ishai

ഭ്രാന്തനുണ്ടായിരുന്നു ഒരു വീട്

മൊഴിമാറ്റം: പി രാമന്‍

ഭ്രാന്തനുണ്ടായിരുന്നു, ഒരു വീട്.
ഓടിച്ചുവിട്ടു.
കടവരാന്തകളുണ്ടായിരുന്നു.
വിരട്ടി വിട്ടു.

ഭ്രാന്തനുണ്ടായിരുന്നു
ഒരു പുളിമരത്തിന്റെ കരുണ.
വെട്ടിവീഴ്ത്തി.

ഉണ്ടായിരുന്നു, ഇടിഞ്ഞ പള്ളിക്കൂടത്തിന്റെ
ഇടിയാത്ത പകുതി.
അതു മുഴുവൻ ഇടിച്ചിട്ടു.

ഭ്രാന്തനുണ്ടായിരുന്നു, 
ഒരു ഗണപതിയമ്പല നട.
ഗണപതിക്കു ചതുർത്ഥിയും വന്നു.

ഭ്രാന്തനുണ്ടായിരുന്നു മൊട്ടപ്പറമ്പ്.
മഴയിതാ വന്നു വീശുന്നു.

പെട്ടിക്കടക്കാരുടെ കയ്യിൽ കമ്പും
ചായക്കടക്കാരുടെ കയ്യിൽ ചൂടുവെള്ളവുമുണ്ട്.
എന്നാലുമെന്ത്,
ഭ്രാന്തനുണ്ട് അവന്റെ ഭ്രാന്ത്.