എനിക്കു വയ്യാ മീനായി
നീന്തി നീന്തി നടക്കുവാന്‍,
കുളിര്‍ത്തണ്ണീര്‍പ്പരപ്പിന്മേല്‍
നീലത്താമര പോലവേ
പൊങ്ങാനും വേരിനെപ്പോലെ
നീന്താനും മുങ്ങിടാനുമേ.

എനിക്കു പോണം, മണ്ണിന്റെ
മണം കോരിക്കുടിക്കണം;
പ്രതിബിംബിച്ച മാനത്തില്‍
മിന്നും നക്ഷത്രമാകണം.

പച്ചച്ച മാമരം നീരില്‍
ചൊരിവൂ പുഷ്പവെണ്‍മകള്‍;
അതുള്ള കൊമ്പില്‍ മൊട്ടായി
നിലാവേറ്റു തിളങ്ങണം.

എനിക്കു പോണം പുല്ലിന്റെ-
യറ്റത്തെപ്പുതുതുള്ളിയില്‍;
അതില്‍ ബിംബിച്ച സൂര്യന്റെ
വെട്ടം കൊണ്ടു വിളങ്ങണം

എനിക്കു വയ്യാ മീനായി
വെള്ളം മാത്രം രുചിക്കുവാന്‍
ശ്വസിക്കാന്‍, ജലകോശത്തി-
ലടക്കം ചെയ്ത പ്രാണനെ.

മണ്ണേ മണ്‍തരിയേ
വന്നു മറയുന്ന ദിനങ്ങളേ
എനിക്കു കാണണം കാലം
കറുത്തും വെണ്‍മയാര്‍ന്നുമേ
വീണ്ടും വീണ്ടും വരയ്ക്കുന്ന
കാലത്തിന്‍ ചിത്രഭൂപടം?

എനിക്കു വയ്യാ മീനായി-
ട്ടീയൊഴുക്കില്‍ത്തണുക്കുവാന്‍;
ജ്വലിക്കേണം രത്നകോടി-
പ്രഭയുള്ളൊരു മിന്നലായ്.