൂമി എന്നും മരണത്തിന് എതിരായിരുന്നു' എന്ന ലേഖനത്തിൽ നിർവചിച്ചതുപോലെ മേതിൽ സ്വയമേവ വളർന്ന കവിതയും, കവിതയുടെ രാഷ്ട്രീയവുമായിരുന്നു.

തന്റെ കാവ്യജീവിതത്തിനിടയിലെ നിർണായകസന്ധിയിൽ വച്ച് താൻ മാർക്സിസ്റ്റല്ല ഡാർവിനിസ്റ്റാണ് എന്ന് സമ്മതിച്ചുകൊണ്ടാണ് മേതിൽ തന്റെ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്നത്. ഒച്ചുകളും മീനുകളും പഴുതാരകളുമടങ്ങുന്ന ലോകത്തിന്റെ രാഷ്ട്രീയമായിരുന്നു അത്. ഭൗമകേന്ദ്രിതം എന്ന് സാമാന്യമായി വിളിക്കാവുന്ന ഒന്ന്. നമ്മളറിയാതെ നമ്മെക്കടന്നുപോകുന്ന പരിണാമങ്ങളെയടക്കം ഉൾക്കൊള്ളുന്നതും മണൽത്തരികളുടെ ഇടത്തെപ്പറ്റി പ്രതിപാദിക്കുന്നതുമായ രാഷ്ട്രീയമായിരുന്നു അത്. എല്ലാ വസ്തുക്കൾക്കുമൊപ്പം അത്രയും സ്വാഭാവികമായാണ് മനുഷ്യനും ഭൂമിയോട് ചേർന്നുനിൽക്കുന്നതെന്ന് മേതിൽ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു. കുഴിയാനയുടെ കുഴി ഉരുവാകുന്ന പരിണാമത്തിന് സദൃശമായാണ് മനുഷ്യപരിണാമവും സംഭവിക്കുന്നത്. കുഴിയാനയുടെ കുഴി എത്രത്തോളം പ്രധാനമാണോ അത്രത്തോളം പ്രധാനമാണ് മനുഷ്യനും. എത്രത്തോളം അപ്രധാനമാണോ അത്രത്തോളം അപ്രധാനവും. താനുൾപ്പെടുന്ന ഗ്രഹത്തെ അതിനുള്ളിലിരുന്നുകൊണ്ട് ന്യൂട്രലായി നിരീക്ഷിക്കുകയാണ് മേതിൽ ചെയ്തത്. ന്യൂട്രലായി നോക്കുന്നു എന്നതിന് നിർവികാരമായാണ് കാണുന്നത് എന്നല്ല അർഥം. തന്റെ വൈകാരികതയെ,കൃത്യമായി പറഞ്ഞാൽ പ്രപഞ്ചത്തിന്റെ ഭാഗമായി നിൽക്കുന്ന തന്റെ വൈകാരികതയെ, പ്രപഞ്ചചലനം പോലെ സൂക്ഷ്മവും സന്തുലിതവുമായി മേതിൽ രേഖപ്പെടുത്തി. അതുകൊണ്ടുതന്നെ ആ കവിതകൾ വായനക്കാരെ ചിരിപ്പിക്കുകയോ കരയിക്കുകയോ ചെയ്തില്ല. മറിച്ച് അവരുടെ വിചാരമണ്ഡലത്തെ സമ്പന്നമാക്കി. മേതിൽ തന്റെ കവിതയിലൂടെ 'എല്ലാ ജീവികളെയും കൂട്ടിഘടിപ്പിച്ച ഒരു ജീവിയാണ് ഞാൻ' എന്ന് മനുഷ്യരെ നിരന്തരമായി ഓർമിപ്പിച്ചു. തന്റെ ആവാസവ്യവസ്ഥയ്ക്കകത്ത് പൊടിയണിഞ്ഞുകിടക്കുന്നവയുടെയെല്ലാം സ്വാതന്ത്ര്യമാണ് മേതിൽ സ്വപ്നം കണ്ടത്; ചേതനവും അചേതനവുമായ എല്ലാറ്റിന്റെയും സമമൂല്യത. വായനക്കാരുടെ കൈപ്പിടിയിൽ നിന്ന് നിരന്തരം വഴുതിമാറിക്കൊണ്ടാണ്‌ അദ്ദേഹം സംവദിക്കുന്നത്. നമുക്കിടയിൽ നിൽക്കുകയും എന്നാൽ സ്വയം വിച്ഛേദിക്കപ്പെടുകയും ചെയ്യുന്ന സത്തയാണ് മേതിൽ. 

എല്ലാ സാഹിത്യപ്രസ്ഥാനങ്ങളും സാമാന്യമായി മനുഷ്യകേന്ദ്രിതമാവുകയും ഒരു പരിധിവരെ മൃദുകാല്പനികതയെ ഉൾച്ചേർത്തിരിക്കുകയും ചെയ്തതായി കാണാം. എല്ലാ വിചാരയാത്രകളിലും മനുഷ്യൻ കാല്പനികനാവുന്നത് നമ്മുടെ ശ്രദ്ധയില്പെടാത്തത് അതൊരു സ്വാഭാവികതയായി നമ്മുടെ ബോധത്തിൽ ഉറച്ചുപോയതിനാലാണ്. മനുഷ്യനെക്കുറിച്ചുമാത്രം സംസാരിക്കുകയും ബാക്കിയുള്ളവ 'ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു' എന്ന മട്ടിൽ പ്രയോജകമാവുകയും ചെയ്യുന്നിടത്താണ് കാല്പനികത അതിന്റെ വേരുകളാഴ്ത്തുന്നതെന്ന് കാണാം. നമ്മളുണ്ടായതുകൊണ്ടാണ് കാല്പനികത സൃഷ്‌ടിച്ച പ്രകൃതിയും ഉണ്ടായത്. അതിനെ യാഥാർഥ്യമായി കല്പിക്കുക വയ്യ. ഉത്തരാധുനിക ഉത്തരാധുനിക സാഹിത്യത്തിൽപ്പോലും നമ്മുടെ ഇച്ഛയ്ക്കും വൈകാരികതയ്ക്കുമൊപ്പം ഉരുവാകുന്ന പ്രകൃതിയെത്തന്നെയാണ് കൂടുതലായും കാണാനാവുന്നത്. ഇത്തരമൊരു പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോഴാണ് മേതിൽ തന്റെ സാഹിത്യസപര്യയിലുടനീളം നടന്ന ഒറ്റയടിപ്പാതയുടെ സ്വതസിദ്ധത വ്യക്തമാവുക. പ്രപഞ്ചസൃഷ്ടിയായ മനുഷ്യൻ എന്ന ആശയത്തെ ഇത്രയധികം യുക്തിഭദ്രവും നിരന്തരവുമായി അവതരിപ്പിച്ച മറ്റൊരാളില്ല. അതുകൊണ്ടുതന്നെ ആ കവിതകൾ കാല്പനികതയുടെ സിരകൾ പടർത്തിയില്ല. മലയാളകവിതയിലെ ഏറ്റവും ശക്തമായ പ്രതികാല്പനികത അങ്ങനെയാണ് മേതിലിലൂടെ രൂപപ്പെട്ടത്. ഭാഷയിലും ആശയസ്വീകരണത്തിലും അവതരണത്തിലുമൊക്കെ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് പ്രതികാല്പനികതയെന്ന തന്റെ സ്ഥായീഭാവം മേതിൽ ഊട്ടിയുറപ്പിച്ചു. മേൽപ്പറഞ്ഞ പരീക്ഷണങ്ങൾ മലയാളകവിതയ്ക്ക് സൗന്ദര്യശാസ്ത്രപരമായ മാനം സമ്മാനിക്കുകയും ചെയ്തു. ചിരപുരാതനവും നിത്യനൂതനവുമായ ഒന്നായിരുന്നു അത്. കുളത്തിലെ മീനുകളെപോലെ ബുദ്ധിമുട്ടുന്നവന്റെ ചൂണ്ടയിൽ മാത്രം കുരുങ്ങുന്നതായിരുന്നു അവ. മീനുകളുടെ മന്ദമായ ഒഴുക്കും(floating) കയ്യിലെടുക്കാൻ ശ്രമിക്കുമ്പോഴുള്ള വഴുതിപ്പോകലുമാണ് മേതിൽക്കവിതകളുടെ സൗന്ദര്യശാസ്ത്രമെന്ന് ഒറ്റവാചകത്തിൽ പറയാം. മേതിൽ ഒന്നും ഉറക്കെപ്പറഞ്ഞില്ല. സൂര്യമൽസ്യത്തെ വിവരിക്കുന്നത്രയും പതിയെയാണ് അദ്ദേഹം വായനക്കാരോട് സംവദിച്ചത്. വായനക്കാരാകട്ടെ മേതിലിനെ വായിക്കുകയും അതേസമയം സൂര്യമൽസ്യത്തെ സുന്ദരമായി പുനസൃഷ്ടിക്കുകയും ചെയ്തു. ഭാഷയുടെയും ഭാവനയുടെയും ഇടയിലൂടെ ബാറ്റണുമായി ഓടുന്ന റിലേ ഓട്ടക്കാരായി വായനക്കാർ മാറി. 

സൗന്ദര്യശാസ്ത്രദർശനങ്ങളെ സാംസ്കാരികമണ്ഡലവുമായി കൂട്ടിയിണക്കുന്നതിനെയാണ് സൗന്ദര്യശാസ്ത്രപ്രയോഗം(Applied Aesthetics) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ഭാഷയിലൂടെയും ഭാവനയുടെയും സൃഷ്ടിക്കുന്ന സൗന്ദര്യാത്മകതയുടെ വാതിലിലൂടെ തന്റെ പ്രാപഞ്ചികസംസ്കാരമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയാണ് മേതിൽ. അതുകൊണ്ടുതന്നെ ഒന്നിനെയും കേന്ദ്രമാക്കാതെ അദ്ദേഹം തന്റെ രാഷ്ട്രീയത്തെ വെളിപ്പെടുത്തി. ഭാഷയുടെ സങ്കീർണ്ണസുന്ദരമായ സാധ്യതകളിലൂടെ തന്റെ കവിതയെ കലാസൃഷ്ടിയാക്കി മാറ്റുകയായിരുന്നു മേതിൽ. 'എത്യോപ്യ' എന്ന മേതിലിന്റെ കവിത ഇതിന് ഉദാഹരണമാണ്. 

"വേനലിൽ 
എന്റെ വരയൻകുതിരയുടെ 
പള്ളയിൽ നിന്നും 
ചതുരംഗക്കരുക്കൾ 
ഉരുകിയൊലിക്കുന്നു".

ഇവിടെ ഭാഷ സങ്കീർണ്ണസുന്ദരമായ ഒന്നായി പ്രയോഗസൗന്ദര്യശാസ്ത്രത്തിന്റെ കാവ്യപ്രതിനിധാനമായി മാറുന്നതുകാണാം. പ്രതികാല്പനികതയുടെ സൗന്ദര്യമാണത്. ഒറ്റനോട്ടത്തിൽ നിർവേദമെന്ന് തോന്നിക്കുകയും ഉള്ളിൽ വൈകാരികതയുടെ സ്വതസിദ്ധമായ കടലിനെയാവഹിക്കുകയും ചെയ്യുന്നു, അദ്ദേഹം. മേതിൽക്കവിതകൾ നിശ്ചലമായ ജലാശയത്തെയാണ് ഓർമിപ്പിക്കുന്നത്. ഒരു കല്ലെറിഞ്ഞ് അതിന്റെ സ്വസ്ഥത തകർക്കാൻ നമ്മളാഗ്രഹിക്കുന്നില്ല. ഏറെനേരം അതിന്റെ കരയിലിരിക്കുമ്പോൾ അറിയാതെ ഒരു ചെറിയ കല്ല് എടുത്തെറിയാനുള്ള ത്വരയുണ്ടാകുന്നതുപോലെ, കവിതയുടെ നിശ്ചലതയെ ഭംഗപ്പെടുത്തുമ്പോൾ മാത്രം അത് അതിരുകളുള്ളതും വൃത്താകൃതിയിലുള്ളതുമായ ഓളപ്പരപ്പാവുന്നത് നാം കാണും. ആ ഓളങ്ങളുടെ വടിവിൽനിന്നാണ് മേതിൽക്കവിതകളുടെ ചലനാത്മകത നാം അനുഭവിച്ചറിയുന്നത്. 

പരോളിലിറങ്ങി മുങ്ങിയ സമർത്ഥനായ ഒരു തടവുപുള്ളിയാകുന്നു മേതിൽക്കവിത. വായനക്കാരനെ നിയമപാലകന്റെ ജോലിയേൽപ്പിച്ചുകൊണ്ട് അവ സ്വാതന്ത്ര്യം ആഘോഷിക്കുന്നു. കള്ളനും പോലീസും കളിയുടെ സൗന്ദര്യം മുഴുവൻ അത് നൽകുകയും ചെയ്യുന്നു. ഭാഷയിൽ കുറ്റകരമെന്ന് വ്യാഖ്യാനിക്കപ്പെട്ട പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിയത്. പിടിയിലാകുമ്പോൾ കള്ളന്മാരുടെ ചെയ്തികൾ കുറ്റകൃത്യങ്ങളുടെ സൗന്ദര്യശാസ്ത്രമായി (Criminal Aesthetics) മാറുന്നതുപോലെ അവ ചെറുചിരിയുണർത്തി വായനക്കാരെ കടന്നുപോകുന്നു. സൗന്ദര്യാനുഭൂതിയെന്നത് അറിഞ്ഞതിനെക്കാളും അപ്പുറമെന്ന് ഓരോ തവണയും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. 

"നമുക്കൊരിക്കലുമാവില്ല 
വേണ്ടത്ര നഗ്നരാവാൻ. 
നാമെങ്ങനെ നമ്മെ 
ചെത്തിക്കൊണ്ടേയിരിക്കുന്നു. 
നഗ്നത ഇനിയത്തെ അടരിലാണ്. 
അല്ല, അടുത്ത അടരിലാണ്. 
അല്ല, അതിനും താഴെയാണ്....
നാം തേഞ്ഞുകൊണ്ടേയിരിക്കുന്നു. 
ഉടുപ്പുകൾ വലുതായിക്കൊണ്ടിരിക്കുന്നു. 
ഒടുവിൽ ഉടുപ്പുകൾക്കുള്ളിൽ 
നാമില്ലാതാവും... "

എന്ന് അപ്പവും വീഞ്ഞും എന്ന കവിതയിൽ മേതിൽ എഴുതുന്നു. പ്രണയത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെയും അപഹാസ്യതയാണത്. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതമെന്താണ് എന്ന യമധർമ്മന്റെ ചോദ്യത്തിന് യുധിഷ്ഠരൻ നൽകുന്ന ഉത്തരം മഹാഭാരതത്തിലുണ്ട്. "എന്തുതന്നെയായാലും എല്ലാവരും ഒരു ദിവസം മരിക്കും. എന്നിട്ടും ഒരിക്കലും മരിക്കില്ല എന്ന ഭാവത്തിലാണ് മനുഷ്യൻ ഓരോ ദിവസവും കാര്യങ്ങൾ ചെയ്തുകൂട്ടുന്നത്. അതിലും വലിയ മറ്റെന്തുണ്ട് ഗുരോ ? " - എന്ന്. പരമമായ ആ അത്ഭുതം തന്നെയാണ് തേഞ്ഞുതീരൽ എന്നതിലൂടെ മേതിലും അവതരിപ്പിക്കുന്നത്. മരണത്തിന്റെ പ്രത്യയശാസ്ത്രം നമ്മളെഴുതുന്നതല്ലെന്ന നിലയിൽ ഭൂമിയിലെ മനുഷ്യന്റെ ചെറുപ്പംകൂടി നമുക്കിതിൽ വായിക്കാം. വലിയവനെന്ന മനുഷ്യഭാവത്തെ തന്മാത്രയോളം ചെറുതാക്കുകയാണ് മേതിൽ ചെയ്തത്. മനുഷ്യന്റെ ആ ചെറുപ്പത്തിൽ ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും സന്തുലനം സാധ്യമാകുന്നുണ്ട്. ആ സന്തുലനമാണ് മേതിൽക്കവിതകളെ ഏറ്റവും പുതിയ കാലത്തുപോലും ചലനാത്മകമാക്കുന്നത്.