marinatsvetaeva

ബ്ലോക്കിന് ഒരു കവിത

മൊഴിമാറ്റം: പി രാമന്‍

നിന്റെ പേർ കൊച്ചു കിളിയായ്
ഒതുങ്ങുന്നെന്റെ കൈകളിൽ
നാവിന്മേലതു മഞ്ഞല്ലോ
ചുണ്ടുകൾക്കൊരനക്കവും

അഞ്ചു മുദ്രകൾ, അഞ്ചക്ഷ -
രങ്ങൾ നിൻ പേർ, കുതിക്കവേ
പിടിക്കപ്പെട്ട പന്തല്ലോ
വായിൽ മണി നിനാദവും.

കുളത്തിൻ നീല നിസ്തബ്ധ -
ജലത്തിൽ വന്നു വീഴ്കയാ -
ണൊരു കല്ല്, തുളുമ്പുന്നൂ
നിന്റെ പേരിന്റെ നീരല.

നിന്റെ പേരിടിനാദം പോൽ
രാക്കുളമ്പടിയൊച്ചയിൽ
അല്ലെങ്കിൽ നിറതോക്കൊഴിയും
മട്ടിലുള്ളാക്കടുസ്വനം
ഉച്ചരിക്കപ്പെടുന്നെന്റെ
നെറ്റിമേൽത്തന്നെ, നേരെയായ്

നിൻ നാമം: ഇളകാക്കൺപോ-
ളകളിൽ തണുചുംബനം
അരുവിക്കുളിർ വെള്ളത്തിൻ
ഒരിറക്ക്, അതു പ്രാവു പോൽ
നീലം, നിന്റെ പേരിന്റെ
ചൂഴവും ഗാഢനിദ്രയും