എന്റെ വീടുവിട്ടു പോകാൻ
ആരുമെന്നോടു പറയുന്നില്ല.
എന്റെ ആപ്പീസു വാതിലുകൾ
എനിക്കു മുന്നിൽ അടയപ്പെട്ടിട്ടില്ല.
എന്റെ ഭാഷ സംസാരിക്കരുതെന്ന്
ആരുമെന്നോടു പറയുന്നില്ല.
എന്റെ വിഗ്രഹമെടുത്ത്
ആരും ആറ്റിലെറിയുന്നില്ല.
എന്റെ പുസ്തകം ആരും
എന്നിൽ നിന്നു പിടിച്ചുപറിയ്ക്കുന്നില്ല.
എന്റെ കാമുകിയെക്കാണുന്നതിൽ നിന്ന്
ആരുമെന്നെത്തടയുന്നില്ല.
എന്റെ നാട്ടിൽ നിന്ന്
ആരുമെന്നെ വിരട്ടിയോടിക്കുന്നില്ല.
എന്നാൽ ഇങ്ങനെയെല്ലാം നടന്ന പോലെ
എനിക്കു തന്നെ തോന്നുന്നു.