pmnarayanan

ഫുട്ബാള്‍

feature image

മൈതാനം നിറഞ്ഞുകവിഞ്ഞു.
ചുവപ്പു ജേഴ്സിയണിഞ്ഞ ഒന്നാം ടീമും
മഞ്ഞ ജേഴ്സിയണിഞ്ഞ രണ്ടാം ടീമും
ഗ്രൗണ്ടിലിറങ്ങി.
റഫറി വിസില്‍ വിളിച്ചു.
കിക്കോഫിനുശേഷം പന്ത്
മൈതാനമധ്യത്തില്‍ ഉരുണ്ടുകളിച്ചു.
ഒന്നാംടീമിന്റെ സെന്റര്‍ഫോര്‍വേഡ്
ഹാഫ് ലൈനിനെ വെട്ടിച്ചുകൊണ്ട്
രണ്ടാം ടീമിന്റെ പെനാല്‍ട്ടി ഏരിയായിലേക്ക്
തുളച്ചുകയറി.
പക്ഷെ, അതാ, അവിടെ ഒരു ഫൗള്‍.
റഫറി പെനാല്‍ട്ടി വിളിച്ചു.
രണ്ടാംടീമിന്റെ ഗോള്‍കീപ്പര്‍
ഗാര്‍ഡെടുത്തുനിന്നു.

അപ്പോള്‍, ഫുട്ബാള്‍ വിചാരിച്ചു.
ഇത്രകാലവും ഞാനിവരുടെ
ഇടിയും തൊഴിയുംകൊണ്ട്
മൈതാനത്തിലുരുണ്ടും
വായുവില്‍ തെന്നിക്കളിച്ചും
ഒരു വിഡ്ഢിയെപ്പോലെ ജീവിച്ചു.
ഒരുദിവസമെങ്കിലും എനിക്കും
എന്റെ ഇഷ്ടാനുസാരം ജീവിക്കണം.
ഒന്നാംടീമിന്റെ സെന്റര്‍ഫോര്‍വാഡ്
പന്തു നിലത്തുവെച്ച് ആഞ്ഞടിച്ചു.
രണ്ടാംടീമിന്റെ വലയിലേക്ക്
ശ്വാസമടക്കിപ്പിടിച്ചുകൊണ്ടു നോക്കിനിന്ന
കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട്
പന്തതാ മെല്ലെമെല്ലെ വായുവില്‍ ഉയരുന്നു.
ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ
പരിഹസിച്ചുകൊണ്ട്
പന്തതാ വായുവില്‍ ഒരു മഞ്ഞക്കിളിയെപ്പോലെ
കുരുങ്ങിക്കിടക്കുന്നു.
കളിയുടെ സമയം കഴിഞ്ഞിട്ടും
അവന്‍ താഴേക്കിറങ്ങിവന്നില്ല.
തങ്ങളുടെ പോയ കാശോര്‍ത്തു കാണികളും
തങ്ങളുടെ പോയ സമയമോര്‍ത്തു കളിക്കാരും
പന്തിനെ ശപിച്ചുകൊണ്ടു സ്ഥലം വിട്ടു.
തന്റെ വിജയലഹരിയില്‍
ഫുട്ബാള്‍ സ്വയം മറന്നു.
“ജീവിതം മുഴുവന്‍ എന്നെ വിഡ്ഢിയാക്കിയ
ഈ കളിക്കാരേയും ഈ കാണികളേയും
ഒരു ദിവസമെങ്കിലും
ഞാനും വിഡ്ഢികളാക്കിയല്ലോ.
ഒരുദിവസമെങ്കിലും സ്വേച്ഛയാ ജീവിച്ച
ലോകത്തിലെ ആദ്യത്തെ ഫുട്ബാള്‍
എന്ന ബഹുമതി എനിക്കുതന്നെ.
ഇനി എനിക്കു വിശ്രമിക്കാം.”
താഴേക്കിറങ്ങിവരുവാനും
സ്വപ്നങ്ങളെപ്പുണര്‍ന്നുകൊണ്ട്
ജീവിതം മുഴുവന്‍ ഉറങ്ങുവാനും
അവനാശിച്ചു.
പക്ഷേ, ഒരു കാര്യം അവനറിഞ്ഞില്ല.
ഭൂമിയുടെ ഗുരുത്വാകര്‍ഷണം
തനിക്ക് എന്നെന്നേക്കുമായി
നഷ്ടപ്പെട്ടുകഴിഞ്ഞുവെന്ന്.

പിറ്റേന്നും മൈതാനം നിറഞ്ഞുകവിഞ്ഞു.
ചുവപ്പുജേഴ്സിയണിഞ്ഞ ഒന്നാം ടീമും
മഞ്ഞ ജേഴ്സിയണിഞ്ഞ രണ്ടാം ടീമും
ഗ്രൗണ്ടിലിറങ്ങി.
അവര്‍ മറ്റൊരു ഫുട്ബാള്‍ കൊണ്ടുവന്നിരുന്നു.
കളി മുറുകുമ്പോള്‍,
കാണികളാര്‍ത്തു വിളിക്കുമ്പോള്‍,
തന്നിഷ്ടപ്രകാരം ജീവിച്ച പഴയ ഫുട്ബാള്‍
വായുവില്‍നിന്നും വിളിച്ചുപറഞ്ഞു:
“കാണികളേ, കളിക്കാരേ,
എന്നെയൊന്നു താഴെയിറക്കൂ -
എനിക്കൊരു വെറും ഫുട്ബാളായി ജീവിച്ചാല്‍മതി.”

അവന്റെ രോദനം അവര്‍ കേട്ടില്ല.
അവരവനെ ഇന്നലെത്തന്നെ
മറന്നുകഴിഞ്ഞിരുന്നു.
അവര്‍ ഇന്നത്തെക്കളിയില്‍
മുഴുകിയിരിക്കുകയായിരുന്നു
1980